❝2022 ലോകകപ്പിൽ ‘വാമോസ് വാമോസ് അർജന്റീന…’ എന്ന് മുഴങ്ങാൻ തയ്യാറെടുക്കുമ്പോൾ❞ |Qatar 2022 |Argentina |Lionel Messi

ഏറ്റവും കൂടുതൽ തവണ സൗത്ത് അമേരിക്കൻ ചാമ്പ്യൻമാർ, ഫുട്ബോൾ ദൈവവും, സാക്ഷാൽ മിശിഹയും പന്തുതട്ടിയ അർജന്റീന. ഇതിൽ കൂടുതൽ ഒരു വിശേഷണം അർജന്റീനൻ ആരാധകർ പോലും ആഗ്രഹിക്കുന്നില്ല. കാരണം, ഫുട്ബോളിൽ എക്കാലത്തും അതികായാകരായ ജർമനിക്കും, ഇറ്റലിക്കുമൊന്നും ഇല്ലാത്ത അത്ര ആരാധക സമൂഹം ഇന്ന് അർജന്റീനൻ ടീമിനോപ്പം ഉണ്ടെങ്കിൽ, അതിന് ഒറ്റ ഉത്തരമേയൊള്ളു സാക്ഷാൽ ലയണൽ മെസ്സി. ഒരു കളിക്കാരനോടുള്ള ആരാധന കാരണം, ആ താരത്തിന്റെ ടീമിനെ ഇഷ്ടപ്പെടുന്ന ആരാധകരാണ് അർജന്റീന.

പണ്ട് അത്‌, ഫുട്ബോളിന്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്ന മറഡോണ ആയിരുന്നെങ്കിൽ ഇന്ന് അത്‌ മെസ്സി എന്ന വ്യത്യാസം മാത്രം. 1986-ൽ അർജന്റീനക്ക് രണ്ടാം ലോകകപ്പ് നേടിക്കൊടുത്ത് മറഡോണ, അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ തന്റെ പേര് സുവർണ ലിബികളാൽ രേഖപ്പെടുത്തിയെങ്കിൽ, 2022-ൽ ഖത്തർ ലോകകപ്പിൽ മെസ്സി ജേതാവായി പടിയിറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള അർജന്റീനൻ ആരാധകർ.

ഡീഗോ മറഡോണ പടിയിറങ്ങിയ ശേഷം, ബാടിസ്ട്യൂട്ട, റിക്വൽമേ, സനേറ്റി, ടവേസ്, മഷരാനോ തുടങ്ങിയ പ്രതിഭകളെല്ലാം അർജന്റീനയിൽ നിന്നും ഉയർന്നു വന്നിട്ടും 1993 ന് ശേഷം ഒരു അന്താരാഷ്ട്ര കിരീടം നേടാൻ 2021 വരെ കാത്തിരിക്കേണ്ടി വന്നു. ലോകകപ്പ് എന്ന ഉത്തരവാദിത്തം ലയണൽ മെസ്സിയിലേക്ക് മാത്രം ഒതുങ്ങിപ്പോയപ്പോൾ, 2010 ൽ ക്വാർട്ടറിലും, 2014 ൽ ഫൈനലിലും ജർമനിക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്ന അർജന്റീനക്ക് 2018 ൽ പ്രീ-ക്വാർട്ടർ കടക്കാനായില്ല. ശേഷം, ലയണൽ സ്കലോണി എന്ന മുൻ അർജന്റീനൻ താരം ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി എത്തി. പിന്നീട് ലോക ഫുട്ബോൾ സാക്ഷ്യം വഹിച്ചത് പുതിയൊരു അർജന്റീനൻ ടീമിന്റെ ഉയർത്തെഴുന്നേൽപ്പായിരുന്നു. ആ ഉയർത്തെഴുന്നേൽപ്പിൽ അവർ നേടിയെടുത്തത്, 28 വർഷത്തെ കിരീട വരൾച്ചക്ക് അന്ത്യം കുറിച്ച്, 2021ലെ കോപ്പ കിരീടമായിരുന്നു.

