അർജന്റീനക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം ആ തോൽവിയാണ് : സൂപ്പർ താരം പറയുന്നു

ഖത്തർ വേൾഡ് കപ്പിന് ഏറ്റവും മികച്ച നിലയിൽ എത്തിയ ടീമായിരുന്നു അർജന്റീന.മൂന്ന് വർഷത്തോളം ഒരു പരാജയം പോലും അർജന്റീന അറിഞ്ഞിരുന്നില്ല. ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പ അമേരിക്ക കിരീടവും ഇറ്റലിയെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിസിമയും അർജന്റീന നേടിയിരുന്നു.പക്ഷേ ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഒരു അപ്രതീക്ഷിത തിരിച്ചടി അർജന്റീനക്ക് ഏൽക്കേണ്ടി വരികയായിരുന്നു.

പൊതുവേ ദുർബലരായ സൗദി അറേബ്യ അർജന്റീനയെ അട്ടിമറിച്ചു.ഫുട്ബോൾ ലോകത്തിന് തന്നെ അത് ഒരു ഞെട്ടൽ ഉണ്ടാക്കി.അതുകൊണ്ടുതന്നെ അർജന്റീന മുന്നോട്ടു പോവില്ല എന്നുള്ളത് പലരും പ്രവചിച്ചിരുന്നു.ആ തോൽവിക്ക് ശേഷം അർജന്റീന പിന്നീട് നടത്തിയ കുതിപ്പ് അവസാനിച്ചത് ഖത്തർ വേൾഡ് കപ്പ് കിരീടത്തിലാണ്.

സൗദി അറേബ്യക്കെതിരെയുള്ള ആ പരാജയത്തെ കുറിച്ച് അർജന്റീനയുടെ ഡിഫന്ററായ ക്രിസ്റ്റ്യൻ റൊമേറോ ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.അതായത് വേൾഡ് കപ്പിൽ അർജന്റീനക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം ആ തോൽവിയായിരുന്നു എന്നാണ് റൊമേറോ പറഞ്ഞിട്ടുള്ളത്.അതിനുള്ള ഒരു വിശദീകരണവും അദ്ദേഹം നൽകിയിട്ടുണ്ട്.

‘ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെടും എന്നുള്ളത് ഞങ്ങൾ ഒരു കാരണവശാലും പ്രതീക്ഷിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ വേൾഡ് കപ്പിലെ ആദ്യ ദിവസങ്ങൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു.പക്ഷേ ഞങ്ങൾക്ക് വേൾഡ് കപ്പിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ആ പരാജയമാണ് എന്നാണ് ഞാൻ കരുതുന്നത്. കാരണം ആ തോൽവിയോട് കൂടിയാണ് ഞങ്ങൾ ഞങ്ങളുടെ യഥാർത്ഥ കരുത്ത് പുറത്തെടുത്തത്, മാത്രമല്ല ഞങ്ങളുടെ ടീം കൂടുതൽ ഐക്യത്തോടെ കൂടി മുന്നേറുകയും ചെയ്തു ‘ ഇതാണ് അർജന്റീന താരം പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയും ഇതിന് സമാനമായ ഒരു അഭിപ്രായം നേരത്തെ പങ്കുവെച്ചിരുന്നു. അതായത് സൗദി അറേബ്യയോട് പരാജയപ്പെട്ടത് യഥാർത്ഥത്തിൽ തങ്ങൾക്ക് ഗുണകരമാവുകയാണ് ചെയ്തത് എന്നാണ് മെസ്സി പറഞ്ഞിരുന്നത്.സൗദിയോട് പരാജയപ്പെട്ടതോടുകൂടി ഓരോ മത്സരവും ഫൈനൽ എന്ന നിലയിലാണ് അർജന്റീന കളിച്ചത്. അതുകൊണ്ടുതന്നെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ട് ഓരോ മത്സരത്തിലും വിജയിക്കാൻ അർജന്റീനക്ക് സാധിക്കുകയായിരുന്നു.

Rate this post