ഈ തോൽ‌വിയിൽ സംശയങ്ങളുണ്ട്, റഫറിയുടെ തീരുമാനത്തിനെതിരെ കാർലോ ആൻസലോട്ടി

തുടർച്ചയായ മൂന്നാമത്തെ എൽ ക്ലാസിക്കോ തോൽവിയാണ് കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിന് നേരിടേണ്ടി വന്നത്. ഈ വർഷം പിറന്നതിനു ശേഷം സ്‌പാനിഷ്‌ സൂപ്പർകപ്പ് ഫൈനൽ, കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യപാദം എന്നിവയിൽ തോൽവി വഴങ്ങിയ റയൽ മാഡ്രിഡ് അതിനു ശേഷം ലീഗിലും തോൽവി വഴങ്ങി ലാ ലിഗ കിരീടം നഷ്‌ടമാകുമെന്ന സാഹചര്യത്തിലാണുള്ളത്.

അതേസമയം ടീമിന്റെ തോൽ‌വിയിൽ സംശയങ്ങൾ ഉന്നയിക്കുകയാണ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി. മത്സരത്തിന്റെ എൺപത്തിയൊന്നാം മിനുട്ടിൽ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ച് മാർകോ അസെൻസിയോ ഒരു ഗോൾ നേടിയിരുന്നു. ഈ ഗോൾ വീഡിയോ റഫറി ഓഫ്‌സൈഡാണെന്നു കണ്ടെത്തി ഒഴിവാക്കിയതിലാണ് ആൻസലോട്ടിക്ക് സംശയങ്ങളുള്ളത്.

“ആദ്യത്തെ മിനുട്ട് മുതൽ അവസാനം വരെ പൂർണമായ പ്രകടനമാണ് ടീം നടത്തിയത്. ഞങ്ങൾ വിജയിക്കാതിരിക്കാൻ കാരണം ആ ഓഫ്‌സൈഡാണ്. അതിൽ ഞങ്ങൾക്കിപ്പോഴും സംശയങ്ങളുമുണ്ട്. ആ സംശയത്തോടെ തന്നെയാണ് ഞങ്ങൾ മടങ്ങുന്നതും.” ആൻസലോട്ടി പറഞ്ഞു. ഈ പ്രകടനം കണക്കാക്കുമ്പോൾ ടീം ഏതെങ്കിലും കിരീടം നേടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അസെൻസിയോയുടെ ഗോൾ നേരിയ വ്യത്യാസത്തിലാണ് വീഡിയോ റഫറി ഓഫ്‌സൈഡ് കണ്ടെത്തിയത്. താരവും ബാഴ്‌സലോണ പ്രതിരോധതാരം ജൂൾസ് കൂണ്ടെയും ഒരേ ലൈനിൽ ആയിരുന്നെങ്കിലും അസെൻസിയോയുടെ ഷോൾഡർ കൂണ്ടെക്കു മുന്നിലായിരുന്നത് ഓഫ്‌സൈഡ് വിധിക്കാൻ കാരണമായി. അതേസമയം റയൽ മാഡ്രിഡ് ആരാധകർ ഇതിനെതിരെ പ്രതിഷേധം ഉയർത്തുന്നുണ്ട്.

മത്സരത്തിൽ ബാഴ്‌സലോണ വിജയം നേടിയതോടെ അവർ ലാ ലിഗ കിരീടപ്പോരാട്ടത്തിൽ ബഹുദൂരം മുന്നിലായി. ഇരുപത്തിയാറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്‌സലോണയ്ക്ക് 68 പോയിന്റും റയൽ മാഡ്രിഡിന് അമ്പത്തിയാറു പോയിന്റുമാണുള്ളത്. ഇനി ലീഗിൽ പന്ത്രണ്ടു മത്സരങ്ങൾ മാത്രമാണ് ബാക്കിയെന്നിരിക്കെ ബാഴ്‌സലോണ പന്ത്രണ്ടു പോയിന്റുകൾ നഷ്‌ടപ്പെടുത്താനുള്ള സാധ്യത കുറവാണ്.

1/5 - (1 vote)