അർജന്റീനയെ ഞെട്ടിച്ച് സൗദി ,മെസ്സിയെ കാഴ്ചക്കാരനാക്കി തകർപ്പൻ വിജയവുമായി സൗദി അറേബ്യ||Qatar 2022 |Argentina |Saudi Arabia

ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൗദിയുടെ തകർപ്പൻ ജയം.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി വിജയം നേടിയെടുത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ലയണൽ മെസ്സിയുടെ അര്ജന്റീനക്കെതിരെ രണ്ടാം പകുതിയിൽ രണ്ടു തകർപ്പൻ ഗോളുകൾ നേടി സൗദി വിജയം ഉറപ്പിക്കുകയായിരുന്നു.ഇതോടെ അർജന്റീനയുടെ 36 മത്സരങ്ങളുടെ അപരാജിത കുതിപ്പിന് അവസാനം ആവുകയും ചെയ്തു. ലയണൽ മെസ്സിയാണ് അർജന്റീനക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ ര്രാൻഡ്മാ പകുതിയിൽ മെസ്സിക്ക് മികവ് പുലർത്താനും അർജന്റീനയെ തോൽ‌വിയിൽ നിന്നും രക്ഷിക്കാനും സാധിച്ചില്ല.

അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും ഡി മരിയ തുടങ്ങി വെച്ച മുന്നേറ്റത്തിൽ നിന്നും ലഭിച്ച പന്തിൽ നിന്നും ലയണൽ മെസ്സി തൊടുത്ത ഷോട്ട് മികച്ചൊരു സേവിലൂടെ സൗദി കീപ്പർ തട്ടിയകറ്റി. 9 ആം മിനുട്ടിൽ ലയണൽ മെസ്സിയിലൂടെ അര്ജന്റീന മുന്നിലെത്തി.പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.

സൗദി കീപ്പറെ നിസ്സാഹയകനാക്കി മെസി അനായാസം പെനാൽറ്റി വലയിലാക്കി. ഇതോടെ നാല് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്റീന താരമായി ലിയോ മെസ്സി. 21 ആം മിനുട്ടിൽ മെസ്സി അർജന്റീനയുടെ രണ്ടമത്തെ ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 27 ആം മിനുട്ടിൽ അര്ജന്റീന രണ്ടമത്തെ ഗോളും നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു . മധ്യ നിരയിൽ നിന്നും പപ്പു ഗോമസ് കൊടുത്ത ത്രൂ ബോൾ മനോഹരമായി ഇന്റർ മിലാൻ സ്‌ട്രൈക്കർ ഫിനിഷ് ചെയ്‌തെങ്കിലും ഓഫ്‌സൈഡ് വീണ്ടും വില്ലനായി മാറി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജന്റീനയെ ഞെട്ടിച്ചു കൊണ്ട് സൗദി സമനില ഗോൾ നേടി. 11 ആം നമ്പർ താരം സാലിഹ് അൽ ഷെഹ്‌റിയാണ് ഗോൾ നേടിയത്.ഫിറാസ് അൽ ബുറൈകാൻ കൊടുത്ത പാസ്സിൽ നിന്നും മികച്ചൊരു ഇടം കാൽ ഷോട്ടിലൂടെയാണ് താരം ഗോൾ നേടിയത്. ഗോൾ നേടിയതോടെ സൗദി കൂടുതൽ ആക്രമിച്ചു കളിച്ചു. 52 ആം മിനുട്ടിൽ സൗദി രണ്ടമത്തെ ഗോൾ നേടി അർജന്റീനയെ ഞെട്ടിച്ചു. അര്ജന്റീന ഡിഫെൻഡർമാരുടെ പിഴവിൽ നിന്നും ബോക്സിനുള്ളിൽ വെച്ച് പന്ത് കിട്ടിയ സേലം അൽ ദൗസരി മികച്ചൊരു കർവിങ് ഷോട്ടിലൂടെ വലയിലെത്തിച്ചു.

ജൂലിയന്‍ അല്‍വാരെസ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരെ പകരക്കാരായി ഇറക്കി അര്‍ജന്റീന പരിശീലകന്‍ സ്‌കലോണി. സമനില ഗോൾ നേടാനായി അര്ജന്റീന കഠിനമായി ശ്രമിച്ചു കൊണ്ടേയിരുന്നു. 63 ആം മിനുട്ടിൽ സമനില ഗോൾ നേടാൻ അർജന്റീനക്ക് സുവർണാവസരം ലഭിച്ചു . എന്നാൽ പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്നുള്ള നിക്കോളാസ് ടാഗ്ലിയാഫിക്കോയുടെ ശ്രമം ഗോൾ കീപ്പർ മുഹമ്മദ് അൽ ഒവൈസ് അത്ഭുതകരമായ സേവ് നടത്തി തടഞ്ഞു.

അർജന്റീനയുടെ എല്ലാ മുന്നേറ്റങ്ങളും സൗദി താരങ്ങൾ ഫലപ്രദമായി തടഞ്ഞു. അവസരം കിട്ടുമ്പോഴെല്ലാം സൗദി ആക്രമണം നടത്തുകയും ചെയ്തു. 71 ആം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ ബോക്‌സിനുള്ളിൽ നിന്നും ഷോട്ട് അടിച്ചെങ്കിലും സൗദി കീപ്പർ ഹമ്മദ് അൽ ഒവൈസിനി മറികടക്കാനായില്ല. 1974 നു ശേഷം ആദ്യമായാണ് അര്ജന്റീന വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ രണ്ടു ഗോൾ വഴങ്ങുന്നത്. 76 ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ ഹെഡ്ഡർ ക്രോസ്സ് ബാറിന് മുകളിലൂടെ പോവുകയും ചെയ്തു . ൭൮ ആം മിനുട്ടിൽ മെസ്സിയുടെ ഫ്രീകിക്ക് മുകളിലൂടെ പറന്നു.

83 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും വന്ന ക്രോസിൽ നിന്നുമുള്ള മെസ്സിയുടെ ഹെഡ്ഡർ സൗദി ഗോൾ കീപ്പർ അനായാസം കൈപ്പിടിയിൽ ഒതുക്കി.അവസാന അഞ്ചു മിനുട്ടിൽ അര്ജന്റീന സമനില ഗോളിനായി നിരന്തരം ആക്രമണം അഴിച്ചിവിട്ടെങ്കിലും ലക്‌ഷ്യം കാണാൻ സാധിച്ചില്ല.ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ സൗദി താരം യാസർ അൽ ഷഹ്‌റാനിക്ക് പരിക്കേറ്റു.സ്ട്രച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ട് പോയത്.അവസാന നിമിഷത്തിൽ ജൂലിയൻ അൽവാരസിന്റെ ഹെഡ്ഡർ സൗദി കീപ്പർ കയ്യിലൊതുക്കി.

Rate this post