കസമീറോക്കു പിന്നാലെ മറ്റൊരു റയൽ മാഡ്രിഡ് താരം കൂടി പ്രീമിയർ ലീഗിലേക്ക്

ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയാണ് റയൽ മാഡ്രിഡിൽ നിന്നും ബ്രസീലിയൻ താരം കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. റയൽ മാഡ്രിഡിനൊപ്പം അഞ്ചു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള കസമീറോ ടീമിലെ ഏറ്റവും പ്രധാന താരമായിരിക്കുമ്പോഴാണ് റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനം എടുക്കുന്നത്. പുതിയ വെല്ലുവിളികൾ നേരിടുന്നതിനു വേണ്ടിയാണ് താൻ പ്രീമിയർ ലീഗിലേക്ക് ചേക്കേറിയതെന്നു പറഞ്ഞ ബ്രസീലിയൻ താരം കഴിഞ്ഞ പ്രീമിയർ ലാഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി തന്റെ അരങ്ങേറ്റം നടത്തുകയും ചെയ്‌തു.

കസമീറോക്കു പിന്നാലെ മറ്റൊരു റയൽ മാഡ്രിഡ് താരം കൂടി പ്രീമിയർ ലീഗിലേക്കു ചേക്കാറാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡല്ല, പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണലാണ് റയൽ മാഡ്രിഡ് താരത്തെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. റയൽ മാഡ്രിഡിനൊപ്പം മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അടക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയ മുന്നേറ്റനിര താരം മാർകോ അസെൻസിയോയാണ് ആഴ്‌സണലിലേക്ക് ചേക്കേറാനൊരുങ്ങുന്നതെന്ന് ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോയാണ് വെളിപ്പെടുത്തിയത്.

റയൽ മാഡ്രിഡിൽ അവസരങ്ങൾ പരിമിതമായ അസെൻസിയോയോട് പുതിയ ക്ലബ്ബിനെ കണ്ടെത്താൻ പരിശീലകൻ കാർലോ ആൻസലോട്ടി നേരത്തെ തന്നെ പറഞ്ഞിരുന്നു. ലോകകപ്പ് അടുത്തിരിക്കെ സ്പെയിൻ ദേശീയ ടീമിലെ സ്ഥാനം ഉറപ്പിക്കാൻ താരത്തിന് അതനിവാര്യമാണ്. അസെൻസിയോയുടെ ഏജന്റ് ആഴ്‌സണലുമായി ലണ്ടനിൽ വെച്ച് ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ആഴ്‌സണലിനു പുറമെ കഴിഞ്ഞ സീസണിലെ സീരി എ ജേതാക്കളായ എസി മിലാനിലേക്കും അസെൻസിയോ ചേക്കേറാൻ സാധ്യതയുണ്ടെന്നും റൊമാനോ പറയുന്നു.

2017-18 സീസണിൽ നടത്തിയ പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു അസെൻസിയോ എങ്കിലും റയൽ മാഡ്രിഡ് ടീമിൽ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാൻ താരത്തിന് കഴിഞ്ഞില്ല. വിനീഷ്യസ്, റോഡ്രിഗോ തുടങ്ങിയ താരങ്ങൾ എത്തിയതോടെ അവസരങ്ങൾ പരിമിതമായ താരം ഇതുവരെ 236 മത്സരങ്ങളിൽ നിന്നും 49 ഗോളുകളും 24 അസിസ്റ്റുകളുമാണ് റയൽ മാഡ്രിഡിനു വേണ്ടി സ്വന്തമാക്കിയത്. പ്രതിഭയുള്ള താരമായ അസെൻസിയോയെ തേച്ചു മിനുക്കാൻ കഴിഞ്ഞാൽ ഇനിയും മികച്ച പ്രകടനം താരത്തിന് നടത്താൻ കഴിയും.

Rate this post