അടുത്ത മത്സരത്തിൽ അർജന്റീന താരത്തിൽ നിന്നും പ്രതികാരം പ്രതീക്ഷിക്കാമെന്ന് ലയണൽ സ്കലോണി |Qatar 2022

ഓസ്ട്രേലിയക്കെതിരെ നടന്ന ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരത്തിനു ശേഷം അർജന്റീന താരമായ ലൗടാരോ മാർട്ടിനസിനെതിരെ രൂക്ഷമായ വിമർശനമാണ് ആരാധകർ നടത്തുന്നത്. മത്സരം സമ്മർദ്ദഘട്ടത്തിലേക്കു പോയ സമയത്ത് രണ്ട് സുവർണാവസരങ്ങൾ ലഭിച്ച താരം അതു രണ്ടും അവിശ്വസനീയമായ രീതിയിൽ നഷ്ടമാക്കിയിരുന്നു. അർജന്റീനക്ക് വിജയം ഉറപ്പിക്കാനുള്ള സാധ്യത നഷ്ടമാക്കിയതാണ് ലൗടാരോ മാർട്ടിനസിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരാനുള്ള പ്രധാന കാരണം.

സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകർ ലൗടാരോക്കെതിരെ വിമർശനങ്ങൾ നടത്തുന്നത്. താരത്തെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കി അർജന്റീനയിലേക്കു തിരികെ വിടണമെന്നും ഗോൺസാലോ ഹിഗ്വയ്ന്റെ പിൻഗാമിയാണ് ലൗടാരോ മാർട്ടിനസെന്നും പലരും പറയുന്നു. എന്നാൽ തന്റെ ടീമിലെ പ്രധാന സ്ട്രൈക്കറായിരുന്ന താരത്തിന് പൂർണ പിന്തുണ നൽകിയിരിക്കുകയാണ് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി.

ടീമിനെ നിരവധി തവണ രക്ഷിച്ചിട്ടുള്ള താരം ഒരു ദിവസം മോശം പ്രകടനം നടത്തിയതിന്റെ പേരിൽ വിമർശിക്കുന്നത് ശരിയല്ലെന്നും ലൗടാരോ മാർട്ടിനസ് ഇനിയും മികച്ച പ്രകടനം ടീമിനായി നടത്തി എല്ലാവർക്കും സന്തോഷം നൽകുമെന്നും സ്കലോണി പറയുന്നു. എല്ലാ കളിക്കാർക്കും ഒരു മോശം ദിവസം ഉണ്ടാകുമെന്നും ഇപ്പോഴത്തെ വിമർശനങ്ങൾക്ക് ലൗടാരോ പകരം വീട്ടുമെന്നും സ്കലോണി പറഞ്ഞു.

ലയണൽ സ്കലോണി പരിശീലകനായതിനു ശേഷം അർജൻറീന ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ രണ്ടാമത്തെ താരമാണ് ലൗടാരോ മാർട്ടിനസ്. എന്നാൽ ലോകകപ്പിൽ ഫോമിലേക്കു വരാൻ താരത്തിനു കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജൂലിയൻ അൽവാരസാണ് ലൗടാരോ മാർട്ടിനസിനു പകരം ആദ്യ ഇലവനിൽ ഇറങ്ങിയത്. രണ്ടു മത്സരത്തിലും താരം ഗോൾ നേടുകയും ചെയ്തു.

Rate this post