മെസ്സി ,നെയ്മർ ,വിനീഷ്യസ് ….. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബോൾ ആര് നേടും? |Qatar 2022
ഈ വർഷം നവംബർ മാസത്തിൽ ഖത്തറിൽ വച്ചാണ് ഫിഫ ലോകകപ്പ് അരങ്ങേറുന്നത്. ലോക കിരീടം സ്വന്തം രാജ്യത്തിനുവേണ്ടി നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരിക്കും എല്ലാ കളിക്കാരും ഫുട്ബോൾ വേൾഡ് കപ്പിന് എത്തുന്നത്. കഴിഞ്ഞവർഷത്തെ ചാമ്പ്യന്മാരായ ഫ്രാൻസ് കിരീടം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആയിരിക്കും ഖത്തറിലേക്ക് പറക്കുക. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും വളരെ മികച്ച സ്ക്വാഡ് ഫ്രാൻസിനുണ്ട്.
ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനെ തിരഞ്ഞെടുക്കുവാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും. എല്ലാ ടീമുകളിലും അത്രയധികം മികച്ച കളിക്കാരുണ്ട്. 1982 ലോകകപ്പിലാണ് ആദ്യമായി മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നൽകുവാൻ തുടങ്ങിയത്. അന്ന് തുടങ്ങിയതിനു ശേഷം ഇതുവരെയും 10 വ്യത്യസ്തമായ കളിക്കാർ ഗോൾഡൻ ബോൾ അവാർഡിന് അർഹരായിട്ടുണ്ട്. ഏത് ടീമാണ് ഇത്തവണ ലോക കിരീടം നേടുക എന്ന കാത്തിരിക്കുന്നത് പോലെ തന്നെ എല്ലാ ആരാധകരും കാത്തിരിക്കുന്ന ഒന്നാണ് ആരായിരിക്കും മികച്ച കളിക്കാരൻ എന്ന്. ഇതുവരെയുള്ള പ്രകടനങ്ങൾ വച്ച് ഈ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യതയുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് അർഹരായിട്ടുള്ള അഞ്ച് കളിക്കാരെ പരിചയപ്പെടാം.
5- വിനീഷ്യസ് ജൂനിയർ-ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായിട്ടുള്ള ബ്രസീൽ ഇത്തവണത്തെ ലോക കിരീടം നേടുവാൻ സാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിൽ തന്നെയുണ്ട്. മറ്റു ടീമുകളിലെ അപേക്ഷിച്ച് ബ്രസീലിൻ്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ എല്ലാ മുൻനിര ലീഗുകളിൽ കളിക്കുന്ന ടീമുകളിലെ അറ്റാക്കന്മാരിൽ ഒരു ബ്രസീലിയൻ താരമെങ്കിലും ഉണ്ടാകും. ലോകകപ്പിന് എത്തുന്ന ബ്രസീലിന് എന്തുതന്നെയായാലും ഇക്കാര്യം ഒരു മുതൽക്കൂട്ടാണ്. അങ്ങനെയുള്ള ബ്രസീലിൻ്റെ താരമാണ് സ്പാനിഷ് ലീഗിൽ റയൽ മാഡ്രിനു വേണ്ടി കളിക്കുന്ന 22 വയസ്സുകാരനായ വിനീഷ്യസ് ജൂനിയർ. കഴിഞ്ഞ സീസണിൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിനു വേണ്ടി കാഴ്ചവച്ചത്. 52 മത്സരങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് ഗോളുകളും 20 അസിസ്റ്റുകളും ആണ് കഴിഞ്ഞ സീസണിൽ മാത്രം ഈ 22 വയസ്സുകാരൻ നേടിയത്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ ലോസ് ബ്ലാങ്കോസിനു വേണ്ടി ഫൈനലിൽ ഗോൾ നേടിയത് ഈ 22 വയസ്സുകാരനായ ബ്രസീലിയൻ വിങർ ആയിരുന്നു. അതുകൊണ്ടുതന്നെ തീർച്ചയായും ഇത്തവണത്തെ ലോകകപ്പിൽ ഗോൾഡൻ ബോൾ നേടാൻ സാധ്യതയുള്ള കളിക്കാരിൽ മുൻപന്തിയിൽ തന്നെ വിനീഷ്യസ് ജൂനിയർ ഉണ്ടാകും.
4- ലയണൽ മെസ്സി-ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒന്നാംസ്ഥാനത്തുള്ള താരമാണ് ലയണൽ മെസ്സി. ഒരുപക്ഷേ ഈ അർജൻ്റീനൻ ഇതിഹാസത്തിന്റെ അവസാന ലോകകപ്പ് ആയിരിക്കും ഇത്തവണത്തെത്. അതുകൊണ്ടുതന്നെ ഫുട്ബോളിലെ തനിക്ക് നേടാൻ സാധിക്കുന്ന മറ്റു എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ ലയണൽ മെസ്സി 2014ൽ തങ്ങളുടെ കൈയെത്തും ദൂരത്തു നിന്നും പോയ ലോക കിരീടം നേടുക എന്ന ഒറ്റ ലക്ഷ്യത്തോടെ തന്നെയായിരിക്കും ഖത്തറിലേക്ക് ടിക്കറ്റ് എടുക്കുന്നത്. 35 വയസ്സുകാരനായ ഏറ്റവും കൂടുതൽ ബാലൻ ഡീ ഓർ അവാർഡ് നേടിയ ലയണൽ മെസ്സി കഴിഞ്ഞ സീസണിൽ ബാഴ്സയിൽ നിന്നും പി എസ് ജി യിലേക്ക് ചേക്കേറിയുന്നു. തൻ്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മോശം പ്രകടനമായിരുന്നു കഴിഞ്ഞ സീസണൽ മെസ്സി കാഴ്ചവച്ചത്. എന്നാൽ ഇത്തവണ നാലു മത്സരങ്ങളിൽ നിന്നും രണ്ട് അസിസ്റ്റുകളും നാലു ഗോളുകളും നേടി തൻ്റെ പ്രതാപ കാലത്തേക്ക് തിരിച്ചെത്താൻ ശ്രമിക്കുകയാണ് ഈ അർജൻ്റീനൻ താരം. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പിലെ ഗോൾഡൻ ബോൾ മത്സരത്തിൽ തീർച്ചയായും ഈ 35 വയസ്സുകാരൻ ഉണ്ടാകും.
