മെക്സിക്കോക്കെതിരെ ജീവൻ മരണ പോരാട്ടം, സ്കലോനി നടത്തുക വലിയ മാറ്റങ്ങൾ| Qatar 2022 |Argentina
ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ അർജന്റീന ഞെട്ടിപ്പിക്കുന്ന ഒരു തോൽവി വഴങ്ങേണ്ടി വന്നിരുന്നു. അനായാസ വിജയപ്രതീക്ഷിച്ച മത്സരത്തിൽ സൗദി അറേബ്യ മികച്ച പ്രകടനം നടത്തിക്കൊണ്ട് അർജന്റീനയെ ഞെട്ടിക്കുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സൗദി അറേബ്യ അർജന്റീനയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീന ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ സൗദി തിരിച്ചടിക്കുകയായിരുന്നു.
ഇതോടെ അർജന്റീനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ സങ്കീർണമായി. കാരണം സൗദിയെക്കാൾ ശക്തരായ പോളണ്ട്, മെക്സിക്കോ എന്നിവരാണ് അർജന്റീനയുടെ ഇനിയുള്ള എതിരാളികൾ. ഈ രണ്ടു മത്സരങ്ങളിലും അർജന്റീനക്ക് വിജയം അനിവാര്യമാണ്.എന്നാൽ അർജന്റീനക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കും.
അടുത്ത മത്സരം അർജന്റീന കളിക്കുക മെക്സിക്കോക്കെതിരെയാണ്. ഈ മത്സരത്തിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ് അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണിയുള്ളത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്നും നാലു മാറ്റങ്ങൾ അർജന്റീനയുടെ പരിശീലകൻ നടത്തിയേക്കും. ജീവൻ മരണ പോരാട്ടത്തിൽ വിജയം മാത്രമാണ് അർജന്റീനയുടെ ലക്ഷ്യം.
ഡിഫന്ററായ ക്രിസ്റ്റ്യൻ റൊമേറോക്ക് ആദ്യ ഇലവനിലെ സ്ഥാനം നഷ്ടമാവും. താരത്തിന് ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ആ സ്ഥാനത്തേക്ക് ലിസാൻഡ്രോ മാർട്ടിനസ് ആയിരിക്കും ഇടം നേടുക. കൂടാതെ 2 വിങ് ബാക്കുമാരുടെ കാര്യത്തിലും മാറ്റങ്ങൾ ഉണ്ടാവും നിക്കോളാസ് ടാഗ്ലിയാഫിക്കോക്ക് പകരം മാർക്കോസ് അക്കൂനയും നൂഹേൽ മൊളീനക്ക് പകരം ഗോൺസാലോ മോന്റിയേലും സ്ഥാനം കണ്ടെത്തും.
Possible changes for Argentina vs. Mexico at World Cup. https://t.co/coE3JyGMNl pic.twitter.com/hCchcEKamA
— Roy Nemer (@RoyNemer) November 23, 2022
മധ്യനിരയിൽ പപ്പു ഗോമസിന് തന്റെ സ്ഥാനം നഷ്ടമാണ്. പകരമായി കൊണ്ട് എൻസോ ഫെർണാണ്ടസ്,മാക്ക് ആല്ലിസ്റ്റർ എന്നിവരിൽ ഒരാളായിരിക്കും ഇടം നേടുക.ഇതൊക്കെയാണ് അർജന്റീനയുടെ പരിശീലകൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ.അങ്ങനെയാണെങ്കിൽ അർജന്റീനയുടെ മെക്സിക്കോക്കെതിരെയുള്ള ഇലവൻ ഇതായിരിക്കും.Emiliano Dibu Martínez; Acuña, Lisandro Martínez, Otamendi, Montiel; Enzo or Mac Allister, Paredes, De Paul; Di María, Lautaro, Messi
മെക്സിക്കോക്കെതിരെയുള്ള മത്സരത്തിൽ അർജന്റീന മികച്ച പ്രകടനം നടത്തുകയും മികച്ച വിജയം നേടുകയും വേണം.അതിന് കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.