❝നെയ്മർ 100% ഫിറ്റ് ആണെങ്കിൽ ഖത്തർ ലോകകപ്പ് ബ്രസീൽ നേടും❞ : റൊണാൾഡോ |Brazil |Qatar 2022

ബ്രസീലിയൻ സൂപ്പർ താരം നെയ്മറുടെ ഫുട്ബോൾ കരിയറിൽ നേരിട്ടിട്ടല്ലാത്ത പ്രതിസന്ധികളാണ് കഴിഞ്ഞ കുറച്ച നാളായി ആരാധകരിൽ നിന്നും കേൾക്കേണ്ടി വന്നത്. പരിക്കും മറ്റു പ്രശ്നങ്ങളും മൂലം ക്ലബിൽ താരത്തിന് മികവ് പുലർത്താൻ സാധിച്ചില്ല. തന്റെ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനം ഈ സീസണിൽ പിഎസ്ജി ജേഴ്സിയിൽ നെയ്മറിൽ നിന്നും ഉണ്ടായിട്ടില്ല .

എന്നാൽ ക്ലബ് തലത്തിൽ പലപ്പോഴും മോശം പ്രകടനം നടത്തിയാലും ബ്രസീലിന്റെ മഞ്ഞ കുപ്പായത്തിൽ എത്തിയാൽ വേറെ ഒരു നെയ്മറെയാണ് നമുക്ക് കാണാൻ സാധിക്കാറുള്ളത്. എത്ര വലിയ പരിക്കാണെങ്കിലും , മോശ ഫോം ആണെങ്കിലും മഞ്ഞ ജേഴ്സിയിൽ എത്തിയാൽ പുതിയൊരു നെയ്മറായി മാറും. നെയ്മറുടെ കരിയറിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാണാൻ സാധിച്ചതും ആ മഞ്ഞ ജേഴ്സിയിൽ തന്നെയായിരുന്നു. ഖത്തർ ലോകകപ്പിന് മാസങ്ങൾ ശേഷിക്കുമ്പോൾ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീലിന്റെ പ്രതീക്ഷകൾ മുഴുവൻ നെയ്മറിലാണ്. രണ്ടു പതിറ്റാണ്ടിനു ശേഷം വീണ്ടും ലോകകിരീടം ബ്രസീലിൽ തിരിച്ചെത്തിക്കുക എന്നദൗത്യം നിറവേറ്റാനാണ് 30 കാരൻ ഖത്തറിലേക്ക് പറക്കുന്നത്.

എന്നാൽ 2022 വേൾഡ് കപ്പിൽ നെയ്‌മറുടെ ഫോമും ഫിറ്റ്നസും ബ്രസീലിന്റെ കിരീടസാധ്യതയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന കാര്യമാണെന്നാണ് 2002ൽ ബ്രസീലിനു കിരീടം നേടിക്കൊടുത്ത ടീമിന്റെ ഇതിഹാസതാരം റൊണാൾഡോ പറയുന്നത്.രണ്ടുപതിറ്റാണ്ടിനിപ്പുറം ഏഷ്യ മറ്റൊരു ലോകകപ്പിന് വേദിയാവുമ്പോള്‍ ബ്രസീല്‍ കിരീടം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് റൊണാള്‍ഡോ. ഏറ്റവും കൂടുതൽ കിരീട സാധ്യതയുള്ള ടീമാണ് ബ്രസീലെന്നും റൊണാൾഡോ പറഞ്ഞു.കളിക്കുമ്പോൾ ഉള്ളതിനേക്കാൾ ബ്രസീലിയൻ ടീമിൽ സ്വാധീനം ചെലുത്താൻ നെയ്മർക്ക് കഴിയും എന്ന് പരിശീലകൻ ടിറ്റെയും അഭിപ്രായപ്പെട്ടിരുന്നു.

ബ്രസീലിനായി 119 മത്സരങ്ങളിൽ നിന്നും 74 ഗോളുകളുമായി പെലെയുടെ 77 ഗോളിന് മൂന്നേണം പുറകിലാണ് നെയ്മർ.2022 കലണ്ടർ വർഷത്തിൽ കുറഞ്ഞത് നാല് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയ, കാമറൂൺ, സ്വിറ്റ്‌സർലൻഡ് എന്നിവരെ നേരിടുന്ന മുൻ സാന്റോസ് താരം ഈ വർഷാവസാനം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പോടെ ബ്രസീലിന്റെ ടോപ് സ്‌കോറർ ആവാനുള്ള ശ്രമത്തിലാണ്.യോഗ്യത മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങാതെയാണ് ബ്രസീൽ ഖത്തർ ലോകകപ്പിനായി എത്തുന്നത്.

ദേശീയ ടീമിനായി 92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടിയ പെലെയാണ് ബ്രസീലിന്റെ ടോപ് സ്കോറർ. സെലിസോയുടെ ചരിത്രത്തിൽ തങ്ങളുടെ രാജ്യത്തിനായി 70 ഗോളുകൾ കടന്ന രണ്ട് താരങ്ങൾ പെലെയും നെയ്മറും മാത്രമാണ്.റൊണാൾഡോയും റൊമാരിയോയും യഥാക്രമം 62 ഉം 56 ഉം ഗോളുകൾ നേടിയിട്ടുണ്ട്. ഈ നാല് താരങ്ങൾ മാത്രമാണ് 50 ഗോളുകൾ എന്ന മാർക്ക് മറികടന്നത്.ഇതിഹാസതാരം സിക്കോ 48 ഗോളുമായി അഞ്ചാം സ്ഥാനത്താണ.ബ്രസീൽ ദേശീയ ടീമിനായി 30-ലധികം ഗോളുകൾ നേടിയ ആറ് കളിക്കാരുടെ ഒരു ഗ്രൂപ്പുണ്ട്. അതിൽ റൊണാൾഡീഞ്ഞോയെയും റിവാൾഡോയെയും പോലുള്ള ഐതിഹാസിക പ്രതിഭകൾ ഉൾപ്പെടുന്നു.

Rate this post