എംബാപ്പെയുടെ കാര്യത്തിൽ നിർണായകതീരുമാനം കൈക്കൊണ്ട് പെരെസ്, കാത്തിരിക്കുന്നത് വൻ വിലപേശലോ?

അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ റയൽ മാഡ്രിഡിന്റെ ഏറ്റവും ലക്ഷ്യം പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയാണ് എന്ന കാര്യം മുമ്പ് തന്നെ വ്യക്തമായതാണ്. താരം ഈ സീസണോട് കൂടി തനിക്ക് ക്ലബ് വിടണമെന്ന കാര്യം പിഎസ്ജിയെ അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിഎസ്ജി ഇപ്പോഴും പ്രതീക്ഷകൾ കൈവിട്ടിട്ടില്ല. താരത്തിന്റെ കരാർ പുതുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും പിഎസ്ജി തുടർന്ന് കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ എംബാപ്പെയുടെ കാര്യത്തിൽ നിർണായകമായ തീരുമാനം കൈകൊണ്ടിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പ്രസിഡന്റ്‌ ഫ്ലോറെന്റിനോ പെരെസ്. താരത്തിനിപ്പോൾ പെരെസ് വില നിശ്ചയിച്ചു കഴിഞ്ഞു. 120 മില്യണാണ് റയൽ മാഡ്രിഡ്‌ താരത്തിന് വേണ്ടി പരമാവധി ചിലവഴിക്കുക എന്നാണ് വാർത്തകൾ. യൂറോസ്പോർട്ട് ഈ വാർത്തയുടെ ഉറവിടം. നൂറ് മില്യൺ യൂറോയാണ് റയൽ മാഡ്രിഡ്‌ താരത്തിനായി നിശ്ചയിച്ചിരിക്കുന്നത്. പക്ഷെ പിഎസ്ജി സമ്മതിക്കുന്നില്ലെങ്കിൽ പരമാവധി 120 മില്യൺ യൂറോ വരെ റയൽ മാഡ്രിഡ്‌ നൽകും.അതിന് മുകളിലേക്ക് നൽകാൻ ഒരുക്കമല്ല എന്നാണ് റിപ്പോർട്ടുകൾ പ്രതിപാദിക്കുന്നത്.

180 മില്യൺ യൂറോക്ക്‌ മൊണോക്കോയിൽ നിന്നായിരുന്നു പിഎസ്ജി എംബാപ്പെയെ റാഞ്ചിയത്. 2017-ൽ ടീമിൽ എത്തിച്ച താരത്തിന് 2022 വരെയാണ് കരാറുള്ളത്. അതായത് റയൽ മാഡ്രിഡിന് ഒരു വർഷം കൂടി കാത്തിരുന്നാൽ താരത്തെ ഫ്രീ ഏജന്റ് ആയിക്കൊണ്ട് സൈൻ ചെയ്യാം.അത്കൊണ്ട് തന്നെ പിഎസ്ജി തങ്ങൾ ഓഫർ ചെയ്യുന്ന തുക സ്വീകരിക്കുമെന്നാണ് റയൽ മാഡ്രിഡ്‌ പ്രതീക്ഷിക്കുന്നത്. പക്ഷെ പിഎസ്ജിയും മികച്ച ഒരു തുക പ്രതീക്ഷിച്ചിരിക്കുകയാണ്. 150 മില്യൺ യൂറോ ലഭിക്കാതെ എംബാപ്പെയെ വിട്ടു നൽകില്ലെന്ന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പക്ഷെ റയൽ മാഡ്രിഡ്‌ 150 മില്യൺ യൂറോ നൽകാൻ തയ്യാറാവില്ല എന്ന് തന്നെയാണ് പുതിയ വാർത്തകളിലൂടെ വ്യക്തമാവുന്നത്. അതിനാൽ നല്ലൊരു വിലപേശൽ ഈ വരുന്ന ട്രാൻസ്ഫർ ജാലകത്തിൽ കാണാൻ സാധിച്ചേക്കും. എംബാപ്പെക്ക്‌ റയൽ മാഡ്രിഡിലേക്ക് വരാൻ താല്പര്യമുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് പരിശീലകൻ സിദാനുമായി വളരെ അടുത്ത ബന്ധമാണ് എംബാപ്പെ പുലർത്തി പോരുന്നത്.

Rate this post
Kylian MbappePerezPsgReal Madrid