❝2022 ലോകകപ്പ് ഫുട്ബോളിന് ഖത്തറിലേക്ക് വണ്ടികയറാനൊരുങ്ങുന്ന കാനറിപ്പടയുടെ പ്രതീക്ഷകൾ❞ |Brazil |Qatar 2022

അഞ്ച് തവണ ലോക കിരീടം ചൂടി, ഫുട്ബോൾ രാജാക്കന്മാർ തങ്ങളാണെന്ന് തെളിയിച്ച ടീമാണ് ബ്രസീൽ. എല്ലാകാലത്തും ബ്രസീൽ ടീമിനെ നയിക്കാൻ ഓരോ ഇതിഹാസങ്ങൾ പിറവിയെടുക്കാറുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1958-ൽ ദിദിയുടെ നേതൃത്വത്തിൽ ആദ്യ ലോകകിരീടം ചൂടിയപ്പോൾ, 62-ൽ ഗരിഞ്ചയും, 70-ൽ പെലെയും, 94-ൽ റൊമാരിയോയും, 2002-ൽ റൊണാൾഡോയും ആ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു.

തുടർന്ന്, റൊണാൾഡോ, റൊണാൾഡീഞ്ഞോ, റോബെർട്ടോ കാർലോസ്, കഫു, കക്ക, റൊബീഞ്ഞോ, ഫാബിയാനോ, ഡാനി അൽവേസ് തുടങ്ങിയ നിരവധി പ്രമുഖർ അണിനിരന്നിട്ടും ബ്രസീൽ ടീമിന് ഒരിക്കൽ കൂടി ലോകകിരീടത്തിൽ മുത്തമിടാൻ സാധിച്ചില്ല. ഇതിഹാസങ്ങളുടെ പടിയിറക്കത്തിന് പിന്നാലെ, ബ്രസീൽ ആരാധകർ സാക്ഷ്യം വഹിച്ചത് ബ്രസീൽ ടീമിലെ അടിമുടി മാറ്റങ്ങളായിരുന്നു. സ്കൊളാരി എന്ന പിടിവാശിക്കാരനായ മാനേജരുടെ മാറ്റങ്ങളുടെ ഫലം, ഇന്നും ബ്രസീൽ ടീമിനെ വേട്ടയാടുന്ന, 2014 ലോകകപ്പ് സെമിയിലെ ജർമനിയോടുള്ള 7-1 ന്റെ പരാജയമാണ്.

ശേഷം, 2016-ൽ ടിറ്റെ എന്ന പഴയ ബ്രസീലിയൻ മധ്യനിര താരം ബ്രസീൽ ദേശീയ ടീമിന്റെ മാനേജറായി ചുമതല ഏറ്റെടുക്കുകയും, നെയ്‌മർ എന്ന ഇതിഹാസം ലോക ഫുട്ബോൾ കീഴടക്കുന്ന കളിക്കാരനായി മാറുകയും ചെയ്തതോടെ ബ്രസീൽ വീണ്ടും പഴയ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന പ്രകടനത്തിലേക്ക് തിരിച്ചെത്തി. 2018 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയിട്ടും, ഫൈനലിൽ എത്താൻ സാധിച്ചില്ല എന്നത് യാഥാർത്ഥ്യമാണെങ്കിലും, ബ്രസീൽ ടീം ഇപ്പോൾ കാഴ്ച്ചവെക്കുന്നത് മികച്ച പ്രകടനം തന്നെയാണ്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് ടേബിളിൽ അർജന്റീനയെ പിന്നിലാക്കി ഒന്നാം സ്ഥാനത്താണ് കാനറികൾ.

