അൺബീറ്റൺ റൺ മാത്രമല്ല,മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കി അർജന്റീന

അർജന്റീന ഇപ്പോൾ പഴയ അർജന്റീനയല്ല എന്നുള്ളത് ലോക ഫുട്ബോളിന് തെളിഞ്ഞിട്ട് നാളുകൾ ഏറെയായി. വിമർശകർക്കെല്ലാം ഞൊടിയിടയിൽ മറുപടി നൽകാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. കോപ്പ അമേരിക്ക കിരീടം നേടിയതോടുകൂടി ദീർഘകാലമായി അന്താരാഷ്ട്ര കിരീടമില്ല എന്ന പരാതിയെ അവസാനിപ്പിച്ചു കൊടുക്കുകയും ചെയ്തു.

മാത്രമല്ല കഴിഞ്ഞ 35 മത്സരങ്ങളിൽ ഒന്നിൽ പോലും അർജന്റീന പരാജയം അറിഞ്ഞിട്ടില്ല. 2019 കോപ്പ അമേരിക്ക സെമിയിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ബ്രസീലിനോട് പരാജയപ്പെട്ടതിനു ശേഷം പിന്നീട് ഒരൊറ്റ മത്സരം പോലും അർജന്റീന പരാജയപ്പെട്ടിട്ടില്ല. ഇറ്റലി, ബ്രസീൽ എന്നീ വമ്പന്മാർക്ക് അർജന്റീനയുടെ ഈ കുതിപ്പിന് മുന്നിൽ കാലിടറുകയും ചെയ്തു.

എന്നാൽ ഈ 35 മത്സരങ്ങളിലെ അപരാജിത കുതിപ്പ് മാത്രമല്ല, അർജന്റീന സ്വന്തമാക്കിയ മറ്റൊരു റെക്കോർഡ് കൂടി ടിവൈസി ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് കഴിഞ്ഞ രണ്ട് വർഷത്തോളമായി അർജന്റീന ഒരൊറ്റ മത്സരത്തിൽ പോലും പിറകിൽ പോയിട്ടില്ല എന്നുള്ളതാണ്.അവസാനമായി അർജന്റീന ഒരു മത്സരത്തിൽ പിറകിൽ പോയത് 2020-ലാണ്. അതായത് 26 മത്സരങ്ങളിൽ പിറകിൽ പോവാതെ പൂർത്തിയാക്കാൻ അർജന്റീനക്ക് കഴിഞ്ഞു എന്നുള്ളത് റെക്കോർഡ് തന്നെയാണ്.

2020 നവംബർ 12ആം തീയതി നടന്ന മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ പരാഗ്വയായിരുന്നു.പരാഗ്വ താരം എയ്ഞ്ചൽ റൊമേറോ നേടിയ ഗോളിന് അർജന്റീന പിറകിൽ പോവുകയായിരുന്നു. എന്നാൽ പിന്നീട് അർജന്റീന തിരിച്ചടിക്കുകയും മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.ആ മത്സരത്തിനുശേഷം ഒരൊറ്റ മത്സരത്തിൽ പോലും അർജന്റീനക്ക് പിറകോട്ട് പോകേണ്ടി വന്നിട്ടില്ല.

അർജന്റീന എന്ന ടീമിന്റെ ഡിഫൻസിന്റെ കരുത്തും ഗോൾകീപ്പറുടെ മികവുമൊക്കെയാണ് ഈയൊരു കണക്കിലൂടെ തെളിഞ്ഞു കാണുന്നത്. അവസാനമായി കളിച്ച 15 മത്സരങ്ങളിൽ നിന്ന് കേവലം മൂന്ന് ഗോളുകൾ മാത്രമാണ് അർജന്റീന വഴങ്ങിയിട്ടുള്ളത്. ചുരുക്കത്തിൽ എല്ലാ മേഖലകളിലും തിളങ്ങുന്ന അർജന്റീനയാണ് ആരാധകർക്ക് ഇപ്പോൾ ഏറെ പ്രതീക്ഷകൾ നൽകുന്നത്.

Rate this post