മാർക്കോ വെറാറ്റി :❝ ഇറ്റാലിയൻ മിഡ്ഫീൽഡിലെ സൂപ്പർ എഞ്ചിൻ ❞
വേൾഡ് കപ്പിൽ നാല് തവണ കിരീടം നേടിയെങ്കിലും യൂറോ കപ്പിൽ ഒരു വിജയം മാത്രമാണ് ഇറ്റലിക്ക് സ്വന്തമാക്കാനായത്. 1968 ൽ കിരീടം നേടിയതിന് ശേഷം രണ്ടു തവണ കലാശ പോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും വീണു പോവാനായിരുന്നു വിധി. എന്നാൽ ഇത്തവണ കിരീടം ഉറപ്പിച്ചു തന്നെയാണ് ഇറ്റലി ഇറങ്ങുന്നത്.ഞായറാഴ്ച വെബ്ലിയിൽ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോൾ സമ്മർദത്തെ അതിജീവിക്കുന്ന ടീം കിരീടം ഉയർത്തും എന്ന കാര്യത്തിൽ സംശയമില്ല . കഴിഞ്ഞ 33 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുന്ന ഇറ്റലിക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. ഇറ്റാലിയൻ മിഡ്ഫീൽഡിലെ നേടും തൂണായ മാർക്കോ വെറാറ്റിയുടെ അഭിപ്രായത്തിൽ യൂറോ 2020 ഫൈനൽ “ചരിത്രം സൃഷ്ടിക്കുന്ന” മത്സരമായിരിക്കും എന്നാണ്.
കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ടൂർണമെന്റ് നഷ്ടപ്പെടുമെന്ന ഭയപ്പെട്ടിരുന്ന കഠിനാധ്വാനിയായ പാരിസ് സെന്റ് ജെർമെയ്ൻ മിഡ്ഫീൽഡർ വെയ്ൽസിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ ടീമിലേക്ക് തിരിച്ചു വന്ന 28 കാരൻ മികച്ച പ്രകടനമാണ് പിന്നീടുള്ള മത്സരങ്ങളിൽ പുറത്തടുത്തത്. പരിക്ക് മൂലം 2016 ലെ യൂറോ കപ്പ് നഷ്‌ടമായ വെറാറ്റിക്ക് യൂറോ 2020 ആരംഭിക്കുന്നതിന് ഏകദേശം ഒരു മാസം മുമ്പ് പാരീസ് സെന്റ് ജെർമെയ്നുമൊത്തുള്ള പരിശീലനത്തിൽ വലതു കാൽമുട്ടിന് പരിക്കേൽക്കുകയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമോ എന്ന സംശയം പ്രകടിപ്പിച്ചിരുന്നു. വെറാറ്റിക്ക് പകരം ആദ്യ രണ്ടു മത്സരങ്ങളിൽ ടീമിൽ സ്ഥാനം പിടിച്ച മാനുവൽ ലോക്കറ്റെല്ലി ഇറ്റലിയുടെ രണ്ടാം മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ രണ്ട് ഗോളുകൾ നേടി വിജയത്തിൽ നിർണായകമായെങ്കിലും അവസാന മത്സരത്തിൽ വെറാറ്റിയെ സ്റ്റാർട്ടിങ് ഇലവനിലേക്ക് മാൻസിനി തിരിച്ചു വിളിച്ചു.
Marco Verratti, Nicolo Barella and Jorginho… surely there's no better midfield partnership in international football 🔥 pic.twitter.com/21AoZWgJzM
— SPORTbible (@sportbible) July 6, 2021
വെയ്ൽസിനെതിരെ വെറാറ്റി നേടിയെടുത്ത ഫ്രീകിക്കിൽ നിന്നുമാണ് മാറ്റിയോ പെസ്സീന ഗോൾ നേടിയത്. മത്സരത്തിൽ മൈതാനത്ത് എല്ലായിടത്തും തന്റെ സാനിധ്യം അറിയിക്കുകയും ചെയ്തു.തന്റെ 113 പാസുകളിൽ 94% പൂർത്തിയാക്കിയ താരം ആ മത്സരത്തിൽ ഏറ്റവും കൂടുതൽ പാസ് അക്ക്യൂറസിയുള്ള താരമായി മാറി.കൂടാതെ 10 ൽ കൂടുതൽ കിലോമീറ്റർ കവർ ചെയ്യുകയും ചെയ്തു. പ്രീ ക്വാർട്ടറിൽ ഓസ്ട്രിയയ്‌ക്കെതിരായ 2-1 വിജയത്തിൽ മൈതാനത്ത് ഏറ്റവും മികച്ച പാസറായിരുന്നു വെറാറ്റി. ക്വാർട്ടറിൽ ബെൽജിയത്തിനെതിരെയും സെമിയിൽ സ്പെയിനെതിരെയും മികച്ച പ്രകടനം കാഴ്ചവെച്ച വെറാറ്റി ഇറ്റാലിയൻ മിഡ്ഫീൽഡിലെ എഞ്ചിനായാണ് പ്രവർത്തിക്കുന്നത്. യുവേഫയുടെ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഫോം കളിക്കാരുടെ പട്ടികയിൽ മൊത്തത്തിൽ നാലാമതാണ് വെറാറ്റി. ജോർജിഞ്ഞോ, ബറേല , വെറാറ്റി എന്നിവരണ്ടങ്ങുന്ന ഇറ്റാലിയൻ മിഡ്ഫീൽഡ് ത്രയം അവരുടെ വിജയങ്ങളിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്.ഫൈനലിൽ ഫോമിലുള്ള ഇംഗ്ലണ്ടിന്റെ ഡെക്ലാൻ റൈസ്, കാൽവിൻ ഫിലിപ്സ് സഖ്യത്തെ ഇറ്റാലിയൻ മിഡ്ഫീൽഡ് എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചായിരിക്കും ഫൈനൽ പോരാട്ടത്തിന്റെ ഫലം.
പന്ത് സംരക്ഷിക്കുന്നതിലും കൈവശം നിലനിർത്തുന്നതിലും വൺ-ടച്ച് പാസുകൾ കളിക്കുന്നതിലും സമർത്ഥനായ ഒരു പ്ലേമേക്കർ ആയ വെറാറ്റി സ്പാനിഷ് ഇതിഹാസം ആൻഡ്രസ് ഇനിയേസ്റ്റയോട് ഏറ്റവും കൂടുതൽ സാമ്യമുള്ള കളിക്കാരനാണ്.2012 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെ 2-1ന് ജയിച്ച സൗഹൃദ മത്സരത്തിലാണ് വെറാറ്റി ആദ്യമായി ദേശീയ ടീമിനായി ബൂട്ടകെട്ടിയത്. 2014 ലോകകപ്പിനിടെ ഇംഗ്ലണ്ടിനെതിരെ ഇറ്റലിയിട്ട് വിജയത്തിലും വെറാറ്റിയുടെ സാനിധ്യം ഉണ്ടായിരുന്നു.2018 ൽ ടീമിന്റെ ചുമതല ഏറ്റെടുത്ത മാൻസിനിയുടെ കീഴിൽ മിഡ്‌ഫീൽഡിന്റെ മുഖ്യധാര താരമായി മാറി. ഞായറാഴ്ച വെബ്ലിയിൽ ഫൈനൽ പോരാട്ടത്തിനിറങ്ങുമ്പോൾ മിഡ്ഫീൽഡിൽ വെറാറ്റിയുടെ പ്രകടനം നിർണായകമാകും.