” വേൾഡ് കപ്പ് എന്ന സ്വപ്നം ഖത്തറിൽ സാക്ഷാത്കരിക്കാൻ മെസ്സിയും റൊണാൾഡോയും “| Qatar 2022

മനുഷ്യൻ എത്ര പുരോഗമിച്ചാലും, ലോകം മുഴുവൻ കീഴടക്കിയാലും, എത്ര യാന്ത്രികമായാലും, കവിതയും സൗന്ദര്യവും അല്പം മാജിക്കും ഇല്ലെങ്കിൽ ജീവിതത്തിന് അർത്ഥമില്ല. ജീവിതത്തിന് എന്താണോ കവിത, അതാണ് ഫുട്ബോളിന് മെസ്സിയും റൊണാൾഡോയും . എതോ ഒരു പ്രകൃതി ശക്തി പോലെ ആണ് ഇരുവരും കളിക്കുന്നത്. മനുഷ്യന്റെ തലച്ചോറിൽ അവന്റെ തന്ത്രങ്ങൾക്കും ബുദ്ധിക്കും അതീതമാണ് വർഷങ്ങളായി ഫുട്ബോൾ ലോകം ഭരിക്കുന്ന ഇരുവരുടെയും ശക്തി .

പുഴ പോലെ, കാറ്റ് പോലെ, ഒഴുകി നടന്ന് രണ്ട് പേരും നമ്മെ ആസ്വാദനത്തിെന്റെ മൂർദ്ധന്യാവസ്തയിൽ എത്തിക്കുന്നു. മനുഷ്യൻ തീർക്കുന്ന ഒരു തടസ്സവും അവർക്ക് എതിരല്ല. പ്രകൃതി സൗന്ദര്യം വീക്ഷിക്കുന്നത് പോലെ ,അനുഭവിക്കുന്നത് പോലെ, ഫുട്ബോളിലെ ആ മായജാലക്കാരെ ഗ്രൗണ്ടിൽ ഉള്ള കാലത്തോളം നമുക്ക് ആസ്വദിക്കാം

ഫുട്ബോളിൽ എല്ലാ കാലത്തും ഏറ്റവും മികച്ചവൻ ആരാണെന്ന് ഉള്ള തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്, വർഷങ്ങൾക്ക് മുമ്പ് അത് പെലെ മറഡോണ തമ്മിൽ ആയിരുന്നെങ്കിൽ ഓരോ കാലവും പേരുകളിൽ മാറ്റമുണ്ടായി. ഇപ്പോൾ 10 വർഷത്തിന് മുകളിലായി തർക്കങ്ങളിൽ നിലനിൽക്കുന്നത് റൊണാൾഡോയും മെസ്സിയും തന്നെ.ലോകഫുട്ബോൾ അടക്കി ഭരിക്കുന്ന രാജാക്കന്മാർ കളിക്കുമ്പോൾ തന്നെ ഇതിഹാസങ്ങളുടെ പട്ടികയിൽ എത്തിയിരിക്കുകായാണ് ഇരുവരും.ആരാണ് മികച്ചവൻ എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

കരിയറിന്റെ അവസാന ഘട്ടത്തിലും മികച്ച ഫോമിൽ കളിക്കുന്ന ഇരുവർക്കും പകരം വെക്കാൻ താരങ്ങൾ വളർന്നു വരുമോ എന്ന കാര്യവും സംശയമാണ്. ദേശീയ ടീമിനായി അരങ്ങേറി 15 വർഷത്തിലധികമായി ഏറ്റവും മികച്ച താരമായി നിലനിൽക്കാനുള്ള കഴിവ് പ്രശംസനീയമാണ്. 10 വര്‍ഷം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് പരസ്പരം പങ്കുവെച്ച ഈ രണ്ടു കളിക്കാരില്‍ നിന്നും ഒരാളെ മികച്ചവനാക്കി തെരഞ്ഞെടുക്കുക ദുഷ്‌കരമായിരിക്കും.രണ്ടു കളിക്കാരും രണ്ടു ശൈലിയില്‍ കളിക്കുന്നവരും ഫുട്‌ബോള്‍ മികവില്‍ വ്യത്യസ്തരുമായതിനാല്‍ മികവുറ്റ കളിക്കാരന്‍ ആരെന്ന തര്‍ക്കം നിലനില്‍ക്കുന്നു.

