ലയണൽ മെസിയുടെ ഒരു പോരായ്മ ഹോളണ്ടിനു സാധ്യത നൽകുമെന്ന് ലൂയിസ് വാൻ ഗാൽ |Qatar 2022
ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇന്നു നടക്കാൻ പോകുന്ന രണ്ടു പ്രീ ക്വാർട്ടർ മത്സരങ്ങൾ കൂടി കഴിഞ്ഞാൽ വെള്ളിയാഴ്ച മുതൽ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. ക്വാർട്ടർ ഫൈനലിൽ രണ്ടാമതു നടക്കുന്ന പോരാട്ടത്തിൽ അർജന്റീനയും നെതർലൻഡ്സും തമ്മിലാണു മത്സരിക്കുന്നത്. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണത്.
2014 ലോകകപ്പിന്റെ സെമി ഫൈനലിൽ ഹോളണ്ടിനെ അർജന്റീന കീഴടക്കിയിരുന്നു. അർജന്റീന ഗോൾകീപ്പർ റൊമേരോ ഹീറോയായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് നെതർലൻഡ്സ് തോൽവി വഴങ്ങിയത്. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിനു തയ്യാറെടുക്കുമ്പോൾ നെതർലൻഡ്സിന്റെ പ്രധാന ഭീഷണി മികച്ച ഫോമിൽ കളിക്കുന്ന ലയണൽ മെസിയാണ്. എന്നാൽ മെസിയെ തടുക്കാൻ കഴിയുമെന്നു തന്നെയാണ് വാൻ ഗാൽ പറയുന്നത്.
“മെസി ഏറ്റവും മികച്ച ക്രിയേറ്റീവ് പ്ലേയറാണ്. ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുന്ന താരത്തിന് നിരവധി ഗോളുകൾ നേടാനും കഴിയുന്നു. എന്നാൽ പന്തു നഷ്ടമായാൽ മെസി പിന്നീട് കളിയിൽ അധികം പങ്കെടുക്കില്ല. ഇതു ഞങ്ങൾക്ക് അവസരം നൽകുന്നു. താരത്തെ എങ്ങിനെ തടുക്കുമെന്ന് വെള്ളിയാഴ്ച നിങ്ങൾ കാണും, ഞാൻ പറയില്ല.” വാൻ ഗാൽ പറഞ്ഞു.
Louis van Gaal believes Lionel Messi has a weakness for Argentina that his Netherlands side can exploit in their upcoming World Cup quarter-final https://t.co/WQ7ZfuUYjS
— Mirror Football (@MirrorFootball) December 6, 2022
വെള്ളിയാഴ്ചത്തെ മത്സരത്തിൽ രണ്ടു ടീമുകൾക്കും ഒരേ സാധ്യതയാണുള്ളത്. പതിവിനു വിപരീതമായി യുഎസ്എക്കെതിരെ വാൻഗാൽ പ്രതിരോധ ശൈലിയിൽ കളിച്ചതിലൂടെ ഏതു തന്ത്രവും പയറ്റാൻ തനിക്കു കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. അർജൻറീനക്കെതിരെ നെതർലൻഡ്സിന്റെ പ്രതീക്ഷയും വാൻ ഗാലിന്റെ തന്ത്രങ്ങളിൽ തന്നെയാണ്.