പോളണ്ടിനെതിരെ മികച്ച പ്രകടനം നടത്തി വിജയിച്ചിട്ടും അർജന്റീനക്ക് മെസ്സിയുടെ മുന്നറിയിപ്പ്|Lionel Messi

ഒരു ജീവൻ മരണ പോരാട്ടത്തിന് വേണ്ടിയായിരുന്നു ഇന്നലെ അർജന്റീന പോളണ്ടിനെതിരെ കളത്തിലേക്ക് ഇറങ്ങിയത്. വിജയം മാത്രമായിരുന്നു അർജന്റീനയുടെ ലക്ഷ്യം.അത് നമുക്ക് മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ കാണാൻ കഴിഞ്ഞു. പോളണ്ടിനെ തീർത്തും നിഷ്പ്രഭമാക്കിക്കൊണ്ട് മികച്ച ഒരു വിജയമാണ് അർജന്റീന കരസ്ഥമാക്കിയിട്ടുള്ളത്.

അർജന്റീനയെ സംബന്ധിച്ചിടത്തോളം മെസ്സി പെനാൽറ്റി പാഴാക്കിയെങ്കിലും അർഹിച്ച ഗോളുകൾ അവർ കണ്ടെത്തി.മാക്ക് ആല്ലിസ്റ്റർ,ഹൂലിയൻ ആൽവരസ് എന്നിവരുടെ ഗോളുകളിലാണ് അർജന്റീന വിജയം കൊയ്തത്. ഇതോടെ അർജന്റീന ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കൊണ്ട് പ്രീ ക്വാർട്ടറിൽ എത്തുകയും ചെയ്തു. ഓസ്ട്രേലിയയാണ് പ്രീ ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ.

എന്നാൽ എതിരാളികളുടെ കാര്യത്തിൽ ലയണൽ മെസ്സി തന്റെ ടീമിന് ഒരു വാണിംഗ് ഇപ്പോൾ നൽകിയിട്ടുണ്ട്. അതായത് മത്സരം വളരെ ബുദ്ധിമുട്ടായിരിക്കും എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ആർക്കും ആരെയും തോൽപ്പിക്കാൻ പറ്റുന്ന ഒരു സ്ഥിതിയാണ് ഇവിടെ ഉള്ളതെന്നും മെസ്സി കൂട്ടിച്ചേർത്തിട്ടുണ്ട്. മത്സരം കഴിഞ്ഞതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഓസ്ട്രേലിയക്കെതിരെയുള്ള മത്സരം വളരെയധികം ബുദ്ധിമുട്ടാവാനാണ് പോകുന്നത്. കാരണം ആരും ആരെയും തോൽപ്പിക്കും എന്നുള്ള ഒരു സ്ഥിതിയാണ് ഇവിടെയുള്ളത്.ഏറ്റവും മികച്ച രൂപത്തിൽ ആ മത്സരത്തിനു വേണ്ടി ഞങ്ങൾ തയ്യാറെടുക്കേണ്ടതുണ്ട്. എപ്പോഴും ഞങ്ങൾ അങ്ങനെ തയ്യാറെടുക്കാറുമുണ്ട് ‘ ഇതാണ് ലിയോ മെസ്സി എതിരാളികളെ കുറിച്ച് പറഞ്ഞിട്ടുള്ളത്.

തീർച്ചയായും കഴിഞ്ഞ മത്സരത്തിൽ ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടാണ് ഓസ്ട്രേലിയ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത കരസ്ഥമാക്കിയിട്ടുള്ളത്. മികച്ച താരങ്ങളുടെ കാര്യത്തിൽ അർജന്റീനക്ക് മുൻതൂക്കം ഉണ്ടെങ്കിലും മെസ്സി പറഞ്ഞതുപോലെ മത്സരത്തിൽ വെല്ലുവിളി സൃഷ്ടിക്കാൻ കെൽപ്പുള്ള ടീമാണ് ഓസ്ട്രേലിയ.