ഹംഗറിക്കെതിരെ 2005 ൽ സൗഹൃദ മത്സരത്തിലാണ് മെസ്സി ആദ്യമായി അര്ജന്റീന ജേഴ്സിയണിയുന്നത്. ദേശീയ ടീമിനായി 160 മത്സരങ്ങൾ കളിച്ച മെസ്സി 81 ഗോളുകളും 49 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. അർജന്റീനയുടെ എക്കാലത്തെയും ടോപ് സ്കോററും മെസ്സിയാണ്. 2003 ൽ കസാക്കിസ്ഥാനെതിരെയാണ് റൊണാൾഡോ ആദ്യമായി പോർച്ചുഗീസ് ജേഴ്സിയണിയുന്നത്. 2004 ൽ യൂറോ കപ്പിൽ ഗ്രീസിനെതിരെയാണ് ആദ്യ അന്തരാഷ്ട്ര ഗോൾ നേടുന്നത്.186 മത്സരം കളിച്ച റോണോ 115 ഗോളുകളും 32 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു.അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും റൊണാഡോ തന്നെ. അന്താരഷ്ട്ര ഫുട്ബോളിൽ കിരീടങ്ങളുടെ കാര്യം എടുത്താൽ ഒളിമ്പിക്സ് സ്വർണവും കോപ്പ അമേരിക്കയും മെസ്സി സ്വന്തമാക്കിയപ്പോൾ യൂറോ കപ്പും,യുവേഫ നേഷൻസ് ലീഗും റോണോ നേടി.

ഇരുതാരങ്ങളെയും സംബന്ധിച്ചും കരിയറിന്റെ അവസാന ഘട്ടത്തിൽ നിൽക്കുന്നതിനാൽ തന്നെ 2022 ഖത്തർ ലോകകപ്പ് അവസാന ടൂർണമെന്റ് ആകും. ലോകത്തിന് മുന്നിൽ ഇരുവർക്കും തെളിയിക്കാൻ ഒന്നും ഉള്ളതായി തോന്നുന്നില്ല. ദേശിയ ടീമിനായി കിരീടം നേടിയിട്ടില്ല അവസാന പരാതി മെസ്സി തീർത്തതോടെ ഇനി ചോദ്യങ്ങൾക്ക് പ്രസക്തി ഇല്ല,രണ്ട് പേർക്കും വളരെ ഫ്രീയായി കളിയ്ക്കാൻ പറ്റുന്ന ലോകകപ്പ് ആയതിനാൽ ഇരുവരുടെയും ഏറ്റവും മികച്ച പ്രകടനം കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. ഇരുതാരങ്ങളെയും മാത്രം ആശ്രയിച്ച് കളിക്കുന്ന രീതിയിൽ നിന്ന് ടീമുകൾ മാറ്റം വരുത്തിയിട്ടുണ്ട് . പ്ലേമേക്കർ റോളിൽ മെസ്സി മിന്നുമ്പോൾ ഏത് നിമിഷവും ഗോൾ അടിക്കാൻ സാധ്യതയുള്ള താരമായി റൊണാൾഡോയും,ഇരുതാരങ്ങളുടെയും നിലവിലെ ഫോമിൽ രണ്ട് പേരും തിളങ്ങുമെന്ന് പ്രതീക്ഷിക്കാം,എല്ലാം നേടിയവരിൽ ആർക്കാവും ലോകകിരീടത്തിൽ മുത്തമിടാൻ ഭാഗ്യം?.

Rate this post