പോർച്ചുഗൽ താരം സിറ്റിയിലേക്ക്,ഫലമായി സൂപ്പർ താരം ബാഴ്സയിലേക്കെത്താൻ സാധ്യതകളേറുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധനിരയിലേക്ക് പുതിയൊരു താരത്തെ എത്തിച്ചിരിക്കുകയാണ് പെപ് ഗ്വാർഡിയോള. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ബെൻഫിക്കയുടെ പോർച്ചുഗീസ് ഡിഫൻഡർ റൂബൻ ഡയസ് ഈ ആഴ്ച്ചയിൽ തന്നെ സിറ്റിയിലേക്ക് എത്തിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു കഴിഞ്ഞു. അൻപത് മില്യണും കൂടെ നിക്കോളാസ് ഓട്ടമെന്റിയെയുമാണ് സിറ്റി ബെൻഫിക്കക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഈ ഓഫർ ബെൻഫിക്ക സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല റൂബൻ ഡയസ് ക്ലബ്ബിനോട് അനൗദ്യോഗികവിടപറച്ചിൽ നടത്തുകയും ചെയ്തിട്ടുണ്ട്. സെന്റർ ഡിഫൻഡറായ താരത്തിന്റെ വരവ് പെപ്പിന് ആശ്വാസമാവും. അതേ സമയം ഒരർത്ഥത്തിൽ ഈ ട്രാൻസ്ഫർ ഗുണകരമാവുക എഫ്സി ബാഴ്സലോണക്കാണ്. ബാഴ്‌സ നോട്ടമിടുന്ന താരത്തെ ക്ലബ്ബിൽ എത്തിക്കാൻ ഈ ട്രാൻസ്ഫർ സഹായിച്ചേക്കും.

പ്രതിരോധനിര താരമായ എറിക് ഗാർഷ്യയെ ബാഴ്‌സ തിരികെ എത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ട് നാളുകൾ ഏറെയായി. എന്നാൽ ഫലം കണ്ടിരുന്നില്ല. മെസ്സി ട്രാൻസ്ഫർ വാർത്തകൾ നിലച്ചതോടെ ഗാർഷ്യയുടെ വാർത്തകളും നിലച്ചിരുന്നു. എന്നാൽ ആ ശ്രമങ്ങൾ വീണ്ടും ആരംഭിക്കാനുള്ള അവസരമാണ് ഇപ്പോൾ ബാഴ്സക്ക് കൈവന്നിരിക്കുന്നത്.അത്‌ കൊണ്ട്തന്നെ ബാഴ്‌സ ഗാർഷ്യക്ക് വേണ്ടി ഒന്നൂടെ ശ്രമങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്യുന്നു. ഡയസ് വന്നതോടെ ഗാർഷ്യയുടെ കാര്യത്തിലുള്ള നിലപാട് സിറ്റി മയപ്പെടുത്തുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്.

ഈ ട്രാൻസ്ഫർ ജാലകത്തിൽ കൂമാൻ ഒഴിവാക്കാൻ ഉദ്ദേശിക്കുന്ന സാമുവൽ ഉംറ്റിറ്റിയുടെ സ്ഥാനത്തേക്കാണ് ഗാർഷ്യയെ ബാഴ്സ പരിഗണിക്കുന്നത്. അതേ സമയം ഫുൾ ബാക്ക് ആയ സെർജിനോ ഡെസ്റ്റ് ബാഴ്‌സയിൽ ഉടൻ എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താരത്തിന്റെ വരവോട് കൂടി ബാഴ്സയിലെ ഡിഫൻസീവ് പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് കൂമാൻ കരുതുന്നത്. ഗാർഷ്യയെ എത്തിക്കാൻ കഴിഞ്ഞാൽ അത്‌ ബാഴ്‌സയെ കൂടുതൽ ശക്തരാക്കും.

Rate this post