ഒറ്റ ഗോൾകൊണ്ട് ഖത്തർ ലോകകപ്പിൽ ജർമനിയുടെ സൂപ്പർ താരമായി മാറിയ നിക്ലാസ് ഫുൾക്രഗ് |Qatar 2022 |Niclas Fullkrug

2022 ലോകകപ്പിൽ ഇന്നലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജർമനിയും സ്പെയിനും സമനിലയിൽ പിരിഞ്ഞു.ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്.82-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രഗ് നേടിയ ഗോളാണ് ജർമ്മനിക്ക് സമനിലയും പോയിന്റും നേടിക്കൊടുക്കാനും നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കാനും സഹായകമായത്.

അൽവാരോ മൊറാറ്റയുടെ ഗോളിൽ ലീഡെടുത്ത സ്‌പെയിനിനെ രണ്ടാം പകുതിയിൽ തോമസ് മുള്ളറിന് പകരം എത്തിയ നിക്ലാസ് ഫുൾക്രഗ് ജർമനിക്ക് ലോകകപ്പിൽ ജീവൻ നിലനിർത്തികൊടുത്തു. പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ തീരുമാനം ശെരിവെക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.സനെയും മുസിയാലയും ചേര്‍ന്നു തുടങ്ങിവെച്ച മുന്നേറ്റം ഫുള്‍ക്രഗ് മികച്ച ഫിനിഷിലൂടെ വലയിലെത്തിക്കുമ്പോള്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ നിസ്സഹായനായി.നേരത്തേ ലഭിച്ച സുവര്‍ണാവസരം പാഴാക്കിയ 29 കാരന്റെ പ്രായശ്ചിത്തം കൂടിയായിരുന്നു ഈ ഗോൾ.

2014 ലോകകപ്പ് ഫൈനലിൽ അർജന്റീനയ്‌ക്കെതിരെ മരിയോ ഗോട്‌സെ വല കണ്ടെത്തിയതിന് ശേഷം പകരക്കാരനായി ഇറങ്ങി ജർമ്മനിക്ക് ഗോൾ നേടുന്ന താരമായി ഫുൾക്രഗ്. ഒമാനിനെതിരായ സൗഹൃദ മത്സരത്തിലാണ് ഫുൾക്രഗ് ജര്മനിക്കായി അരങ്ങേറ്റം കുറക്കുന്നത്. കഴിഞ്ഞ 20 വർഷത്തിനിടെ ജർമ്മനിക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് കളിക്കാരൻ കൂടിയാണ് ഫുൾക്രഗ്.29 വയസും 280 ദിവസവും പ്രായമുള്ളപ്പോഴാണ് നിക്ലാസ് ഫുൾക്രഗ് അരങ്ങേറ്റം കുറിക്കുന്നത്.2002ൽ അർജന്റീനയ്‌ക്കെതിരെ ജർമ്മൻ ടീമിനായി ആദ്യമായി കളിക്കുമ്പോൾ മാർട്ടിൻ മാക്‌സിന് 33 വയസ്സും 253 ദിവസവുമായിരുന്നു പ്രായം.

ലോകകപ്പിന് മുമ്പ് ജർമ്മനിയുടെ അവസാന സന്നാഹ മത്സരമായ മത്സരത്തിലും അദ്ദേഹം ഗോൾ നേടി.ജർമൻ ബുണ്ടസ് ലീഗയിൽ വെർഡർ ബ്രെമനുവേണ്ടി ബൂട്ട് കെട്ടുന്ന നിക്ലാസ് ഫുൾക്രഗ് ഈ സീസണിൽ അവർക്കായി ആദ്യ എട്ട് മത്സരദിനങ്ങളിൽ നിന്നും ഏഴു ഗോളുകൾ നേടിയിട്ടുണ്ട്.1985/86 ലെ ബുണ്ടസ്‌ലിഗ സീസണിലെ ആദ്യ എട്ട് മത്സരദിനങ്ങളിൽ റൂഡി വോളർ മാത്രമാണ് കൂടുതൽ ഗോളുകൾ നേടിയത് (8).14 മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ നേടി ബുണ്ടസ്‌ലിഗയിലെ ഏറ്റവും ഉയർന്ന ജർമ്മൻ ഗോൾ സ്‌കോററായാണ് ഫുൾക്രഗ് 2022 ലോകകപ്പ് ടീമിൽ എത്തുന്നത്.

കഴിഞ്ഞ സീസണിൽ ബ്രെമനെ ബുണ്ടസ് ലീഗയിലേക്ക് തിരിച്ചു കൊണ്ട് വരുന്നതിൽ താരം പ്രധാന പങ്ക് വഹിച്ചിരുന്നു. ഇന്നലത്തെ മത്സരത്തിൽ മത്സരത്തിൽ സ്‌പെയിനിനോട് തോറ്റാൽ ജർമ്മനി ആദ്യ റൗണ്ടിൽ തന്നെ പുറത്താവുമായിരുന്നു. എന്നാൽ ഇന്നലെ നേടിയ ഒരു പോയിന്റ് അവരുടെ രണ്ടാം റൌണ്ട് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.

Rate this post