ഇന്ന് ബ്രസീലിന്റെ വല കാക്കാൻ ലോകഫുട്ബോളിലെ മികച്ച കീപ്പർമാരായ അലിസൺ ബക്കറും എഡേഴ്‌സനും മത്സരിക്കുമ്പോൾ, 37-ആം വയസ്സിലും പോരാട്ട വീര്യം ചോർന്നു പോവാത്ത ക്യാപ്റ്റൻ തിയാഗോ സിൽവക്കൊപ്പം മാർക്വിനോസ്‌, എഡർ മിലിറ്റ, അലക്സ്‌ സാൻഡ്രോ എന്നിവർ ചേരുമ്പോൾ പ്രതിരോധം ശക്തം. മധ്യനിരയിലേക്ക് വന്നാൽ കസെമീരോ, ഫാബിഞ്ഞോ, ഫ്രഡ്‌ തുടങ്ങിയ താരങ്ങൾ മികച്ച രീതിയിൽ കളിക്കുന്നുണ്ടെങ്കിലും, മൂന്ന് പേരും ഡിഫെൻസീവ് മിഡ്‌ഫീൽഡർമാരാണ്. കുട്ടിഞ്ഞോ, ആർതർ തുടങ്ങിയ ക്രീയേറ്റീവ് മിഡ്‌ഫീൽഡർമാരുടെ ഫോമില്ലായ്മ ടീമിന്റെ മധ്യനിരയെ അലട്ടുന്നുണ്ട്. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ഒരു ക്രിയേറ്റീവ് പ്ലെയറിന്റെ അഭാവം ബ്രസീലിയൻ നിരയിൽ നിഴലിച്ചു കാണുന്നുണ്ട്. നെയ്മർ തന്നെയാണ് നിലവിൽ ആ ജോലി നിറവേറ്റി കൊണ്ടിരിക്കുന്നത്.

മുന്നേറ്റ നിരയിൽ നെയ്മർ അത്യുഗ്രൻ പ്രകടനം നടത്തുന്നുണ്ടെങ്കിലും, മുന്നേറ്റം നെയ്മറിലേക്ക് മാത്രം ഒതുങ്ങി പോവുന്നുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. റൊമാരിയോ, അഡ്രിയാനോ, റൊണാൾഡോ എന്നിവരെയൊക്കെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്ട്രൈക്കറുടെ അഭാവം ബ്രസീൽ നേരിടുന്ന ഒരു പ്രശ്നമാണ്. യൂറോപ്പ്യൻ ക്ലബ്ബ്കളിൽ മികച്ച രീതിയിൽ കളിക്കുന്നുണ്ടെങ്കിലും, ദേശീയ ടീമിലേക്ക് വരുമ്പോൾ നിറം മങ്ങിപ്പോവുന്ന ഗബ്രിയേൽ ജീസസും, ഫിർമിഞ്ഞോയും ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്തുതന്നെയായാലും, 2022 ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ വാർത്തെടുക്കാനുള്ള പരിശ്രമത്തിലാണ് ടിറ്റെ. അത്ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കർ മാത്യു ക്യൂനായും ,എഫ് സി ബാസല് സ്‌ട്രൈക്കർ കബ്രാളും അവസരത്തിനായി കാത്തു നിൽക്കുന്നുണ്ട്.

അതിന്റെ മുന്നോടിയായാണ് അടുത്ത ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ടീമിലേക്ക് കുട്ടിഞ്ഞോയെ തിരിച്ചുവിളിച്ചിരിക്കുന്നതും, കൂടുതൽ യുവതാരങ്ങൾക്ക് നിരന്തരം അവസരം നൽകുന്നതും. 2022 ലോകകപ്പിനുള്ള ബ്രസീൽ ടീമിലെ പ്രധാന ആകർഷണം നെയ്മർ തന്നെയാണെങ്കിലും, നെയ്മറിനൊപ്പം പരിചയസമ്പന്നരായ സിൽവയും, കുട്ടിഞ്ഞോയും യുവതാരങ്ങളായ വിനീഷ്യസ്, ആന്റണി എന്നിവരെല്ലാം ചേരുന്നതോടെ ലോകകപ്പ് നേടാനുള്ള സാധ്യത ടീമുകളിൽ ഒന്ന് ബ്രസീൽ തന്നെയെന്ന് തീർച്ച. യോഗ്യത മത്സരങ്ങളിൽ കഴിവ് തെളിയിച്ച റാഫിഞ്ഞ ബ്രസീലിനു വേൾഡ് കപ്പിൽ ഒരു മുതൽ കൂട്ടാവും എന്നതിൽ സമയമില്ല . 2022 ലോകകപ്പ് നേട്ടത്തോടെ നെയ്മറും ബ്രസീലിന് വേണ്ടി ലോകകപ്പ് നേടുന്ന ഇതിഹാസങ്ങളിൽ ഒരാളായി ചരിത്രത്തിൽ ഇടം പിടിക്കട്ടെ എന്നതാണ് ബ്രസീൽ ആരാധകരുടെ ആഗ്രഹം.

Rate this post
BrazilFIFA world cupQatar2022