❝കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ നേടാൻ സാധിക്കാത്തത് ഖത്തറിൽ ബ്രസീലിന് നേടികൊടുക്കാൻ നെയ്മറിനാവുമോ ? ❞ |Neymar |Qatar 2022

ഫിഫ ലോകകപ്പിന്റെ ചരിത്രവും ഫുട്ബോൾ ലോകത്തെ ശക്തിയായി ബ്രസീലിന്റെ ചരിത്രവും വേറിട്ട് വായിക്കാനാവില്ല. ഈ മഹത്തായ ടൂർണമെന്റിലാണ് കാനറികൾ കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ദേശീയ ടീമുകളിലൊന്നായി അവരുടെ പാരമ്പര്യം ഉറപ്പിച്ചത്.ലിയോണിഡാസും ഗാരിഞ്ചയും പെലെയും മുതൽ സിക്കോ, സോക്രട്ടീസ്, റൊമാരിയോ, റൊണാൾഡോ, റൊണാൾഡീഞ്ഞോ… ഇപ്പോൾ നെയ്മർ ജൂനിയർ വരെയുള്ള താരങ്ങൾക്ക് ബ്രസീൽ നന്ദി പറയുന്നുണ്ടാവും.

തീർച്ചയായും ബ്രസീലിൽ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്ബോളിന്റെ യഥാർത്ഥ ഇതിഹാസങ്ങളുടെ അവകാശിയാകുന്നത് വലിയ വെല്ലുവിളിയും ഉത്തരവാദിത്തവുമാണ് മാത്രമല്ല വലിയ ബഹുമതിയുമാണ്. ഇത്തവണ ബ്രസീലിന്റെ പ്രതീക്ഷകൾ മുഴുവൻ നെയ്മറിലാണ്.പാരീസ് സെന്റ് ജെർമെയ്ൻ താരത്തിന് സമ്മർദത്തെ അതിജീവിക്കാനുള്ള സ്വഭാവവും എല്ലാറ്റിനുമുപരിയായി കഴിവും ഉണ്ട്.ബ്രസീൽ പോലുള്ള ഒരു ദേശീയ ടീമിന്റെ പത്താം നമ്പർ ധരിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും താരം പല തവണ പറഞ്ഞിട്ടുണ്ട്.തീർച്ചയായും ഖത്തറിൽ നെയ്മറിൽ നിന്നും പലതും ആരാധകർക്ക് പ്രതീക്ഷിക്കാം.

കൃത്യമായി പറഞ്ഞാൽ വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ, നെയ്മർ ജൂനിയറിന് വളരെ വലിയ പ്രതിബദ്ധതയുണ്ട്: കുറച്ച് വർഷത്തെ മോശം ഫലങ്ങൾക്ക് ശേഷം ടിറ്റെ പരിശീലകനായി ബ്രസീൽ ഒരിക്കൽ കൂടി ഉയർന്ന പ്രതീക്ഷകൾ വളർത്തിയിരിക്കുകയാണ്. ഖത്തർ 2022 നെയ്മർ കളിക്കുന്ന അവസാന ലോകകപ്പാവാനുള്ള സാധ്യത കൂടുതലാണ്. ഈ വേൾഡ് കപ്പിന് ശേഷം കളിക്കളത്തിലെ സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ കളി അവസാനിപ്പിക്കും എന്ന് നെയ്മർ മാസങ്ങൾക്ക് മുൻപ് അഭിപ്രായപ്പെട്ടിരുന്നു.

യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിലും ബ്രസീൽ ദേശീയ ടീമിലും തന്റെ നിലവാരം പ്രകടിപ്പിക്കാനുള്ള ചുമതല നെയ്മർ ജൂനിയറിനുണ്ട്.എന്നിരുന്നാലും നിഷേധിക്കാനാവാത്ത ഒരു സത്യമുണ്ട് ക്ലബ്ബ് തലത്തിലെ അദ്ദേഹത്തിന്റെ വിജയം രാജ്യത്തിന്റെ ജേഴ്സിയിൽ ആവർത്തിക്കപ്പെട്ടിട്ടില്ല. വാസ്തവത്തിൽ, കാനറിക്കൊപ്പം 2013 ലെ ഫിഫ കോൺഫെഡറേഷൻ കപ്പും റിയോ 2016 ൽ ഒളിമ്പിക് സ്വർണ്ണ മെഡലും മാത്രമാണ് നെയ്മർ നേടിയത്.

ഫിഫ ലോകകപ്പിലെ നെയ്മർ ജൂനിയറിന്റെ ചരിത്രം ചെറുതാണെങ്കിലും മികച്ചതാണ്.1992 ഫെബ്രുവരിയിൽ ജനിച്ച താരം 2 എഡിഷനുകളിൽ കളിച്ചു.2014-ൽ സ്വന്തം രാജ്യമായ ബ്രസീലിലും 2018 ൽ റഷ്യയിൽ നടന്ന ലോകകപ്പിലും നെയ്‌മർ കളിച്ചു.2010 ലോകകപ്പിന്റെ സമയത്ത് സാന്റോസിനായി മികച്ച പ്രകടനം നടത്തിയെങ്കിലും അന്നത്തെ കോച്ച് ദുംഗ അദ്ദേഹത്തെ വിളിച്ചില്ല. വേൾഡ് കപ്പിൽ 10 മത്സരങ്ങൾ കളിച്ച നെയ്മർ ആറു ഗോളുകൾ നേടിയിട്ടുണ്ട് (4 ബ്രസീലിൽ 2014, 2 റഷ്യ 2018) കൂടാതെ 3 അസിസ്റ്റുകളും നൽകി.

2022-ൽ ഖത്തറിനുള്ളിൽ ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്ന എല്ലാ ദേശീയ ടീമുകളെയും നെയ്മർ ജൂനിയർ മുമ്പ് നേരിട്ടിട്ടുണ്ട് എന്നത് കൗതുകകരമാണ്. റഷ്യ 2018 ൽ കാനറികളുടെ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു സെർബിയയും സ്വിറ്റ്‌സർലൻഡും, 2014 ൽ നടന്ന ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ കാമറൂൺ ബ്രസീലിനൊപ്പമായിരുന്നു.

തന്റെ രാജ്യത്തെ ലോക ഫുട്‌ബോളിന്റെ നെറുകയിൽ എത്തിച്ച ബ്രസീലിയൻ ഇതിഹാസ താരങ്ങളുടെ അനന്തരാവകാശി നിലവിലെ പാരീസ് സെന്റ് ജെർമെയ്‌ൻ താരം നെയ്മർ ജൂനിയർ ആണെന്നതിൽ സംശയമില്ല.മുപ്പതുകാരന് താൻ പങ്കെടുത്ത ഫിഫ ലോകകപ്പിന്റെ മുൻ പതിപ്പുകളിൽ നിന്നും നേടാൻ സാധിക്കാത്തത് നേടാനുള്ള ശാരീരിക പക്വതയുമായി 2022 ൽ അദ്ദേഹം ഖത്തറിലെത്തും.