ലയണൽ മെസ്സിയുടെ മിയാമി ട്രാൻസ്ഫറിനെക്കുറിച്ച് ലൂയി സുവാരസ്, പിഎസ്ജിയിൽ എനിക്കും മെസ്സിക്കും നരകമായിരുന്നെന്ന് നെയ്മർ

ഇതിഹാസ സമാനമായ യൂറോപ്യൻ ഫുട്ബോൾ കരിയറിന് അവസാനം കുറിച്ചുകൊണ്ടാണ് അർജന്റീന ഫുട്ബോൾ താരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് തന്റെ ഫുട്ബോൾകരിയർ തുടരുവാൻ വേണ്ടി പോയത്. മിയാമി ജഴ്സിയിൽ ലിയോ മെസ്സിയുടെ അരങ്ങേറ്റമത്സരങ്ങൾ എല്ലാം വളരെയധികം ഗംഭീരമായിരുന്നു. നിലവിൽ ലിയോ മെസ്സിയിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ടാണ് ഇന്റർമിയാമി ഓരോ മത്സരത്തിനും കളിക്കാനിറങ്ങുന്നത്.

ലിയോ മെസ്സി മേജർ സോക്കർ ലീഗിലേക്ക് പോയതിനെതിരെ നിരവധി വിമർശനങ്ങളാണ് നേരിടുന്നത്. 35 വയസ്സിൽ തന്നെ ലിയോ മെസ്സി യൂറോപ്യൻ ഫുട്ബോളിനോട് വിടചൊല്ലിയത് മെസ്സി ആരാധകർക്കും വിഷമമുണ്ടാക്കിയിരുന്നു. എന്നാൽ ലിയോ മെസ്സി അമേരിക്കയിലേക്ക് പോവുക എന്ന തീരുമാനമെടുത്തത് വളരെയധികം ശരിയായിരുന്നു എന്ന് അഭിപ്രായം പ്രകടിപ്പിക്കുകയാണ് മെസ്സിയുടെ ഉറ്റ സുഹൃത്തും സഹതാരമായിരുന്ന ലൂയിസ് സുവാരസ്.

“അമേരിക്കയിലേക്ക് പോകുക എന്ന മെസ്സിയുടെ തീരുമാനം ശരിയായിരുന്നു, അവിടെ ലിയോ മെസ്സിക്ക് ഇപ്പോൾ നല്ല സമയമാണുള്ളത്. ഒരു കിരീടം നേടിയതിന്ശേഷം മറ്റൊരു കിരീടത്തിന് കൂടി വേണ്ടി പോരാടുക, ഇതാണ് മത്സരബുദ്ധിയും വിജയിക്കാൻ ആഗ്രഹമുള്ള ഒരു വ്യക്തിയുടെ മെന്റാലിറ്റി. ഇത് ലിയോ മെസ്സിക്കുണ്ട്. ” – എഫ് സി ബാഴ്സലോണയിൽ ലിയോ മെസ്സിയുടെ സഹതാരമായിരുന്ന ലൂയിസ് സുവാരസ്‌ പറഞ്ഞു.

കൂടാതെ ഫ്രഞ്ച് ക്ലബ് ആയ പാരീസ് സെന്റ് ജർമയിനിൽ തനിക്കും ലിയോ മെസ്സിക്കും നരകതുല്യമായ അവസ്ഥകളാണ് നേരിടേണ്ടിവന്നത് എന്നും മെസ്സിയുടെ ഉറ്റ സുഹൃത്തും സഹതാരമായിരുന്ന നെയ്മർ ജൂനിയർ വെളിപ്പെടുത്തി. നരകസമാനമായ സാഹചര്യങ്ങളിലൂടെയായിരുന്നു പാരിസിൽ തങ്ങളുടെ ജീവിതം മുന്നോട്ടു നയിച്ചത് എന്നാണ് നെയ്മർ ജൂനിയർ പറഞ്ഞത്.

2021ൽ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി യിൽ എത്തുന്ന ലിയോ മെസ്സി കരാർ അവസാനിച്ചതിനുശേഷമാണ് 2023ൽ ക്ലബ്ബ് വിടുന്നത്. ലിയോ മെസ്സി പോയതിന് പിന്നാലെ ട്രാൻസ്ഫർ വിൻഡോയിലൂടെ നെയ്മർ ജൂനിയറും സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് കൂടുമാറി. 2025 വരെ കരാർ ശേഷിക്കുന്നുണ്ടെങ്കിലും പി എസ് ജിയിൽ അത്ര സന്തോഷവാനല്ലാത്ത നെയ്മർ ജൂനിയർ 31-ആം വയസ്സിൽ യൂറോപ്പ്യൻ ഫുട്ബോളിൽ നിന്നും പടിയിറങ്ങുകയായിരുന്നു

Rate this post