അർജന്റീനക്ക് ഖത്തർ വേൾഡ് കപ്പ് നേടാൻ കഴിയുമോ? 2018 വേൾഡ് കപ്പ് പരിശീലകനായ സാംപോളി പറയുന്നു
വലിയ ശുഭപ്രതീക്ഷയോടുകൂടിയാണ് വരുന്ന ഖത്തർ വേൾഡ് കപ്പിന് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന എത്തുക. കാരണം കഴിഞ്ഞ മൂന്നുവർഷമായി ഒരൊറ്റ പരാജയം പോലും അർജന്റീന ഏറ്റുവാങ്ങിയിട്ടില്ല.33 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുകയാണ് അർജന്റീന.ഇക്കാലയളവിൽ രണ്ട് കിരീടങ്ങളും നേടാൻ കഴിഞ്ഞു.
ഇതിന് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് പരിശീലകനായ ലയണൽ സ്കലോണിയോടാണ്. 2018ലെ റഷ്യൻ വേൾഡ് കപ്പിൽ തകർന്നടിഞ്ഞ ഒരു ടീമിനെ കൈപിടിച്ച് ഉയർത്തിക്കൊണ്ടുവന്നത് സ്കലോണി എന്ന തന്ത്രജ്ഞന്റെ മികവുകളായിരുന്നു.ആ അർജന്റീന ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെ കൂടിയാണ് വേൾഡ് കപ്പിന് ഒരുങ്ങുന്നത്.
2018ലെ റഷ്യൻ വേൾഡ് കപ്പിൽ അർജന്റീനയെ പരിശീലിപ്പിച്ച ജോർഹേ സാംപോളി ഇപ്പോഴത്തെ അർജന്റീനയുടെ വേൾഡ് കപ്പ് സാധ്യതകളെ വിലയിരുത്തിയിട്ടുണ്ട്. ആര് വേൾഡ് കപ്പ് നേടുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്നും എന്നാൽ ഇത്തവണ അർജന്റീന കിരീടം നേടാൻ സാധ്യതകളുണ്ട് എന്നുമാണ് സാംപോളി പറഞ്ഞിട്ടുള്ളത്.ചിലിയിലെ ഒരു മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Jorge Sampaoli comments on Argentina national team, Lionel Messi. https://t.co/lxdnTkQIbx
— Roy Nemer (@RoyNemer) September 21, 2022
‘ മികച്ച പ്രകടനം നടത്തിക്കൊണ്ട് ഒരുപാട് ആത്മവിശ്വാസത്തോട് കൂടിയാണ് അർജന്റീനയുടെ ദേശീയ ടീം വരുന്നത്. മാത്രമല്ല ഒരു സീസണിന്റെ മധ്യത്തിൽ വെച്ചുകൊണ്ടാണ് വേൾഡ് കപ്പ് നടക്കുന്നത്.അതുകൊണ്ടുതന്നെ ഫോമിലുള്ള താരങ്ങളെ കൃത്യമായി കണ്ടെത്താനും തിരഞ്ഞെടുക്കാനും കഴിയും. പക്ഷേ നിലവിൽ അർജന്റീനയുടെ നിലവാരത്തിനൊപ്പം എത്താൻ പല ടീമുകൾക്കും കഴിഞ്ഞിട്ടില്ല. ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം ആരു നേടുമെന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് ധൈര്യമൊന്നുമില്ല. പക്ഷേ അർജന്റീന ഇപ്പോൾ നല്ല നിലയിലാണ് ഉള്ളത്.അവരുടെ ഇപ്പോഴത്തെ കോൺഫിഡൻസ് വേൾഡ് കപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അവരെ സഹായിക്കും. തീർച്ചയായും വേൾഡ് കപ്പ് കിരീടം നേടാൻ അർജന്റീനക്ക് സാധ്യതകളുണ്ട്. പക്ഷേ ആര് നേടുമെന്ന് ഞാൻ പ്രവചിക്കുന്നില്ല ‘ അർജന്റീനയുടെ മുൻ പരിശീലകൻ പറഞ്ഞു.
2018ൽ അർജന്റീനയുടെ പരിശീലകസ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം ബ്രസീലിലേക്കാണ് സാംപോളി പോയത്. അവിടെ സാൻഡോസ്, അത്ലറ്റികോ മിനയ്റോ എന്നീ ക്ലബ്ബുകളെ അദ്ദേഹം പരിശീലിപ്പിച്ചു. പിന്നീട് ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് മാഴ്സെയെയായിരുന്നു ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നത്.