ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം, മെസിക്ക് പ്രശംസയുമായി ഇതിഹാസങ്ങൾ |Qatar 2022

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെ മെസി നടത്തിയ ഗംഭീര പ്രകടനത്തെ പ്രശംസിച്ച് പ്രീമിയർ ലീഗ് ഇതിഹാസങ്ങളായ റിയോ ഫെർഡിനാൻഡും അലൻ ഷിയററും. ഈ ലോകകപ്പിൽ കണ്ട ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ് മെസി ഓസ്ട്രേലിയക്കെതിരെ നടത്തിയതെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റിയോ ഫെർഡിനാൻഡ് പറഞ്ഞപ്പോൾ സ്റ്റേഡിയത്തിൽ നിന്നും മെസിയുടെ കളി കാണാൻ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് അലൻ ഷിയറർ പറഞ്ഞത്.

“മെസി ഈ ലോകകപ്പിൽ ഇതുവരെ ഞങ്ങൾ കണ്ട ഏറ്റവും ഗംഭീരമായ വ്യക്തിഗത പ്രകടനമാണ് ഓസ്ട്രേലിയക്കെതിരെ നടത്തിയത്. താരം മത്സരത്തിൽ ചെയ്തതിനെയെല്ലാം ദൈവത്തെപ്പോലെയാണ് കാണികൾ സ്വീകരിച്ചത്. മെസി ഓരോന്നു ചെയ്യുമ്പോഴും കാണികളുടെ പ്രതികരണങ്ങൾ ഞങ്ങൾക്കു കാണാൻ കഴിയുന്നുണ്ടായിരുന്നു.” ബിബിസിയോട് സംസാരിക്കുമ്പോൾ റിയോ ഫെർഡിനാൻഡ് പറഞ്ഞു.

“സ്റ്റേഡിയത്തിലിരുന്ന് മെസിയുടെ പ്രകടനം കാണാൻ സാധിച്ച ഞങ്ങൾ ഭാഗ്യവാന്മാരാണ്. രണ്ടാം പകുതിയിൽ എന്തൊരു കളിയാണ് മെസി കാഴ്ച വെച്ചത്. സഹതാരങ്ങൾക്ക് അവസരം ഒരുക്കി നൽകാനുള്ള മെസിയുടെ കഴിവും ആവേശവും ആഗ്രഹവും മികച്ചതാണ്. മെസിയാണ് വാർത്ത, പക്ഷേ ഓസ്ട്രേലിയയുടെ പ്രകടനവും മികച്ചതായിരുന്നു.” മുൻ ന്യൂകാസിൽ യുണൈറ്റഡ് താരമായ അലൻ ഷിയറർ പറഞ്ഞു.

ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയ മെസി രണ്ടാം പകുതിയിൽ ഓസ്ട്രേലിയൻ പ്രതിരോധത്തെ മുഴുവൻ നിഷ്പ്രഭരാക്കുന്ന കളിയാണു കാഴ്ച വെച്ചത്. ലൗടാരോ മാർട്ടിനസ് ലഭിച്ച അവസരം മുതലാക്കിയാൽ രണ്ട് അസിസ്റ്റുകളും മെസിക്ക് സ്വന്തമായേനെ. നിലവിൽ ലോകകപ്പിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്ത് മൂന്നു ഗോൾ നേടിയ മെസിയുമുണ്ട്.

Rate this post