ഇനി കളിക്കാനുള്ളത് അഞ്ചു മത്സരങ്ങൾ , പ്ലെ ഓഫിൽ സ്ഥാനമുറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ബുദ്ധിമുട്ടും | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരു ഗോളിന്റെ വിജയമാണ് ബെംഗളൂരു നേടിയത്.കളിയുടെ ഭൂരിഭാഗം സമയത്തും കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തിയെങ്കിലും ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല.

89 ആം മിനുട്ടിൽ ഷിവാൾഡോ സിങ്ങും ജാവി ഹെർണാണ്ടസും ചേർന്ന് നടത്തിയ മുന്നേറ്റം ബംഗളൂരിവിനെ വിജയത്തിലെത്തിച്ചു. ഈ തോൽവി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങൾക്ക് കനത്ത തിരിച്ചടിയായി. ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണിത്. 2024 ലെ നാലാം തോൽവി കൂടിയാണിത്. 17 മത്സരങ്ങളിൽ നിന്നും 29 പോയിൻ്റുമായി കൊച്ചി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു മത്സരം കുറവ് കളിച്ച ഗോവ നാലാം സ്ഥാനത്താണുള്ളത്.

വിജയത്തോടെ 18 മത്സരങ്ങളിൽ നിന്നും 21 പോയിന്റുള്ള ബെംഗളൂരു ആറാം സ്ഥാനത്തെത്തി. വിജയത്തോടെ ബെംഗളൂരു എഫ്‌സിയുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമായി.കേരള ബ്ലാസ്റ്റേഴ്സിന് ഇനി ലീഗിൽ അഞ്ചു മത്സരങ്ങളാണ് കളിക്കാനുള്ളത്. അതിൽ രണ്ടു മത്സരങ്ങൾ കോച്ചിയിലാണ് കളിക്കാനുള്ളത്. മോഹൻ ബഗാൻ ഈസ്റ്റ് ബംഗാൾ എന്നിവർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ഹോം മൈതാനത്ത് കളിക്കും. ജംഷഡ്‌പൂർ ,നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഹൈദരാബാദ് എന്നിവർക്കെതിരെ അവരുടെ മൈതാനത്തും കളിക്കും. ഇനിയുള്ള ഓരോ മത്സര ഫലവും പ്ലേ ഓഫ് യോഗ്യതയിൽ നിര്ണായകമാവും. ഇന്നലത്തെ മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ ശേഷിക്കുന്ന മത്സരങ്ങളെക്കുറിച്ച് സംസാരിച്ചു.

“എല്ലാത്തിനുമൊടുവിൽ, കളി തോറ്റത് നിരാശാജനകമാണ്. നമുക്ക് കൂടുതൽ എന്തെങ്കിലും ലഭിക്കുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇന്നുറങ്ങുകയും വീണ്ടും പരിശ്രമം തുടരുകയും ചെയ്യും. മുൻനിര ടീമുകൾക്കൊപ്പം തുടരാനും പ്ലേഓഫിൽ കടക്കാനും ഞങ്ങൾക്ക് അഞ്ച് മത്സരങ്ങൾ കൂടി ശേഷിക്കുന്നു.” അദ്ദേഹം പറഞ്ഞു.മാർച്ച് പതിമൂന്നിന് കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ മുന്നിലുള്ള ഒരു ടീമിനെ മാത്രമാണ് ഇനി നേരിടാനുള്ള.

4.1/5 - (17 votes)