“മെസി, നെയ്‌മർ, എംബാപ്പെ എന്നിവർ മികച്ച ഫോമിലാണെങ്കിലും പിഎസ്‌ജി ചാമ്പ്യൻസ് ലീഗ് നേടില്ല”- കാരണം വെളിപ്പെടുത്തി സ്‌പാനിഷ്‌ ഫുട്ബോൾ പണ്ഡിറ്റ്

കഴിഞ്ഞ സീസണിലെ തിരിച്ചടികളെ മറികടന്ന് ഈ സീസണിൽ പിഎസ്‌ജി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ സ്പോർട്ടിങ് ഡയറക്റ്ററെത്തി ട്രാൻസ്‌ഫർ മാർക്കറ്റിൽ മികച്ച ഇടപെടലുകൾ നടത്തിയതിനു പുറമെ ക്രിസ്റ്റഫെ ഗാൾട്ടിയാർ ടീമിന്റെ പരിശീലകനായി എത്തിയതും ലയണൽ മെസി, നെയ്‌മർ എംബാപ്പെ ത്രയം ഒത്തിണക്കത്തോടെ കളിക്കാൻ തുടങ്ങിയതുമെല്ലാമാണ് പിഎസ്‌ജിയുടെ ഫോമിനു കാരണം. ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും പിഎസ്‌ജി തൊട്ടിട്ടുമില്ല.

എന്നാൽ പിഎസ്‌ജിയിലെ മുന്നേറ്റനിര താരങ്ങളായ ലയണൽ മെസി, നെയ്‌മർ, എംബാപ്പെ എന്നിവർ മികച്ച ഫോമിൽ കളിക്കുന്നുണ്ടെങ്കിലും ഈ സീസണിൽ അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധ്യതയില്ലെന്നാണ് സ്‌പാനിഷ്‌ ഫുട്ബോൾ പണ്ഡിറ്റായ ഗ്വില്യം ബലാഗൂ പറയുന്നത്. ഈ മൂന്നു താരങ്ങൾ പിഎസ്‌ജി മുന്നേറ്റനിരയിൽ ഒത്തിണക്കത്തോടെ കളിക്കുന്നത് ടീമിന് ഗുണം ചെയ്യുമെങ്കിലും മത്സരങ്ങളിൽ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇവർ പുറകിലാണെന്നതു കൊണ്ടാണ് ചാമ്പ്യൻസ് ലീഗിൽ ടീം പുറകോട്ടു പോകുമെന്ന് അദ്ദേഹം പറയുന്നത്.

“വളരെയധികം ഊർജ്ജസ്വലനായി കളിക്കുന്ന നെയ്‌മറും മെസിയും അതിനൊപ്പം എംബാപ്പയെയും ലഭിച്ചാൽ മുന്നേറ്റനിരയിൽ ഒരുപാട് കാര്യങ്ങൾ നടക്കുമെന്നതിൽ സംശയവുമില്ല. ഈ മൂന്നു താരങ്ങളും പ്രതിരോധിക്കില്ലെന്നതാണ് കുഴപ്പം. ഈ മൂന്നു താരങ്ങൾ പ്രതിരോധിക്കാതെ ഒരു കിരീടവും നേടാനും കഴിയില്ല. എനിക്കങ്ങനെ തോന്നുന്നില്ല.” സിബിഎസ് സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഗ്വില്യം ബലാഗൂ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ മക്കാബി ഹൈഫക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഈ മൂന്നു താരങ്ങളും ഗോൾ നേടിയിരുന്നു. ഇരുപത്തിയാറു ഗോളുകളാണ് ഈ സീസണിൽ ഈ മൂന്നു താരങ്ങൾ ചേർന്നു നേടിയിരിക്കുന്നത്. അസിസ്റ്റുകൾ ഉൾപ്പെടെ ഈ സീസണിൽ 41 ഗോളുകളിൽ പങ്കാളിയായ ഈ കൂട്ടുകെട്ട് മികച്ച ഫോമിൽ മുന്നോട്ടു കുതിക്കുമ്പോഴും പിഎസ്‌ജി പ്രതിരോധം വിള്ളുന്നതിനെ കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ മത്സരത്തിനു ശേഷം അതു പലരും ചൂണ്ടിക്കാട്ടുകയും ചെയ്‌തു.

കഴിഞ്ഞ മത്സരത്തിനു ശേഷം പിഎസ്‌ജി പരിശീലകൻ ഗാൾട്ടിയറും ഈ മൂന്നു താരങ്ങൾ പ്രതിരോധത്തിൽ പാളിച്ചകൾ സൃഷ്‌ടിക്കുന്നുണ്ടെന്നു സമ്മതിച്ചിരുന്നു. ടീമിന്റെ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഈ മൂന്നു താരങ്ങളിൽ ഒരാളെ പിഎസ്‌ജി പരിശീലകൻ വരുന്ന പ്രധാന മത്സരങ്ങളിൽ പുറത്തിരുത്തുമെന്ന റിപ്പോർട്ടുകളും ഇപ്പോൾ പുറത്തു വരുന്നുണ്ട്.

Rate this post