നെയ്മറിന് മത്സരം തോറ്റതിന്റെ നിരാശയോ? വംശീയാധിക്ഷേപാരോപണത്തിൽ കനത്ത മറുപടിയുമായി ഗോൺസാലസ്

കോവിഡ് രോഗമുക്‌തിക്കു ശേഷം നെയ്മർ ജൂനിയർ ഇറങ്ങിയ ഫ്രഞ്ച് ലീഗിലെ രണ്ടാം മത്സരവും പിഎസ്‌ജിക്ക് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ചിരവൈരികളായ മാഴ്സെയോടാണ് ഒരു ഗോളിന് തോൽവി രുചിക്കേണ്ടി വന്നത്. എന്നാൽ തോൽവിയെക്കാൾ ഇപ്പോൾ വാർത്താപ്രാധാന്യം ലഭിച്ചത് മറ്റൊരു വിവാദപരമായ സംഭവമായിരുന്നു. മത്സരം അവസാനത്തോടടുക്കെ പിഎസ്‌ജി മാഴ്സെ താരങ്ങൾ തമ്മിലടിക്കുകയായിരുന്നു.

അഞ്ചു റെഡ് കാർഡുകളും 14 മഞ്ഞക്കാർഡുകളും കാണിച്ചാണ് റഫറിക്ക് കളം വിടേണ്ടി വന്നത്. അതിൽ പിഎസ്‌ജിയുടെ നെയ്മർ,പരേഡസ്,കുർസാവ എന്നിവർക്കും മാഴ്സെയുടെ അമാവി, ബെനെഡിറ്റോ എന്നിവർക്കുമാണ് റെഡ് കാർഡ് കണ്ടത്. എന്നാൽ ഈ സംഭവം നെയ്മർ വംശീയാധിക്ഷേപാരോപണവുമായി രംഗത്തെത്തിയതാണ് വൻ വിവാദത്തിനു തിരികൊളുത്തിയത്. മാഴ്സെ താരം അൽവാരോ ഗോൺസാലസ് തന്നെ കുരങ്ങനെന്നു വിളിച്ചുവെന്നാണ് നെയ്മറിന്റെ ആരോപണം. അങ്ങനെ വിളിച്ചതിനു ഒരിടി കൂടി കൊടുക്കാൻ സാധിക്കാത്തതാണ് തനിക്കു വിഷമമെന്നും നെയ്മർ ട്വിറ്ററിൽ കുറിച്ചു.

എന്നാൽ ഇതിനു കനത്ത മറുപടിയുമായി അൽവാരോ ഗോൺസാലസിപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ അദ്ദേഹം ഇങ്ങനെ കുറിക്കുകയായിരുന്നു. ” വംശീയതക്ക് ഇവിടെ ഒരു സ്ഥാനവുമില്ല, ദിവസവും ഞാനെന്റെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും വംശീയതക്കിടം നൽകാതെയാണ് പെരുമാറുന്നത്. ചില സമയങ്ങളിൽ തോൽവിയെ അംഗീകരിക്കാൻ പഠിക്കണം. കൂടാതെ അത് കളത്തിൽ തന്നെ വിട്ടു പോരുന്നതിനും. ഇന്നത്തേത് അവിശ്വനീയമായ മൂന്നു പോയിന്റുകളാണ്. മാഴ്സെ മുന്നോട്ട്, കുടുംബത്തിനു നന്ദി”

ട്വിറ്ററിൽ തന്റെ ട്വീറ്റിൽ മാഴ്സെ താരങ്ങളോടൊപ്പം നിൽക്കുന്ന ചിത്രമാണ് ഗോൺസാലസ് ചേർത്തിരിക്കുന്നത്. താനൊരിക്കലും വംശീയമായി പെരുമാറില്ലെന്നു തന്നെയാണ് ഗോൺസാലസ് ഇതിലൂടെ വിശദീകരിക്കാൻ ശ്രമിക്കുന്നത്. എന്നിരുന്നാലും നെയ്മറിന് പിന്തുണയുമായി നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ മുന്നോട്ടു വരുന്നത്. ഫ്രഞ്ച് ലീഗ് അധികൃതർ ഈ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സത്യാവസ്ഥ ഉടൻ പുറത്തു വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

,w

Rate this post