‘ലോകത്തിലെ ഏറ്റവും മികച്ച ഒമ്പതാം നമ്പർ താരങ്ങളിൽ ഒരാൾ…’: ലിവർപൂൾ താരം ഡാർവിൻ ന്യൂനസിനെ പ്രശംസിച്ച് ലൂയിസ് സുവാരസ് | Darwin Nunez |Luis Suarez

ലിവർപൂൾ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനസിന്റെ പ്രകടനത്തെ പ്രശംസിച്ച് ഉറുഗ്വേൻ ഇതിഹാസ താരം ലൂയിസ് സുവാരസ്.കഴിഞ്ഞ വർഷം ലിവർപൂളിൽ ചേർന്ന നൂനെസിന് ഗോളിന് മുന്നിൽ ചില സമയങ്ങളിൽ ലഭിച്ച അവസരങ്ങൾ പൂർണമായി വിനിയോഗിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ താരത്തിന്റെ സമീപകാലത്തെ ദേശീയ ടീമിനായുള്ള മിന്നുന്ന പ്രകടനത്തിന് ശേഷം മുൻ ലിവർപൂൾ സ്‌ട്രൈക്കർ സുവാരസ് തന്റെ നാട്ടുകാരനെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ്.

സമീപഭാവിയിൽ ന്യൂനസിന് തന്റെ ജേഴ്സി നമ്പർ 9 അവകാശമാക്കാൻ കഴിയുമെന്ന് സുവാരസ് പറഞ്ഞു.“ലോകത്തിലെ ഏറ്റവും മികച്ച ഒമ്പതാം നമ്പർ താരങ്ങളിൽ ഒരാളാണ് ന്യൂനസ്.നാം അവനെ പിന്തുണയ്ക്കുകയും ആസ്വദിക്കുകയും വേണം. ഇന്ന് ഞാൻ മറ്റൊരു റോളിലാണ് ടീമിലുളളത്.ഗ്രൂപ്പിനെ സഹായിക്കാൻ ഇവിടെയെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, ”മുൻ ബാഴ്‌സലോണ, ലിവർപൂൾ കളിക്കാരൻ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ന്യൂനസിനെക്കുറിച്ച് പറഞ്ഞു.

ബുധനാഴ്ച നടന്ന CONMEBOL ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബൊളീവിയയ്‌ക്കെതിരെ ഉറുഗ്വായ് 3-0 ന് ഉജ്ജ്വല വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് സുവാരസിന്റെ അഭിപ്രായങ്ങൾ. മോണ്ടെവീഡിയോയിലെ എസ്‌റ്റാഡിയോ സെന്റിനാരിയോയിൽ നടന്ന മത്സരത്തിൽ ന്യൂനസ് നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഉറുഗ്വേ വിജയം നേടിയെടുത്തത്. കളിയുടെ 73-ാം മിനിറ്റിൽ ന്യൂനസ് സുവാരസിന് വഴിമാറി കൊടുക്കുകയും ചെയ്തു.

“അദ്ദേഹം എന്നെ പുകഴ്ത്തുന്നത് കേൾക്കുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച സ്‌ട്രൈക്കർ സുവാരസാണ്. അദ്ദേഹം നമ്മോടൊപ്പമുള്ള നിമിഷങ്ങളിൽ നമ്മൾ സുവാരസിനെ ആസ്വദിക്കണം ഉറുഗ്വേയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച 9-ാം നമ്പർ താരങ്ങളിൽ ഒരാളാണ് അദ്ദേഹം, നിങ്ങൾ അവനെ ആസ്വദിക്കണം”നൂനെസ് മറുപടി പറഞ്ഞു.പോർച്ചുഗീസ് ടീമായ ബെൻഫിക്കയിൽ നിന്നും കഴിഞ്ഞ വർഷമാണ് നുനെസ് പ്രീമിയർ ലീഗിൽ എത്തിയത്.

തന്റെ കന്നി ലിവർപൂൾ സീസണിൽ 24-കാരൻ 47 മത്സരങ്ങൾ നിന്നും 21 ഗോളുകളും നാല് അസിസ്റ്റുകളും രേഖപ്പെടുത്തി. ഈ സീസണിൽ ലിവർപൂളിനായി 11 ഗോളുകളും ആറ് അസിസ്റ്റുകളും നേടി മിന്നുന്ന ഫോമിലാണ്.പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ടേബിൾ ടോപ്പർമാരായ മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂൾ നേരിടും. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ വിജയം പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ ഒന്നാം സ്ഥാനം നേടാൻ റെഡ്സിനെ സഹായിക്കും.നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ലിവർപൂൾ.

Rate this post