3- കിലിയൻ എംമ്പാപ്പെ-ലയണൽ മെസ്സി ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവയുടെ കാലങ്ങൾക്ക് ശേഷം ഫുട്ബോൾ ലോകം കീഴടക്കാൻ സാധ്യതയുള്ള കളിക്കാരിൽ എല്ലാ ഫുട്ബോൾ ആരാധകരും ഒരുപോലെ പ്രതീക്ഷ അർപ്പിക്കുന്ന താരമാണ് ഫ്രഞ്ച് താരം കിലിയൻ എംമ്പാപ്പെ. കഴിഞ്ഞതവണ ഫ്രാൻസ് ലോക കിരീടം നേടുമ്പോൾ അവരുടെ അറ്റാക്കിൽ എംമ്പാപ്പയും മുഖ്യപങ്ക് വഹിച്ചിരുന്നു. ഫ്രഞ്ച് ലീഗിൽ പി എസ് ജിയുടെ താരമായ എംമ്പാപ്പെ കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 39 ഗോളുകളും ഇരുപത്തിയാറ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലും തൻ്റെ ഗോളടിക്ക് ഒരു കുറവും താരം വരുത്തിയിട്ടില്ല. ഒരു ഹാട്രിക് അടക്കം രണ്ടു മത്സരങ്ങളിൽ നിന്ന് ഇതുവരെ നാലു ഗോളുകൾ ഫ്രഞ്ച് ലീഗിൽ താരം സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ തീർച്ചയായും ഗോൾഡൻ ബോൾ നേടുവാൻ എംമ്പാപ്പെക്ക് സാധ്യത ഏറെയാണ്.
2- കരീം ബെൻസിമ-തൻ്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് ഫ്രഞ്ച് സൂപ്പർതാരം കരിം ബെൻസീമ പോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച കളിക്കാനുള്ള യൂറോപ്യൻ ഫുട്ബോൾ അവാർഡ് സ്വന്തമാക്കിയത് ബെൻസിയായിരുന്നു. റയൽ മാഡ്രിനു വേണ്ടി കഴിഞ്ഞ സീസണിൽ അദ്ദേഹം നടത്തിയ പ്രകടനം കൊണ്ടാണ് അവാർഡ് സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചത്. 34 വയസ്സുകാരനായ ബെൻസിമ റയൽ മാഡ്രിഡിന് കഴിഞ്ഞ സീസണിൽ ലാലിഗയും ചാമ്പ്യൻസ് ലീഗും നേടിക്കൊടുത്തു. കഴിഞ്ഞ സീസണിൽ ലാലിഗയിലെയും ചാമ്പ്യൻസ് ലീഗിലെയും ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ബെൻസിമയാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പിൽ ഗോൾഡൻ ബോൾ നേടാൻ ബെൻസിമക്ക് സാധ്യത ഏറെയാണ്.
1- നെയ്മർ-നിലവിലെ ഫോൺ വെച്ച് 2022 ഖത്തർ ലോകകപ്പിൽ ഗോൾഡൻ ബോൾ ഏറ്റവും സാധ്യതയുള്ള കളിക്കാരൻ ബ്രസീലിയൻ താരമായ നെയ്മറാണ്. 30 വയസ്സുകാരനായ നെയ്മർ ഇതു തൻ്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ തൻ്റെ രാജ്യത്തിനുവേണ്ടി ലോക കിരീടം നേടുവാനും തൻ്റെ കരിയറിലെ അവസാന അവസരമായ ഗോൾഡൻ ബോൾ നേടുവാനും ഈ ബ്രസീലിയൻ താരം കഠിനപ്രയത്നം നടത്തുമെന്ന് ഉറപ്പാണ്. ഫ്രഞ്ച് ലീഗിൽ പി എസ് ജിയുടെ താരമായ നെയ്മർ ഇത്തവണത്തെ സീസണിൽ വളരെ മികച്ച പ്രകടനമാണ് തുടക്കത്തിൽ പുറത്തെടുക്കുന്നത്. നാലു മത്സരങ്ങളിൽ നിന്ന് ഇതുവരെ 7 ഗോളുകളും 6 അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു. ഈ ഫോം ലോകകപ്പിൽ തുടരുകയാണെങ്കിൽ തീർച്ചയായും ബ്രസീൽ ലോകകീടം നേടുവാനും നെയ്മർ ഗോൾഡൻ ബോൾ നേടുവാൻ സാധ്യതയുണ്ട്.