❝ക്രിസ്റ്റ്യൻ എറിക്‌സൺ സംഭവം ടീമിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ഡെൻമാർക്ക് ക്യാപ്റ്റൻ സൈമൺ കെയാർ ❞

യൂറോകപ്പിൽ അവശ്വസനീയമായ കുതിപ്പാണ് ഡെന്മാർക്ക് നടത്തിയത്.ഈ യൂറോയിലെ കറുത്ത കുതിരകൾ എന്ന സ്ഥിതി വിശേഷണം ഏറ്റവും കൂടുതൽ ചേരുന്ന ടീമും ഡെന്മാർക്ക് ടീമിന് തന്നെയാണ്. ഫിൻലാൻഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ ഹൃദയസ്തംഭനം മൂലം പുറത്തു പോയ സൂപ്പർ താരം ക്രിസ്റ്റിയൻ എറിക്‌സിന്റെ അഭാവത്തിലും അത്ഭുതകരമായ പ്രകടനം തന്നെയാണ് ഡെൻമാക്ക്. എറിക്സന്റെ വീഴചയിലുള്ള ഷോക്കിൽ നിന്നും പെട്ടെന്ന് തന്നെ കരകയറി മിന്നുന്ന പ്രകടനത്തോടെയാണ് അവർ സെമിയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഡെന്മാർക്കിന്റെ ഈ ഉയർത്തെഴുനേൽപ്പിൽ ക്യാപ്റ്റൻ സൈമൺ കെയറിന്റെ പങ്ക് വളരെ വലുതാണ്. ഒരു ടീമിൽ ക്യാപ്റ്റന്റെ ചുമതല എന്താണെന്നു കാണിച്ചു തന്നത് ഡാനിഷ് ക്യാപ്റ്റനായിരുന്നു.ക്രിസ്റ്റ്യൻ എറിക്സൺ ആദ്യ മത്സരത്തിൽ വീണ സംഭവം പിന്നീടു ടീമിലെ താരങ്ങളെ ഒറ്റക്കെട്ടായി പൊരുതാൻ സഹായിച്ചുവെന്ന് ഡെന്മാർക്ക് നായകൻ അഭിപ്രായപ്പെട്ടു. ആ സംഭവത്തിനു ശേഷം ടീമിൽ വന്ന മാറ്റം ഞങ്ങളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോയി എന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളിലൊരാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ കൂടെ മറ്റുള്ളവരിലൊരാൾ ഉണ്ടാകുമെന്നും ഞങ്ങൾക്കറിയാമായിരുന്നു എന്നും ക്യാപ്റ്റൻ അഭിപ്രായപ്പെട്ടു .

ആദ്യ മത്സരത്തിൽ ഫിൻലാൻഡിനോടും രണ്ടാം മത്സരത്തിൽ ബെൽജിയത്തിനോടും പരാജയപ്പെട്ട ഡെന്മാർക്ക് പ്രീ ക്വാർട്ടർ സ്വപ്‌നങ്ങൾ ഏറെക്കുറെ ഉപേക്ഷിച്ചിരുന്നു. എന്നാൽ അവസാന മത്സരത്തിൽ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപെടുത്തി പ്രീക്വാർട്ടറിൽ സ്ഥാനം ഉറപ്പിച്ചു. പ്രീ ക്വാർട്ടറിൽ വെയ്ൽസിനെ അനായാസം കീഴടക്കിയ അവർ ഇന്നലെ നടന്ന ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപെടുത്തി സെമിയിൽ എത്തിയിരിക്കുകയാണ്.വെബ്ലിയിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് ഡെന്മാർക്കിന്റെ എതിരാളികൾ.

ഒരു മത്സരവും പരാജയപെടാതെയും ഒരു ഗോൾ പോലും വഴങ്ങാതെയാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും താരതമ്യേന ശക്തരല്ലാത്ത ടീമുകളെ ലഭിച്ച ഡെന്മാർക്കിക്കിനു ഇംഗ്ലണ്ടിൽ നിന്നും വലിയ വെല്ലുവിളി നേരിടേണ്ടി വരും എന്നതിൽ സംശയമില്ല. ഇംഗ്ലണ്ടിനെ അവരുടെ നാട്ടിൽ മറികടക്കുക ഡെന്മാർക്കിനു പ്രയാസമാണെങ്കിലും ഒന്നും നഷ്ടപ്പെടാനില്ലെന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.

1992 ലെ യൂറോ കപ്പിൽ അപ്രതീക്ഷിത പ്രകടനത്തോടെ കിരീടത്തിൽ മുത്തമിട്ട് ചരിത്രമുള്ള ഡെന്മാർക്കിന് അതെ ചരിത്രം വീണ്ടും ആവർത്തിക്കുക എന്ന ലക്ഷ്യവും കൂടിയുണ്ട്. കളിക്കളത്തിൽ വീണുപോയ തങ്ങളുടെ പ്രിയപ്പെട്ട സഹതാരം എറിക്‌സൺ വേണ്ടി കിരീടം നേടുക എന്ന ലക്‌ഷ്യം മുൻ നിർത്തി പൊരുതാൻ ഉറച്ചു തന്നെയാണ് ഡെന്മാർക്ക് സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്.

Rate this post