ടീമിലിടം നൽകാത്തതിൽ ക്ഷമ നശിച്ച് ഡിബാല, യുവന്റസ് ചീഫുമായി വാക്കേറ്റമുണ്ടായെന്നു റിപ്പോർട്ടുകൾ

യുവന്റസ് ടീമിൽ നിന്നും നിരന്തരം തഴയപ്പെടുന്നതിൽ അർജന്റീനിയൻ സൂപ്പർതാരം ഡിബാലക്ക് കടുത്ത അതൃപ്തിയെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ക്രൊട്ടോണിനെതിരെ നടന്ന സീരി എ മത്സരത്തിൽ സ്ക്വാഡിലിടം പിടിച്ചിട്ടും കളിക്കാനുള്ള അവസരം നൽകാത്തതിൽ യുവന്റസ് ചീഫായ പരറ്റിസിയുമായി താരം വാക്കുതർക്കം നടത്തിയെന്നാണ് ഇറ്റാലിയൻ മാധ്യമമായ ടുട്ടോസ്പോർട് റിപ്പോർട്ടു ചെയ്യുന്നത്.

യുവന്റസിനു വേണ്ടിയുള്ള കഴിഞ്ഞ നാലു സീരി എ മത്സരങ്ങളിലും ഡിബാലക്ക് അവസരം ലഭിച്ചിട്ടില്ലായിരുന്നു. കഴിഞ്ഞ മത്സരത്തിൽ താരം കളിക്കാനിറങ്ങുമെന്നു പ്രതീക്ഷിച്ചെങ്കിലും യുവതാരങ്ങളായ കുളുസേവ്സ്കി, പോർട്ടനോവ എന്നിവർക്കാണ് പിർലോ അവസരം നൽകിയത്. മത്സരത്തിന്റെ മുഴുവൻ സമയവും ബെഞ്ചിലിരിക്കേണ്ടി വന്നതിനെ തുടർന്നാണ് ഡിബാല അസ്വാരസ്യം പ്രകടിപ്പിച്ചത്.

എന്നാൽ അർജന്റീനിയൻ താരത്തിന് അവസരം നൽകാത്തതിന്റെ കാരണം മതിയായ ട്രയിനിംഗ് ലഭിക്കാത്തതു മൂലമാണെന്നാണ് പിർലോ പറഞ്ഞത്. തലേ ദിവസമുള്ള ട്രയിനിംഗ് സെഷനിൽ പത്തു മിനുട്ടു മാത്രമാണ് താരം പങ്കെടുത്തതെന്നും അതു മത്സരത്തിനിറങ്ങാൻ പര്യാപ്തമല്ലെന്നും പിർലോ സമനിലയിൽ പിരിഞ്ഞ മത്സരത്തിനു ശേഷം പറഞ്ഞിരുന്നു.

ഡിബാലയില്ലാതെ നാലു മത്സരങ്ങൾ കളിച്ച യുവന്റസ് രണ്ടു ജയവും രണ്ടു സമനിലയുമാണ് സ്വന്തമാക്കിയത്. ഡൈനാമോ കീവിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഇടമുണ്ടായില്ലെങ്കിൽ താരം ജനുവരിയിൽ ടീം വിടുന്ന കാര്യം ചിന്തിക്കുമെന്നുറപ്പാണ്.

Rate this post