❝എസി മിലാനും , ഇന്റർ മിലാനും , നാപോളിയും ഒപ്പത്തിനൊപ്പം ; ഇറ്റലിയിൽ കിരീട പോരാട്ടം കനക്കുന്നു❞

ഇറ്റാലിയൻ സിരി എ യിൽ ഇന്റർ മിലാന് കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്, ഇന്നലെ ഒന്നാം സ്ഥാനത്തുള്ള എ സി മിലാൻ സമനിലയിൽ കുരുങ്ങിയതും നാപോളി പരാജയപ്പെട്ടതും ഇന്റെരിനു ഗുണമായി തീർന്നിരിക്കുകയാണ്.

സീരി എ ലീഡർ എസി മിലാനെ ടോറിനോ 0-0ന് സമനിലയിൽ തളച്ചപ്പോൾ ഫിയോറന്റീനയോട് നാപോളി 3-2ന് പരാജയപ്പെട്ടു. ഇറ്റാലിയൻ ലീഗിൽ മിലാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു എന്നാൽ ശനിയാഴ്ച ഹെല്ലസ് വെറോണയെ 2-0ന് തോൽപ്പിച്ച ഇന്ററിനേക്കാൾ രണ്ട് പോയിന്റ് മാത്രം മുന്നിലാണ് മിലാൻ. നാപ്പോളിയും മിലാന് രണ്ട് പോയിന്റ് പിന്നിലായി സ്ഥാനം പിടിച്ചിരിക്കുന്നു.

മിലാന്റെ തുടർച്ചയായ രണ്ടാം 0-0 സമനിലയാണിത്. 100-ലധികം ശ്രമങ്ങളിൽ നിന്ന് അവരുടെ അവസാന ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ മാത്രമാണ് റോസോനേരി നേടിയത്. ടൂറിനിൽ ചില മോശം ഫിനിഷിംഗിൽ മിലാൻ വീണ്ടും നിരാശനായി. ഗോൾകീപ്പർ മൈക്ക് മൈഗ്നന്റെ നിരവധി മികച്ച സേവുകൾ റോസോനേരിക്ക് തിരിച്ചടിയാവുകയും ചെയ്തു.താൽകാലികമായെങ്കിലും ലീഗിൽ ഒന്നാമതെത്താനുള്ള അവസരമാണ് നാപോളി നഷ്ടപ്പെടുത്തിയത്.

ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ 29ആം മിനുട്ടിൽ അർജന്റീനൻ താരം നിക്കോ ഗോൺസാലസിലൂടെ ഫിയൊറെന്റീന ലീഡ് എടുത്തു.രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ മെർടൻസിന്റെ ഗോളിലൂടെ നാപോളി കളി 1-1 എന്നാക്കി. 66ആം മിനുട്ടിൽ ഇകോണും 72ആം മിനുട്ടിൽ കബ്രാലും ഗോൾ നേടിയതോടെ ഫൊയൊറെന്റീന 3-1ന് മുന്നിൽ എത്തി. അവസാനം ഒസിമൻ ഒരു ഗോൾ കൂടെ മടക്കി എങ്കിലും പരാജയം ഒഴിവാക്കാൻ നാപോളിക്ക് ആയില്ല. മറ്റൊരു മത്സരത്തിൽ സിറോ ഇമ്മൊബൈൽ ഹാട്രിക് നേടിയപ്പോൾ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ജെനോവയിൽ ലാസിയോ 4-1 ന് വിജയിച്ചു കയറി. 32 മത്സരങ്ങളിൽ നിന്നും 55 പോയിന്റുമായി ലാസിയോ ആറാം സ്ഥാനത്താണ്.

അവസാന റൗണ്ടുകളിലേക്ക് പോരാട്ടങ്ങൾ കനക്കുമ്പോൾ കാലങ്ങൾക്ക് ശേഷം ലീഗ് കിരീട പ്രതീക്ഷയുയർത്തുന്ന നാപോളിക്ക് ഇന്നത്തെ തോൽവി നേരിയ ക്ഷീണം നൽകി.ലീഗിൽ ഇനിയുളള മത്സരങ്ങളിൽ ടോപ് ഫോറിലുള്ള മറ്റ് ടീമുകളെ അപേക്ഷിച്ച് നാപോളിക്ക് നേരിടാനുള്ളത് താരതമ്യേന ദുർബലരുമാണ്. പതിറ്റാണ്ടുകൾക്ക് ശേഷം മറഡോണ യുഗത്തിന് ശേഷം നാപോളി വീണ്ടും കിരീടത്തിൽ മുത്തമിടുമോ.? അതൊ മിലാന്റെ തിരിച്ചു വരവോ ..?അതുമല്ല, ഇന്ററിന്റെ മേധാവിത്വം അവസാനിപ്പിച്ച് വീണ്ടും യുവന്റസിന്റെ കടന്ന് കയറ്റമോ? ഏതായാലും യൂറോപ്യൻ ടോപ് ലീഗുകളിൽ ഇത്രയും കടുത്ത കിരീട പോരാട്ടം സിരി എ യിൽ മാത്രമാണ് കാണാൻ സാധിക്കുന്നത്. ഇനിയുള്ള മത്സരങ്ങളിലെ ഓരോ തോൽവിയും സമനിലയും വിജയവും കിരീട പോരാട്ടത്തിൽ നിർണായകമാകും.

Rate this post