അർജന്റീന-ബ്രസീൽ പോരാട്ടം വരുന്നു, ലോകകപ്പ് യോഗ്യത മത്സരങ്ങൾ പ്രഖ്യാപിച്ചു |Brazil vs Argentina

അവസാനമായി അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയത് കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ആയിരുന്നു. ഏഞ്ചൽ ഡി മരിയ നേടിയ ഒരു ഗോളിൽ അർജന്റീന ബ്രസീലിനെ തോൽപ്പിച്ച് കിരീടമുയർത്തി. സ്വന്തം രാജ്യത്തു വെച്ച് അർജന്റീന നൽകിയ ആ മുറിവിന് പകരം ചോദിക്കാൻ ബ്രസീലിന് അതിനുശേഷം ഇതുവരെയും അവസരം ലഭിച്ചിരുന്നില്ല.

എന്നാൽ ഈ വർഷം തന്നെ അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം 2026 ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങൾ കോൺമെബോൾ പ്രഖ്യാപിച്ചിരുന്നു. അതിൽ ഈ വർഷം അർജന്റീനയും ബ്രസീലും തമ്മിൽ നവംബറിൽ ഏറ്റുമുട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബ്രസീലിൽ വെച്ച് തന്നെയാണ് മത്സരം നടക്കാൻ പോകുന്നത്.

ഈ വർഷം അർജന്റീന കളിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അവസാനത്തേതാണ് ബ്രസീലിനെതിരെയുള്ളത്. സെപ്‌തംബറിൽ ഇക്വഡോർ, ബൊളീവിയ എന്നിവർക്കെതിരെയും ഒക്ടോബറിൽ പാരഗ്വായ്, പെറു എന്നിവരോടും നവംബറിൽ യുറുഗ്വായ്, ബ്രസീൽ എന്നിവരോടും 2026 ലോകകപ്പിന് യോഗ്യത നേടാൻ നിലവിലെ ചാമ്പ്യന്മാർ ഏറ്റുമുട്ടും.

ഈ വർഷം മൊത്തം അർജന്റീന പത്ത് മത്സരങ്ങളാണ് കളിക്കുക. ആറു ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് പുറമെ നാല് സൗഹൃദ മത്സരങ്ങൾ ടീം കളിക്കും. ഇതിൽ രണ്ടു സൗഹൃദ മത്സരങ്ങൾ ഈ മാസം തന്നെ നടക്കും. ലോകകപ്പ് വിജയം സ്വന്തം രാജ്യത്ത് ആഘോഷിക്കാൻ വേണ്ടി നടത്തുന്ന മത്സരത്തിൽ പനാമ, കുറകാവോ എന്നിവരെയാണ് അർജന്റീന നേരിടുക.

ബ്രസീലും അർജന്റീനയും തമ്മിൽ പോരാട്ടം നടക്കുന്നത് ആരാധകർക്ക് ആവേശമാണ്. ലോകകപ്പ് വിജയത്തോടെ ലാറ്റിനമേരിക്കയിലെ പ്രബലരായ ശക്തികളായി അർജന്റീന മാറിയിട്ടുണ്ട്. എന്നാൽ തങ്ങൾ തന്നെയാണ് ഇപ്പോഴും സൗത്ത് അമേരിക്കയിലെ ശക്തികേന്ദ്രമെന്നു തെളിയിക്കാൻ ബ്രസീലിനുള്ള അവസരമാണ് ഈ മത്സരം.

1/5 - (1 vote)