നഷ്‌ടമാക്കിയ പെനാൽറ്റി വീണ്ടും നൽകി, ചെൽസിയുടെ വിജയത്തിൽ വിവാദം |Chelsea

ഈ സീസണിൽ മോശം ഫോമിലുള്ള ചെൽസിക്ക് ആശ്വാസമായ വിജയമാണ് കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യൻസ് ലീഗിലുണ്ടായത്. ബൊറൂസിയ ഡോർട്മുണ്ടിനെതിരെ നടന്ന ആദ്യപാദത്തിൽ ഒരു ഗോളിന്റെ തോൽവി വഴങ്ങിയ ചെൽസി രണ്ടാം പാദത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

മത്സരത്തിന്റെ ആദ്യപകുതിയിൽ റഹീം സ്റ്റെർലിംഗും രണ്ടാം പകുതിയിൽ ഹാവേർട്സ് പെനാൽറ്റിയിലൂടെയുമാണ് ടീമിന്റെ ഗോളുകൾ നേടിയത്. അതേസമയം ഹാവേർട്സ് നേടിയ ഗോളിനെച്ചൊല്ലി ചെറിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ആദ്യം ലഭിച്ച പെനാൽറ്റി താരം നഷ്‌ടപ്പെടുത്തിയപ്പോൾ വീണ്ടും റഫറി പെനാൽറ്റി നൽകിയതാണ് ചെൽസിയുടെ വിജയത്തിന് കാരണം.

ഹാൻഡ് ബോളിനു അനുവദിച്ച പെനാൽറ്റി ജർമൻ താരം ആദ്യം എടുത്തപ്പോൾ അത് പോസ്റ്റിൽ തട്ടി തെറിച്ചു പോയി. അതിനു പിന്നാലെ വീഡിയോ റഫറി ഇടപെടുകയും കിക്ക് എടുക്കുന്ന സമയത്ത് ഏതാനും ഡോർട്മുണ്ട് താരങ്ങൾ ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയത് കണ്ടെത്തുകയും ചെയ്‌തു. ഇതോടെ വീണ്ടും കിക്കെടുക്കാൻ അനുവാദം നൽകി, ഹാവേർട്സ് അത് കൃത്യമായി വലയിലാക്കുകയും ചെയ്‌തു.

എന്നാൽ റഫറിയുടെ തീരുമാനത്തെ ബൊറൂസിയ ഡോർട്മുണ്ട് താരങ്ങളും ആരാധകരും അത്ര നല്ല രീതിയിലല്ല സ്വീകരിച്ചത്. റഫറി പെനാൽറ്റി വീണ്ടും നൽകിയ തീരുമാനം ശരിയല്ലെന്ന് മത്സരത്തിന് ശേഷം ഡോർട്മുണ്ട് താരം ജൂഡ് ബെല്ലിങ്ങ്ഹാം പ്രതികരിച്ചു. പെനാൽറ്റി മെല്ലെ എടുക്കുകയാണെങ്കിൽ താരങ്ങൾ ബോക്‌സിലേക്ക് വരുന്നത് സ്വാഭാവികമാണെന്നാണ് താരം പറയുന്നത്.

അതേസമയം മത്സരത്തിലെ വിജയം ചെൽസിക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ചെൽസി നേടിയ വിജയം ടീം തിരിച്ചു വരാനുള്ള സാധ്യത തുറന്നിടുന്നു. ഈ സീസണിൽ പ്രീമിയർ ലീഗ് ടോപ് ഫോർ പ്രതീക്ഷ പോലുമില്ലാത്ത ചെൽസി ഇനി ചാമ്പ്യൻസ് ലീഗിലേക്കായിരിക്കും ശ്രദ്ധിക്കുക.

Rate this post