ക്രിസ്ത്യാനോ റൊണാൾഡോ നേടിയെടുത്ത പെനാൽറ്റിക്കെതിരെ ഘാന പരിശീലകൻ രംഗത്ത്

ഗ്രൂപ് എച്ചിൽ ഇന്നലെ നടന്ന ആവേശകരമായ പോരാട്ടത്തിൽ പോർച്ചുഗൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഘാനയെ കീഴടക്കി.65-ാം മിനിറ്റിൽ റൊണാൾഡോയിലൂടെയാണ് പോർച്ചുഗൽ സ്കോറിങ്ങിന് തുടക്കമിട്ടത്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബോക്സിൽ ഘാന താരം സലിസു ഫൗൾ ചെയ്തതിനാണ് പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത റൊണാൾഡോ മനോഹരമായി വലയിലാക്കി പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു.

പോർചുഗലിനെതിരെ ഘാന തോൽവി വഴങ്ങിയതിനു പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ രൂക്ഷമായ വിമർശനവുമായി പരിശീലകൻ. മത്സരത്തിൽ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയ ഘാന ടീമിന്റെ പരാജയത്തിന് കാരണം റഫറിയാണെന്ന് ഒട്ടോ അഡോ കുറ്റപ്പെടുത്തി. റൊണാൾഡോ ചരിത്രം കുറിച്ച പെനാൽറ്റി ഗോൾ റഫറിയുടെ സമ്മാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ആരെങ്കിലും ഗോൾ നേടിയാൽ അഭിനന്ദനങ്ങൾ നൽകാം. പക്ഷെ ഇതൊരു സമ്മാനമായിരുന്നു. ശരിക്കുമതെ. ഇതിൽ കൂടുതലെന്താണ് ഞാൻ പറയുക. അത് റഫറി നൽകിയ സ്‌പെഷ്യൽ ഗിഫ്റ്റായിരുന്നു.” മത്സരത്തിനു ശേഷം അഡോ പറഞ്ഞു. ഘാനയുടെ തോൽവിക്ക് കാരണം എന്തായിരുന്നുവെന്ന ചോദ്യത്തിന് റഫറി എന്ന മറുപടിയും അഡോ പറഞ്ഞു.“ഇത് ശരിക്കും തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ പന്ത് കളിക്കുകയായിരുന്നു – എന്തുകൊണ്ടാണ് VAR വന്നില്ലെന്ന് എനിക്കറിയില്ല, അതിന് ഒരു വിശദീകരണവുമില്ല,” ഒരു സോഫ്റ്റ് പെനാൽറ്റി അവാർഡിനെക്കുറിച്ച് ചോദിച്ചപ്പോൾ അഡോ പറഞ്ഞു.”ഇത് തെറ്റായ തീരുമാനമായിരുന്നു. യഥാർത്ഥത്തിൽ ഇത് ഞങ്ങൾക്കെതിരായ ഒരു ഫൗളായിരുന്നു,” അഡോ പരാതിപ്പെട്ടു.

സലീസു റൊണാൾഡോയെ ഫൗൾ ചെയ്‌തതാണ്‌ റഫറി പെനാൽറ്റി നൽകാൻ കാരണമായത്. എന്നാൽ അവിടെയൊരു ഫൗൾ നടന്നിട്ടില്ലെന്നും അത് ഉറപ്പു വരുത്താൻ വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടൽ ഉണ്ടായില്ലെന്നും അഡോ പറയുന്നു. ആ പെനാൽറ്റി ഗോളാക്കി മാറ്റിയതോടെ അഞ്ചു ലോകകപ്പിൽ ഗോൾ നേടിയ ആദ്യത്തെ താരമെന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരുന്നു.