പുതിയ ക്ലബ്ബിനെ തിരഞ്ഞെടുക്കാൻ മെസി സഹായിച്ചു, വെളിപ്പെടുത്തലുമായി സുവാരസ്

അത്ലറ്റികോ മാഡ്രിഡ് വിട്ടതിനു ശേഷം യുറുഗ്വായ് ക്ലബായ നാഷണലിൽ കളിച്ചിരുന്ന ലൂയിസ് സുവാരസിന്റെ കരാർ ലോകകപ്പിനു മുൻപു തന്നെ അവസാനിച്ചിരുന്നു. ലോകകപ്പിൽ യുറുഗ്വായ് ആദ്യറൗണ്ടിൽ തന്നെ പുറത്തായതിനു ശേഷം പുതിയ ക്ലബ്ബിനെ തേടിയിരുന്ന താരം ഒടുവിൽ ബ്രസീലിയൻ ക്ലബായ ഗ്രമിയോയിലാണ് കളിക്കുന്നത്. രണ്ടു വർഷത്തെ കരാറൊപ്പിട്ട താരത്തെ കഴിഞ്ഞ ദിവസം ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തു. ഏതാണ്ട് മുപ്പതിനായിരത്തോളം ആരാധകരാണ് താരത്തെ വരവേൽക്കാൻ എത്തിയത്.

ഗ്രെമിയോയുമായുള്ള കരാർ ചർച്ചകൾ നടത്തുന്ന സമയത്ത് മുൻ ബാഴ്‌സലോണ സഹതാരവും സുവാരസിന്റെ അടുത്ത സുഹൃത്തുമായ ലയണൽ മെസിയുടെ വീട്ടിലാണ് സുവാരസ് താമസിച്ചിരുന്നത്. ഗ്രീമിയോയെ തിരഞ്ഞെടുക്കാൻ ലയണൽ മെസിയുടെ നിർദ്ദേശങ്ങളും സഹായിച്ചിട്ടുണ്ടോയെന്ന് ക്ലബിൽ ചേരുന്നതിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങൾ ചോദിച്ചിരുന്നു. ഉണ്ടെന്ന മറുപടി തന്നെയാണ് സുവാരസ് നൽകിയത്.

“സുഹൃത്തുക്കൾ എല്ലായിപ്പോഴും സഹായിക്കാനുള്ളവരാണ്, നിർദ്ദേശങ്ങൾ നൽകാനും തീരുമാനങ്ങൾക്ക് പിന്തുണ നൽകാനും അവർക്ക് കഴിയും. അതാണ് സുഹൃത്തുക്കളുടെ ഇടയിൽ സംഭവിക്കാറുള്ളത്. ഞാൻ മുൻപുണ്ടായിരുന്ന പോലെയൊരു കളിക്കാരനല്ല. പക്ഷെ ഒരൊറ്റ നിമിഷത്തിൽ, ഗോൾ പോസ്റ്റിനു അമ്പതു മീറ്റർ അരികിൽ നിന്നും എന്റെ സഹതാരങ്ങൾക്ക് എന്നെക്കൊണ്ട് ഗുണം ഉണ്ടായേക്കാം, കാരണം ഇതൊരു ടീം ഗെയിമാണ്.” സുവാരസ് പറഞ്ഞു.

ഗ്രെമിയോയിൽ എത്തിയ സുവാരസിന് ഞെട്ടിപ്പിക്കുന്ന സ്വീകരണമാണ് ലഭിച്ചത്. മുപ്പതിനായിരത്തോളം ആരാധകർ താരത്തിനായി ആർപ്പു വിളിച്ചു. മൂന്നു തവണ കോപ്പ ലിബർട്ടഡോസ് ചാമ്പ്യന്മാരായിരുന്ന ഗ്രെമിയോ 2021ൽ തരം താഴ്ത്തപ്പെട്ടതിനു ശേഷം ബ്രസീലിന്റെ ടോപ് ലീഗിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഇതിനു മുൻപ് അയാക്‌സ്, ലിവർപൂൾ, ബാഴ്‌സലോണ, അത്ലറ്റികോ മാഡ്രിഡ് എന്നീ പ്രധാന ടീമുകൾക്കായി കളിച്ചിട്ടുള്ള സുവാരസിന്റെ എട്ടാമത്തെ ക്ലബാണിത്.

Rate this post