ജെറാർഡ് പിക്വയടക്കം മൂന്നു താരങ്ങൾ സാവിയുടെ പദ്ധതികളിലില്ല

നിരവധി വർഷങ്ങളായി ബാഴ്‌സലോണ പ്രതിരോധത്തിലെ നെടുംതൂൺ ആയിരുന്നു സ്‌പാനിഷ്‌ താരം ജെറാർഡ് പിക്വ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ബാഴ്‌സയിൽ തിരിച്ചെത്തിയതിനു ശേഷം ബാഴ്‌സലോണക്കൊപ്പം നിരവധി നേട്ടങ്ങളിൽ താരം പങ്കാളിയാവുകയും ചെയ്‌തു. ക്ലബ് നേതൃത്വവുമായി എല്ലായിപ്പോഴും അടുത്ത ബന്ധം പുലർത്തുകയും ക്ലബിനുള്ളിലെ തീരുമാനങ്ങളിൽ അഭിപ്രായം നൽകുകയും ചെയ്യുന്ന പിക്വ ബാഴ്‌സയുടെ ഭാവി പ്രസിഡന്റായും വിലയിരുത്തപ്പെടാറുണ്ട്.

ബാഴ്‌സയിൽ പിക്വ ഒരു പ്രധാനിയാണെങ്കിലും ഈ സീസൺ ആരംഭിച്ചതിനു ശേഷം താരം ഒരു മത്സരത്തിൽ പോലും താരം ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടില്ല. ഇതിനു കാരണം താരമടക്കം മൂന്നു കളിക്കാർ സാവിയുടെ പദ്ധതികളിൽ ഇല്ലാത്തതു കൊണ്ടാണെന്നാണ് സ്‌പാനിഷ്‌ മാധ്യമം സ്പോർട്ട് വെളിപ്പെടുത്തുന്നത്. ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ എത്തിച്ച് പുതിയൊരു ടീമിനെ ഉണ്ടാക്കിയെടുക്കാൻ സാവി ശ്രമിച്ചു കൊണ്ടിരിക്കെ പിക്വയടക്കമുള്ള താരങ്ങൾ അതിന്റെ ഭാഗമല്ലെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പിക്വക്കു പുറമെ മധ്യനിര താരമായ മിറാലം പ്യാനിച്ച്, മുന്നേറ്റനിര താരമായ മെംഫിസ് ഡീപേയ് എന്നീ കളിക്കാരാണ് സാവിയുടെ പദ്ധതികളിൽ ഇല്ലാത്തത്. അവസരങ്ങൾ കുറയുമെന്നതിനാൽ പ്യാനിച്ച് ബാഴ്‌സലോണ വിടാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ക്ലബിലേക്കാവും താരം ചേക്കേറുക. അതേസമയം ബാഴ്‌സ വിടാനുള്ള ഓഫറുകൾ ലഭിച്ചിട്ടും അത് പരിഗണിക്കാതിരുന്ന മെംഫിസ് ക്ലബിനൊപ്പം തന്നെ തുടരാനാണ് സാധ്യത. ഒബാമയാങ് ചെൽസിയിൽ എത്തിയതോടെ ഡീപേയെ ലെവൻഡോസ്‌കിയുടെ ബാക്കപ്പായി സാവി ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഈ മൂന്നു താരങ്ങളെ ടീം റൊട്ടേഷന് വേണ്ടിയും സാവി ഉപയോഗിച്ചേക്കും.

പ്രതിരോധത്തിൽ റൊണാൾഡോ അറഹോ, എറിക് ഗാർസിയ, ജൂൾസ് കൂണ്ടെ, ആന്ദ്രെസ് ക്രിസ്റ്റിൻസെൻ എന്നീ താരങ്ങൾ എത്തിയതോടെയാണ് പിക്വ സാവിയുടെ പദ്ധതികളിൽ നിന്നും പൂർണമായും ഇല്ലാതായത്. അതുകൊണ്ടു തന്നെ ഈ സീസൺ അവസാനിക്കുന്നതോടെ താരം ബാഴ്‌സലോണയിൽ നിന്നും വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. സ്പെയിൻ ദേശീയ ടീമിൽ നിന്നും കഴിഞ്ഞ ലോകകപ്പിനു ശേഷം തന്നെ പിക്വ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

സാവി പരിശീലകനായി എത്തിയത് ബാഴ്‌സലോണയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിക്കില്ലെന്നു പ്രതീക്ഷിച്ച ടീമിനെ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിടുന്നു. സാവിയുടെ ടീം ഇനിയും കെട്ടിപ്പടുക്കാൻ ബാക്കിയുണ്ടെങ്കിലും ഈ സീസണിൽ ക്ലബ് മികച്ച പ്രകടനം നടത്തുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post