ഏറെ പ്രതീക്ഷയർപ്പിച്ച പ്രീമിയർ ലീഗ് ആഴ്സണൽ കൈവിടേണ്ടിവരും?! ഇനി കളിക്കേണ്ടിവരുന്നത് വലിയ ക്ലബ്ബുകൾക്കെതിരെ

ആഴ്സണലിന് ഇത് അഗ്നിപരീക്ഷയാണ്, ഏറെക്കാലമായി പ്രീമിയർ ലീഗിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന ആഴ്സണൽ ഇത്തവണ ആർടെറ്റയുടെ കീഴിൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റതാണ് നമ്മൾ കണ്ടത്.തുടക്കം മുതൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ഇപ്പോൾ ഗണ്ണേഴ്സിന് അല്പം ആശങ്കാജനകമാണ് സ്ഥിതി. ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ ലിവർപൂളിനെതിരെ വിജയിക്കാൻ കഴിയാത്തത് കനത്ത തിരിച്ചടിയാണ്.

രണ്ടു ഗോളിന്റെ ലീഡ് നേടാൻ കഴിഞ്ഞിട്ടും അവസാനംവരെ പിടിച്ചുനിൽക്കാൻ കഴിയാതെ സമനില വഴങ്ങുകയായിരുന്നു, മുഹമ്മദ് സല ഒരു പെനാൽറ്റി നഷ്ടപ്പെടുത്തിയത് കൊണ്ട് തോൽവിയിൽനിന്നും കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു, ആഴ്സണൽ ഗോൾകീപ്പർ റംസ്ഡാലെയുടെ അവസാന നിമിഷങ്ങളിലെ തകർപ്പൻസേവുകൾ തോൽവിയിൽ നിന്നും ഗണ്ണേഴ്സിനെ രക്ഷപ്പെടുത്തി.ആഴ്സനലിന് ഇനി എട്ട് മത്സരങ്ങളാണ് പ്രീമിയർ ലീഗിൽ കളിക്കാനുള്ളത്, അതിൽ മിക്ക മത്സരങ്ങളും ശക്തർക്കെതിരെയാണ് എന്നുള്ളത് ആഴ്സണലിന്‍റെ പ്രീമിയർ ലീഗ് കിരീട സാധ്യത മങ്ങാൻ കാരണമാകുന്നുണ്ട്. 2003-04 സീസണിലാണ് അവസാനമായി ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം നേടിയത്, 19 വർഷത്തോളമുള്ള കാത്തിരിപ്പിന് ഈ സീസൺ വിരാമമാവും എന്നാണ് ഗണ്ണേഴ്സ് ആരാധകർ കണക്കുകൂട്ടുന്നത്.

ഇനി ആഴ്സണലിന് 8 മത്സരങ്ങളാണ് ഈ സീസണിൽ കളിക്കാനുള്ളത്. 30 മത്സരങ്ങളിൽ നിന്നും 73 പോയിന്റുകളാണ് ആഴ്സണലിന്റെ സമ്പാദ്യം.എന്നാൽ ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർസിറ്റി 29 മത്സരങ്ങളിൽ നിന്നും 67 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്. മാഞ്ചസ്റ്റർസിറ്റി പ്രീമിയർ ലീഗിൽ ഇനിയുള്ള ഒമ്പത് മത്സരങ്ങളും വിജയിച്ചാൽ കിരീടം മാഞ്ചസ്റ്റർസിറ്റി സ്വന്തമാക്കും.ആഴ്സണൽ ഈ സീസണിലെ പ്രീമിയർ ലീഗ് കിരീടമെന്ന സ്വപ്നം മറക്കേണ്ടിവരും.

ആഴ്സണലിന് ഇനിയുള്ള 8 മത്സരങ്ങൾ മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ബ്രൈറ്റൺ, വെസ്റ്റ്ഹാം, ന്യൂ കാസിൽ യുണൈറ്റഡ്,വോൾവ്സ്, നോട്ടിങ്ഹാം, സൗത്തപ്റ്റൺ എന്നിവർക്കെതിരെയാണ്. ഇതിൽ ഒരു തോൽവിയെങ്കിലും പിണഞ്ഞാൽ ആർസണലിന് വലിയ നഷ്ടം സംഭവിക്കും. അതുകൊണ്ടുതന്നെ ഇനി ഗണ്ണേഴ്സ് കളിക്കുന്നത് എല്ലാം ജയം മാത്രം ലക്ഷ്യം വച്ചായിരിക്കും. ഒരുപക്ഷേ പോയിന്റ് തുല്യമായാൽ പോലും മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം നേടും, ഗോൾ ശരാശരിയിൽ നിലവിൽ മാഞ്ചസ്റ്റർ സിറ്റിയാണ് മുന്നിൽ.

മാഞ്ചസ്റ്റർ സിറ്റിക്ക് ഇനി പ്രീമിയർ ലീഗിലുള്ള എതിരാളികൾ: ലെസ്റ്റർ സിറ്റി, ആഴ്സണൽ, ഫുൾ ഹാം, ബ്രൈറ്റൺ, ലീഡ്സ്,എവർട്ടൻ, വെസ്റ്റ്ഹാം,ബ്രന്റ് ഫോർഡ്,ചെൽസി എന്നിവരാണ്. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യുണിക്കിനെയും എഫ്എ കപ്പ് സെമിഫൈനലും സിറ്റിക്ക് കളിക്കാനുള്ളത് കൊണ്ട് പെപ് ഗാർഡിയോളക്കും കളിക്കാർക്കും കൂടുതൽ പ്രഷർ നൽകും എന്നുള്ള കാര്യത്തിൽ സംശയമില്ല, എന്നാൽ ആഴ്സണലിനാവട്ടെ ഇനി പ്രീമിയർ ലീഗ് കിരീടം മാത്രമാണ് ലക്ഷ്യവും.

4.7/5 - (35 votes)