ഒരു ലോകകപ്പിലെ 4 നോക്കൗട്ട് മത്സരങ്ങളിലും ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരനായി ലയണൽ മെസ്സി |Qatar 2022

ലുസൈൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ കീഴടക്കി അര്ജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് ഉയർത്തിയിരിക്കുകയാണ്. ഫൈനലിൽ രണ്ടു ഗോളുകൾ നേടി മിന്നുന്ന പ്രകടനം പുറത്തെടുത്ത ലയണൽ മെസ്സിയുടെ ഫുട്ബോൾ കരിയറിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിൽ ഒന്ന് തന്നെയായിരുന്നു ഈ വിജയം.

ഫൈനൽ ഗോൾ നേടിയതോടെ ഒരു ലോകകപ്പിലെ നാല് നോക്കൗട്ട് ഗോളുകളിലും സ്കോർ ചെയ്യുന്ന ചരിത്രത്തിലെ ആദ്യ കളിക്കാരൻ എന്ന അതുല്യമായ നേട്ടം മെസ്സി നേടി. ഓസ്‌ട്രേലിയയ്‌ക്കെതിരായ റൗണ്ട് ഓഫ് 16-ൽ ഓപ്പൺ പ്ലേയിൽ നിന്ന് അർജന്റീന സൂപ്പർ താരം ഗോൾ നേടി, നെതർലൻഡ്‌സിനെതിരായ ക്വാർട്ടർ ഫൈനൽ, ക്രൊയേഷ്യയ്‌ക്കെതിരായ സെമി-ഫൈനൽ, ഫ്രാൻസിനെതിരായ ഫൈനൽ എന്നിവയിൽ പെനാൽറ്റി സ്‌പോട്ടിൽ നിന്ന് വലകുലുക്കി.ലോകകപ്പിൽ ഏഴു ഗോളുകളിൽ മെസ്സിയുടെ നാല് ഗോളുകൾ പിറന്നത് പെനാൽറ്റി സ്പോട്ടിൽ നിന്നായിരുന്നു.

പോളണ്ടിനെതിരെയുള്ള ഗ്രൂപ്പ് മത്സരത്തിൽ മെസ്സി പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു. ഇന്ന് നേടിയ ഇരട്ട ഗോളുകളോടെ ലോകകപ്പിൽ മെസ്സിയുടെ ഗോൾ നേട്ടം 13 ആയി മാറുകയും ചെയ്തു.ഇപ്പോൾ നടക്കുന്ന പതിപ്പിന് മുമ്പുള്ള ഫിഫ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ മെസ്സിക്ക് ഒരു ഗോൾ പോലും ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. ഇതിന് മുമ്പ് നാല് ലോകകപ്പുകളിൽ കളിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഒരു മത്സരത്തിലും ഗോൾ നേടാനായില്ല.2014 എഡിഷനിൽ അർജന്റീന ഫൈനലിൽ ജർമ്മനിയോട് 1-0 ന് തോറ്റപ്പോൾ പ്ലെയർ ഓഫ് ദ ടൂർണമെന്റ് (ഗോൾഡൻ ബോൾ) അവാർഡ് അദ്ദേഹം നേടി.അസാമാന്യ ഫോമിലായിരുന്ന ഖത്തറിൽ ഒരിക്കൽ കൂടി ഗോൾഡൻ ബോൾ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് മെസ്സി.

മെസ്സി ജർമ്മനിയുടെ ലോതർ മത്തൗസിനെ മറികടന്ന് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായി. മുൻ ബാഴ്‌സലോണ ഫോർവേഡ് ലോകകപ്പിൽ തന്റെ 26-ാം മത്സരത്തിനാണ് ഇറങ്ങിയത്.ലോകകപ്പിന്റെ അഞ്ച് പതിപ്പുകളിൽ അസിസ്റ്റ് റെക്കോർഡ് ചെയ്ത ഏക കളിക്കാരൻ കൂടിയാണ് മെസ്സി. അസിസ്റ്റുകളുടെ കാര്യത്തിൽ ബ്രസീലിന്റെ ഇതിഹാസ താരം പെലെയ്ക്ക് പിന്നിലാണ് സ്ഥാനം.ഫൈനലിൽ നേടിയ രണ്ടാം ഗോളോടെ ബ്രസീലിയൻ ഇതിഹാസം പെലെയുടെ ലോകകപ്പിലെ ഗോൾ റെക്കോർഡ് മെസ്സി തകർത്തു.ലോകകപ്പിൽ പെലെ 12 ഗോളുകൾ നേടിയിരുന്നു. 26 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകളാണ് അർജന്റീനിയൻ താരം നേടിയത്.2006ൽ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച മെസ്സി 17 വർഷത്തിന് ശേഷമാണ് കിരീടം നേടുന്നത്.