ലോകകപ്പിന് യോ​ഗ്യത നേടുന്ന ആദ്യ ടീമായി ജർമനി ; ഗോൾ വർഷവുമായി ഓറഞ്ച് പട

2022 ഖത്തർ ലോകകപ്പിനായി യോഗ്യത നേടുന്ന ആദ്യ ടീമായി മാറി ജർമ്മനി. നോർത്ത് മാസെഡോണിയയെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ജർമ്മനി ഈ നേട്ടം സ്വന്തമാക്കിയത്. തീമോ വെർണർ ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റു ഗോളുകൾ നേടിയത് കൈ ഹാവേർട്സും ജമാൽ മുസിയലയുമാണ്. ജർമ്മൻ ദേശീയ ടീമിന് വേണ്ടിയുള്ള ജമാൽ മുസിയലയുടെ കന്നിഗോളാണ് ഇന്നത്തേത്.

കളിയിലെ നാല് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയിൽ പലതവണ അവസരങ്ങൾ ലഭിച്ചെങ്കിലും ജർമ്മനിക്ക് ഗോളടിക്കാനായിരുന്നില്ല. കൈ ഹാവേർട്സ് ഗോളിന് മുള്ളർ വഴിഴൊരുക്കി. പിന്നാലെ മൂന്ന് മിനുട്ടിൽ ഇരട്ട ഗോളുകൾ നേടി വെർണർ ജർമ്മനിയുടെ ജയം ഉറപ്പിച്ചു. പകരക്കാരനായി എത്തിയ 18കാരൻ ജമാൽ മുസിയല ജർമ്മനിയുടെ നാലാം ഗോളും നേടി. മാനുവൽ നുയറിന്റെ കരിയറിലെ 46ആം ക്ലീൻ ഷീറ്റായിരുന്നു ഇന്നത്തേത്. രണ്ട് മത്സരം ബാക്കി നിൽക്കെ ഖത്തർ ലോകകപ്പിന് ജർമ്മനി യോഗ്യത നേടുകയും ചെയ്തു. ഹാൻസി ഫ്ലിക്കിന് കീഴിൽ അഞ്ച് കളികളിൽ അഞ്ചു ജയിക്കുകയും 17 ഗോളടിക്കുകയും ചെയ്തു ജർമ്മനി.

മറ്റൊരു മത്സരത്തിൽ ജിബ്രാൾട്ടറിനെ എതിരില്ലാത്ത ആറ് ​ഗോളിന് നെതർലൻഡ്സ് തകർത്തെറിഞ്ഞു. ഡച്ച് പടയ്ക്കായി മെംഫിസ് ഡിപെ ഇരട്ടഹോൾ നേടി. വിർജിൽ വാൻ ഡൈക്ക്, ഡെൻസിൽ ‍ഡംഫ്രീസ്, അർനാട് ഡാന്യൂമ, ഡോൺയെൽ മാലെൻ എന്നിവരും ​ഗോളുകൾ നേടി.

ലോകകപ്പ് യോ​ഗ്യതാറൗണ്ടിലെ മറ്റ് പ്രധാന മത്സരങ്ങളിൽ റഷ്യ സ്ലോവേനിയയേയും ഐസ്ലാൻഡ് ലിച്ചൻസ്റ്റൈനേയും നോർവെ മോണ്ടിനെ​ഗ്രോയേയും ചെക്ക് റിപ്പബ്ലിക്ക് ബലാറസിനേയും തുർക്കി ലാത്വിയയേയും തോൽപ്പിച്ചു. അതേസമയം ക്രൊയേഷ്യയെ സ്ലോവാക്യ സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി.

Rate this post