ലയണൽ മെസ്സിയുടെ പരിക്കും അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങളും
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സി അര്‍ജന്റീനയിലെത്തി.പാരീസ് സെന്റ് ജെർമെയ്ൻ ടീമംഗങ്ങളായ എയ്ഞ്ചൽ ഡി മരിയയ്ക്കും ലിയാൻഡ്രോ പരേഡിസിനും ഒപ്പം ഒരു സ്വകാര്യ ജെറ്റിൽ ആണ് മെസ്സിയെത്തിയത്. മോണ്ടിവീഡിയോയിൽ ഉറുഗ്വേയ്ക്കെതിരെയും സാൻ ജുവാനിൽ ബ്രസീലിനെതിരെയുമാണ് അർജന്റീനയുടെ മത്സരങ്ങൾ.മെസ്സി ദേശീയ ടീം ക്യാമ്പിലെത്തുന്നത് പീക്ക് അവസ്ഥയിലല്ല, കൂടാതെ കഴിഞ്ഞ രണ്ട് പാരീസ് സെന്റ്-ജെർമെയ്ൻ ഗെയിമുകൾ പരിക്ക് മൂലം നഷ്ടമാവുകായും ചെയ്തിരുന്നു.
പരിക്കുള്ള മെസ്സിയെ അര്‍ജന്റീന ടീമിൽ ഉൾപെടുത്തിയതിനെതിരെ ക്ലബ്ബിന്റെ ഭാഗത്തു നിന്നും വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. വ്യക്തമായ പദ്ധതിയുമായാണ് പരിശീലകൻ ലയണൽ സ്കലോനി മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.നവംബർ 12, വെള്ളിയാഴ്ച ഉറുഗ്വേയ്ക്കെതിരായ മത്സരത്തിൽ മെസ്സി കളിക്കാനുള്ള സാധ്യത കുറവാണ്. ബ്രസീലിനെതിരെയുള്ള മത്സരം മുന്നിൽ നിൽക്കെ മെസ്സിയെ വെച്ച് റിസ്ക് എടുക്കാൻ സ്കെലോണി ഒരിക്കലും തയ്യാറാവില്ല. ബ്രസീലിനെതിരെ താരത്തെ മുഴുവൻ സമയവും കളിപ്പിക്കാനാണ് സ്കെലോണി പദ്ധതിയിടുന്നത്.മെസ്സി മോണ്ടെവീഡിയോയിൽ ഉറുഗ്വേക്കെതിരെ ഒരു ഹാഫിൽ കളിക്കുമോ അതോ കുറച്ചു മിനുട്ടുകൾ മാത്രം കളിക്കുമോ എന്ന് കണ്ടറിയണം.
ലയണൽ മെസ്സിക്ക് ലീഗ് 1 ൽ ബോഡോക്കെതിരെയും ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഗിനെതിരെയുമുള്ള മത്സരം പരിക്ക് മൂലം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഫിറ്റ്നസ് പ്രശ്നങ്ങളുള്ള മെസ്സിയെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്‍ജന്റീന ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ദേശീയ ടീമിൽ ഉൾപ്പെടുത്താനുള്ള അർജന്റീനയുടെ തീരുമാനത്തിനെതിരെ പിഎസ്ജി യുടെ സ്പോർട്ടിംഗ് ഡയറക്ടറായ ലിയണാഡോ രംഗത്തെത്തുകയും ചെയ്തിരുന്നു.ക്ലബിനേക്കാൾ അന്താരാഷ്ട്ര ഗെയിമുകൾക്ക് മുൻഗണന നൽകുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥ മെസ്സിയുടെ കരാറിലുണ്ട്.ലില്ലെക്കെതിരെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം പരിക്കിന്റെ പ്രശ്നങ്ങൾ മൂലം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ട മെസ്സിക്ക് പിന്നീട രണ്ടു മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു . പരിക്കേറ്റ് പുറത്തായ മെസ്സി ഇപ്പോൾ കാൽമുട്ടിനും ഹാംസ്ട്രിംഗിനും ചികിത്സയിലാണ്.
രണ്ട് തവണ ലോകകപ്പ് ജേതാക്കൾ നിലവിൽ 11 മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും നാല് സമനിലയുമായി സൗത്ത് അമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്, ബ്രസീലിനേക്കാൾ ആറ് പോയിന്റ് പിന്നിലാണ്.ഇനിയുള്ള മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ കൂടി ഖത്തറിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്നതിന്റെ വക്കിൽ അർജന്റീനയെ എത്തിക്കും. ഈ സീസണിൽ ക്ലബ്ബിൽ ഫോം നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കിലും രാജ്യത്തിന് വേണ്ടി മെസ്സി മികച്ച ഫോമിൽ തന്നെയാണ്.ഇതുവരെ ഈ വർഷം 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടി – 1993 ന് ശേഷമുള്ള അവരുടെ ആദ്യത്തെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നായക പദവിയിൽ നിന്നുകൊണ്ട് മുന്നിൽ നിന്ന് അവരെ നയിക്കുകയും ചെയ്തു.