ഖത്തർ ലോകകപ്പിൽ മെസ്സി കിരീടം ഉയർത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ ? ,മറുപടിയായി റൊണാൾഡോ |Lionel Messi

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായ ലയണൽ മെസ്സി 2022 ലോകകപ്പിന് അർഹനാണെന്ന് ബ്രസീലിന്റെ ഇതിഹാസം റൊണാൾഡോ നസാരിയോ. എന്നാൽ ബ്രസീലിന്റെ ചിരവൈരികളായതിനാൽ അർജന്റീന ലോകകപ്പ് നേടണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്നും റൊണാൾഡോ പറഞ്ഞു. സ്പെയിൻ, ഇറ്റലി തുടങ്ങിയ ടീമുകൾക്ക് വേണ്ടി മെസ്സി കളിച്ചിരുന്നെങ്കിൽ അവരെ പിന്തുണയ്ക്കുമായിരുന്നുവെന്നും ബ്രസീലിയൻ ഇതിഹാസം പറഞ്ഞു.

2022ലെ ഖത്തർ ലോകകപ്പിൽ ബ്രസീലിന് കിരീടം നേടാനായില്ലെങ്കിൽ മെസ്സി കിരീടം ഉയർത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു റൊണാൾഡോ. “അതിന് താരം സ്പാനിഷ് ദേശീയ ടീമിൽ കളിക്കണം. സ്പാനിഷ് അല്ലെങ്കിൽ ഇറ്റാലിയൻ ആകുക. അങ്ങനെയാണ് അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം. എനിക്ക് അവരോട് വളരെ ബഹുമാനമുണ്ട്. എന്നാൽ അർജന്റീന ലോക ചാമ്പ്യന്മാരാകുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.

“ലയണൽ മെസ്സി ലോകകപ്പിന് അർഹനാണോ? തീർച്ചയായും താരം അത് അർഹിക്കുന്നു, പക്ഷേ അത് എന്റെ പിന്തുണ കൊണ്ടായിരിക്കില്ല. എനിക്ക് അവനെ ഇഷ്ടമാണ്. ഞാൻ പറയുന്നത് മെസ്സിക്ക് മനസ്സിലാകും, കാരണം താരത്തിനും അങ്ങനെ തന്നെ തോന്നുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. നിലവിൽ സ്പാനിഷ് ക്ലബ് റയൽ വല്ലഡോളിഡിന്റെ ഉടമയായ റൊണാൾഡോ സ്‌പോർട്‌സ് മെയിലിനോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തങ്ങളുടെ ടീമിന് കിരീടം നേടാനുള്ള ഉറച്ച സാധ്യതയുണ്ടെന്ന് അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർ ആത്മവിശ്വാസത്തിലാണ്. ഇത്തവണ യൂറോപ്യൻ ടീമുകളേക്കാൾ കൂടുതൽ സാധ്യതയുള്ള ടീമുകളാണ് ബ്രസീലും അർജന്റീനയും. പക്ഷേ, കരുത്തരായ ഒട്ടേറെ ടീമുകൾ ഉള്ളതിനാൽ ഇത്തവണ ലോകകപ്പിൽ ഏതെങ്കിലും ടീമിന് വ്യക്തമായ ആധിപത്യം ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാനാകില്ല.

Rate this post