പൂർണ്ണമായും തെറ്റാണ്! യൂറോപ്പിലേക്കുള്ള തന്റെ തിരിച്ചുവരവ് നിഷേധിച്ച് കരീം ബെൻസെമ | Karim Benzema

യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലേക്ക് തിരിച്ചുവരുമെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കരീം ബെൻസെമ. വിൻ്റർ ട്രാൻസ്ഫർ വിൻഡോ അവസാനത്തേക്ക് അടുക്കുമ്പോൾ ഫ്രഞ്ച് ഫോർവേഡിൻ്റെ ട്രാൻസ്ഫറിനെക്കുറിച്ച് ഊഹാപോഹങ്ങൾ വ്യാപകമാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ തുടങ്ങിയ സൂപ്പർ താരങ്ങളുടെ പാത പിന്തുടർന്ന് ബെൻസെമ കഴിഞ്ഞ വര്ഷം റയൽ മാഡ്രിഡുമായുള്ള തൻ്റെ നീണ്ട വിജയകരമായ സ്പെൽ അവസാനിപ്പിക്കുകയും അൽ-ഇത്തിഹാദുമായി വലിയ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.

സൗദി പ്രോ ലീഗ് ടീമുമായുള്ള നിലവിലെ കരാർ പ്രകാരം ബെൻസെമയ്ക്ക് 2026 വരെ മിഡിൽ ഈസ്റ്റിൽ തുടരാം.അവിടെയെത്തിയ ഉടൻ തന്നെ ബെൻസെമയെ അൽ-ഇത്തിഹാദിൻ്റെ ക്യാപ്റ്റനായി നിയമിച്ചു. സൗദി ക്ലബ്ബുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം അടുത്ത കാലത്തായി വഷളായതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ മാസം റൊണാൾഡോയുടെ നേതൃത്വത്തിലുള്ള അൽ-നാസറിനോട് അൽ-ഇത്തിഹാദ് 5-2 തോൽവി ഏറ്റുവാങ്ങിയതിന് ശേഷം, ബെൻസെമയ്‌ക്ക് കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു. ആരാധകർ ഇൻ്റർനെറ്റിൽ അപകീർത്തികരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തതോടെ താരത്തിന് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടയ്‌ക്കേണ്ടി വന്നു.

സംഭവത്തെ തുടർന്ന് ക്ലബ്ബ് അധികൃതരെ അറിയിക്കാതെ ബെൻസിമ ജിദ്ദ വിട്ടിരുന്നു. പല പരിശീലന സെഷനുകളിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.ഷെഡ്യൂൾ ചെയ്ത തീയതിക്ക് 17 ദിവസങ്ങൾക്ക് ശേഷം ബെൻസെമ രിശീലനത്തിനുള്ള ടീമിൽ വീണ്ടും ചേർന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിയോൺ, ചെൽസി, ആഴ്സനൽ തുടങ്ങിയ യൂറോപ്യൻ വമ്പൻമാർ വെറ്ററൻ സ്‌ട്രൈക്കറിൽ താൽപ്പര്യമുണ്ടെന്ന് കിംവദന്തികൾ പ്രചരിച്ചതോടെ ഫ്രഞ്ച് ഇൻ്റർനാഷണൽ അൽ-ഇത്തിഹാദുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചേക്കുമെന്ന് പലരും അനുമാനിച്ചു.

എൽ’ഇക്വിപ്പുമായുള്ള സമീപകാല ആശയവിനിമയത്തിനിടെ ബെൻസെമ ആ അവകാശവാദങ്ങളെ തിരിച്ചടിക്കുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിന് ഫ്രഞ്ച് മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു.“ഇത് പൂർണ്ണമായും തെറ്റാണ്! ഫ്രഞ്ച് മാധ്യമങ്ങൾക്ക് ഇനി എന്ത് കണ്ടുപിടിക്കണമെന്ന് അറിയില്ല” ബെൻസിമ പറഞ്ഞു.

ബെൻസെമയെ സ്വന്തം നാട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് മുൻ ക്ലബ് ലിയോൺ എന്ന് ദി അത്‌ലറ്റിക് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.ഫെബ്രുവരി 4 ന് കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസിൻ്റെ ക്വാർട്ടർ ഫൈനലിൽ അൽ ഫൈസലിയെ നേരിടുമ്പോൾ ബെൻസെമ വീണ്ടും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Rate this post