ഇന്ന് അർജന്റീനക്ക്, ഏത് വമ്പൻ ടീമിനെയും വിറപ്പിക്കാൻ കഴിയുന്ന മികച്ച ഒരു ടീമുണ്ട്. മികച്ച ഗോൾക്കീപ്പറില്ല എന്നത് ഏറെകാലമായി അർജന്റീനയുടെ ഒരു പരിഭവമായിരുന്നു. ഇന്ന്, എമിലിയാനോ മാർട്ടിനെസ് എന്ന വിശ്വസ്ഥനായ കാവൽക്കാരനാണ് അർജന്റീനയുടെ വല കാക്കുന്നത്. പ്രതിരോധ ഭടന്മാരായി ഒട്ടാമെന്റിക്കൊപ്പം ക്രിസ്ത്യൻ റൊമേറോയും ഗോനസാലോ മോന്റിയലും ചേരുമ്പോൾ പ്രതിരോധ നിര ശക്തം. വർഷങ്ങളായി അർജന്റീനൻ മധ്യനിരയിൽ കളിമെനയുന്ന ഡി മരിയ എന്ന അർജന്റീനക്കാരുടെ മാലാഖക്കൊപ്പം ലൊസെൽസോയും, ഡി പോളും, പരേഡ്സും കളത്തിലിറങ്ങുമ്പോൾ മുന്നേറ്റ നിരയിലേക്ക് പന്തുകൾ ഒഴുകും എന്നത് തീർച്ച. എതിർനിരയുടെ ഗോൾ വല നിറക്കാൻ ലയണൽ മെസ്സി മുന്നേറ്റ നിരയിൽ ഉണ്ടാകുമ്പോൾ, മെസ്സിക്ക് കൂട്ടിന് ലവ്താരാ മാർട്ടിനെസും പൗളോ ഡിബാലയും ഉണ്ടാകും എന്ന് തീർച്ച.

എന്നാൽ, അർജന്റീനൻ ദേശീയ കുപ്പായത്തിൽ കളിക്കളത്തിൽ ഇറങ്ങുമ്പോൾ ഡിബാല ഗോൾ കണ്ടെത്താൻ വിഷമിക്കുന്നത് അർജന്റീനക്ക് ഒരു വലിയ തലവേദന തന്നെയാണ്. മെസ്സി പടിയിറങ്ങുമ്പോൾ അർജന്റീനയെ നയിക്കേണ്ടവൻ എന്ന് ആരാധകർ പണ്ടേ കണക്കുകൂട്ടിവെച്ച താരമാണ് ഡിബാല. മാത്രമല്ല, എല്ലാ കണ്ണുകളും മെസ്സിയിലേക്ക് ചെന്ന് പതിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് അർജന്റീന ഇതിന് മുമ്പ് ഒരുപാട് അനുഭവിച്ചതാണ്. എതിർനിര മെസ്സിയെ ലക്ഷ്യമിടുമ്പോൾ, മാർട്ടിനെസിനും ഡിബാലക്കും ഡി മരിയക്കുമെല്ലാം എതിർനിരയുടെ വലതുളക്കാനായാൽ, അർജന്റീനക്ക് ഏത് പ്രതിരോധവും കീഴ്പ്പെടുത്താം. ഒരുപക്ഷെ, ഇത്‌ മെസ്സിയുടെ അവസാന ലോകകപ്പാണെങ്കിൽ, കിരീടത്തിൽ കുറഞ്ഞ ഒരു യാത്രയപ്പ് അർജന്റീനൻ ടീമിൽ നിന്ന് ആരാധകർ പ്രതീക്ഷിക്കുന്നില്ല. പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം യുവതാരങ്ങളായ നിക്കോളാസ് ഗോൻസാലസും, പലാസിയോസും, ഫോയ്തുമെല്ലാം ചേരുമ്പോൾ 2022 ലോകകപ്പിൽ കിരീട ഫേവറിറ്റുകളിൽ ഒരു ടീം അർജന്റീന തന്നെ.

Rate this post