ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പിനു പിന്നാലെ ലെവൻഡോസ്‌കിക്ക് സന്ദേശവുമായി തോമസ് മുള്ളർ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് നറുക്കെടുപ്പ് പൂർത്തിയായതിനു പിന്നാലെ ബാഴ്‌സലോണ താരമായ റോബർട്ട് ലെവൻഡോസ്‌കിക്ക് സന്ദേശവുമായി ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ. നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഗ്രൂപ്പ് സിയിൽ ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും ഒരു ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഒട്ടനവധി പ്രതിസന്ധികൾക്കും ബയേൺ മ്യൂണിക്കുമായുള്ള അസ്വാരസ്യങ്ങൾക്കും ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറിയ റോബർട്ട് ലെവൻഡോസ്‌കി തന്റെ മുൻ ക്ലബിന് എതിരെയാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പോരാടേണ്ടത്.

“ഫുട്ബോൾ ആരാധകർക്ക് എന്തൊരു മനോഹരമായ നറുക്കെടുപ്പാണ് കഴിഞ്ഞത്. മിസ്റ്റർ ലെവൻഗോൾസ്‌കി, വളരെ പെട്ടന്നു തന്നെ മ്യൂണിക്കിൽ നമുക്ക് കാണാം. ഇനിയും മുന്നോട്ട്, ചാമ്പ്യൻസ് ലീഗ് സീസൺ ആഘോഷിക്കാം.” തോമസ് മുള്ളർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലൂടെ തന്റെ അടുത്ത സുഹൃത്തു കൂടിയായ റോബർട്ട് ലെവൻഡോസ്‌കിയോട് പറഞ്ഞു. ലെവൻഡോസ്‌കിക്കും അദ്ദേഹത്തിന്റെ പുതിയ ടീമിനുമെതിരെ ഇറങ്ങുന്നത് വ്യത്യസ്‌തമായ വെല്ലുവിളി ആയിരിക്കുമെന്നും മുള്ളർ കുറിച്ചു.

കഴിഞ്ഞ സീസണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ബയേൺ മ്യൂണിക്കും ബാഴ്‌സലോണയും പരസ്‌പരം ഏറ്റുമുട്ടിയിരുന്നു. ഇരുപാദങ്ങളിലും ബയേൺ മ്യൂണിക്ക് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കാറ്റലൻ ക്ലബ്ബിനെ തോൽപ്പിക്കുകയും ചെയ്‌തു. അതിനു മുൻപ് 2019-20 സീസണിൽ രണ്ടു ടീമുകളും തമ്മിൽ ചാമ്പ്യൻസ് ലീഗിന്റെ ഒരു പാദം മാത്രമുള്ള ക്വാർട്ടർ ഫൈനലിൽ കൊമ്പു കോർത്തപ്പോൾ രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ബയേൺ ബാഴ്‌സയെ തകർത്തത്. ഈ രണ്ടു വമ്പൻ തോൽവിക്കും പകരം വീട്ടുകയെന്നത് ബാഴ്‌സലോണയുടെ പ്രധാന ലക്ഷ്യമായിരിക്കും.

ബാഴ്‌സലോണക്കെതിരെ ചാമ്പ്യൻസ് ലീഗിൽ അഞ്ചു മത്സരങ്ങൾ കളിച്ച റോബർട്ട് ലെവൻഡോസ്‌കി നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ ബയേൺ മ്യൂണിക്കിന് എതിരെയും ഭേദപ്പെട്ട റെക്കോർഡ് തന്നെയാണ് പോളണ്ട് താരത്തിനുള്ളത്. ബൊറൂസിയ ഡോർട്മുണ്ടിൽ കളിച്ചിരുന്ന സമയത്ത് പതിനാല് മത്സരങ്ങളിൽ ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങിയിട്ടുള്ള ലെവൻഡോസ്‌കി അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. ഡോർട്മുണ്ടിൽ നിന്നും ബയേണിലെത്തിയ ലെവൻഡോസ്‌കി 375 മത്സരങ്ങളിൽ നിന്നും 344 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post