അർജന്റൈൻ ടീമിന് ചുറ്റും വളരെയധികം സമ്മർദ്ദങ്ങളുണ്ട് : തുറന്ന് പറഞ്ഞ് സ്‌കലോനി

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനി കേവലം ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്ന് കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയാണ്.അർജന്റീനയുടെ മികവേറിയ പ്രകടനം കാരണമാണ് എല്ലാവരും ഇത്തരത്തിലുള്ള സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

എന്നാൽ ഈ സാധ്യതകളും അമിത പ്രതീക്ഷകളുമൊക്കെ വലിയ സമ്മർദ്ദമായി മാറുമോ എന്നുള്ള ആശങ്കയും പലർക്കിടയിലും നിലനിൽക്കുന്നുണ്ട്. ഇത് സമ്മർദ്ദമായി മാറിക്കഴിഞ്ഞാൽ അർജന്റീന ടീമിനെ സംബന്ധിച്ചിടത്തോളം അത് തിരിച്ചടിയായിരിക്കും. എന്നാൽ കോപ്പ അമേരിക്ക കിരീടം നേടിക്കൊണ്ട് കിരീടം ക്ഷാമത്തിന് അറുതി വരുത്തിയത് അർജന്റീനയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ കാര്യമാണ്.മുൻകാലങ്ങളിൽ വേൾഡ് കപ്പുകളിൽ കളിക്കുമ്പോൾ ഈയൊരു സമ്മർദ്ദം അർജന്റീനക്ക് അനുഭവിക്കേണ്ടി വന്നിരുന്നു.

ഇപ്പോൾ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോനി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് അർജന്റീന ടീമിന് ചുറ്റും വളരെയധികം സമ്മർദ്ദങ്ങൾ ഉണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. വളരെ ശാന്തതയോടു കൂടി വേൾഡ് കപ്പിന് എത്തുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.

‘ അർജന്റീനയുടെ ദേശീയ ടീമിന് ചുറ്റും മുമ്പും ഇപ്പോഴും ഒരുപാട് സമ്മർദ്ദങ്ങളുണ്ട്.ഒരു ശാന്തമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഒരുതവണ അങ്ങനെ ചെയ്തു കഴിഞ്ഞാൽ പിന്നീട് കാര്യങ്ങൾ എല്ലാം എളുപ്പമായിരിക്കും. ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം എന്നുള്ളത് ഈ ജേഴ്സി അണിഞ്ഞു കഴിഞ്ഞാൽ ഇതിനു മാത്രം പ്രാധാന്യം നൽകുക എന്നുള്ളതാണ്. മറ്റുള്ളതൊന്നും ശ്രദ്ധിക്കാൻ പാടില്ല ‘ അർജന്റീന പരിശീലകൻ പറഞ്ഞു.

കഴിഞ്ഞ 35 മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയം അറിഞ്ഞിട്ടില്ല എന്നുള്ളത് അർജന്റീനയുടെ ആത്മവിശ്വാസം വളരെയധികം ഉയർത്തുന്നതാണ്.വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചു കൊണ്ട് മുന്നേറാൻ കഴിഞ്ഞാൽ തീർച്ചയായും ഒരു പരിധിവരെ സമ്മർദ്ദങ്ങൾക്ക് അറുതി വരുത്താൻ അർജന്റീനക്ക് സാധിക്കും.

Rate this post