“ലോകത്തിലെ ഏറ്റവും മികച്ചവൻ ” ; മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ പ്രശംസിച്ച് റാൽഫ് റാംഗ്നിക്ക്

ന്യൂകാസിൽ യുണൈറ്റഡിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്ക് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയയെ പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂ കാസിലിനോട് 1 -1 സമനില വഴങ്ങിയിരുന്നു.

അലൻ സെന്റ് മാക്സിമിന്റെ അവിശ്വസനീയമായ ഗോളിൽ ന്യൂകാസിൽ യുണൈറ്റഡ് മത്സരത്തിൽ നേരത്തെ ലീഡ് നേടി. എഡ്ഡി ഹോവിന്റെ സംഘം നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പലപ്പോഴും പതറുന്നതായി കാണാമായിരുന്നു. മൽസരത്തിൽ രണ്ടാം ഗോൾ നേടുന്നതിനടുത്തെത്തിയ സെന്റ്-മാക്സിമിനെതിരെയുള്ള സേവ് മാത്രം മതി ഡേവിഡ് ഡി ഗിയയുടെ മികവ് മനസ്സിലാക്കാൻ.ഡെ ഹെയയുടെ തകർപ്പൻ സേവുകളും സമയോചിതമായ ഇടപെടലകളും ഇല്ലെങ്കിൽ റെഡ് ഡെവിൾസിന്റെ അവസ്ഥ ഇതിലും ദയനീയമായേനെ. പരസ്പര ധാരണയും ആശയവിനിമയവും ഇല്ലാത്ത ഡിഫൻസിനെ മുന്നിൽ നിർത്തി ഡേവിഡ് നടത്തിയ അവിശ്വസ്നീയമായ ഒറ്റയാൾ പോരാട്ടങ്ങൾ വിവരിക്കാൻ വെറും വാക്കുകൾ മതിയാകില്ല.

71-ാം മിനിറ്റിൽ എഡിൻസൺ കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില നേടിക്കൊടുത്തു. ന്യൂ കാസിൽ താരം മിഗ്വൽ അൽമിറോണിനെതിരെയും ഡി ഗിയ ഒരു തകർപ്പൻ സേവ് നടത്തി.തന്റെ ടീമിന്റെ നിരാശാജനകമായ പ്രകടനത്തിന് ശേഷം റാൽഫ് റാങ്‌നിക്ക് അസ്വസ്ഥനായി കാണപ്പെട്ടു. “നോർവിച്ചിലെ ഗെയിമിന് സമാനമായി ഡേവിഡ് ഡി ഗിയയിൽ നിന്ന് വീണ്ടും രണ്ടോ മൂന്നോ മികച്ച സേവുകൾ ഉണ്ടായിരുന്നു, പക്ഷേ ഞങ്ങൾക്ക് രണ്ടാമത്തെ ഗോൾ നേടാനുള്ള അവസരവും ഉണ്ടായിരുന്നു.തീർച്ചയായും ഡേവിഡ് ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്, നോർവിച്ചിലും ഇന്നത്തെ കളിയിലും അദ്ദേഹം അത് കാണിച്ചു,” റാംഗ്നിക്ക് Manutd.com-നോട് പറഞ്ഞു.

കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഡീൻ ഹെൻഡേഴ്സണ് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഡി ഗിയ.എന്നിരുന്നാലും, 2021-22 കാമ്പെയ്‌നിന്റെ അവസാനത്തോടെ സ്പെയിൻകാരൻ ക്ലബ്ബിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി തന്റെ സ്ഥാനം തിരിച്ചുപിടിച്ചു, അതിനുശേഷം മിന്നുന്ന ഫോമിലാണ്.ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് 31-കാരൻ. ഈ സീസണിൽ ക്ലബ്ബിനായി ഒറ്റയ്ക്ക് നിരവധി മത്സരങ്ങളിൽ തോൽ‌വിയിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.

റാൽഫ് റാംഗ്നിക്കിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ആദ്യ രണ്ട് പ്രീമിയർ ലീ മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസിനും നോർവിച്ച് സിറ്റിക്കുമെതിരെ 1-0 ന് രണ്ട് വിജയങ്ങൾ നേടിയിരുന്നു. എന്നാൽ ന്യൂ കാസിലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശയങ്ങളും ആക്രമണ ശക്തിയും ഇല്ലായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും കളിയിൽ സ്വാധീനം ചെലുത്തുന്നതിൽ പരാജയപെടുകയും ചെയ്തു.മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗുന്നർ സോൾസ്‌ജെയറിനു കീഴിൽ നേരിട്ട അതേ പ്രശ്‌നങ്ങൾ ഇപ്പോഴും അഭിമുഖീകരിക്കുന്നു എന്ന് തെളിയിക്കുന്നതെയിരുന്നു ഇന്നലത്തെ മത്സരം.

Rate this post