അൽവാരോ മൊറാട്ടയുടെ ഗോളിന് മുന്നിൽ കീഴടങ്ങി പോർച്ചുഗൽ , അവസാന നാലിൽ സ്ഥാനമുറപ്പിച്ച് സ്പെയിൻ
ഇന്നലെ പോർചുഗലിലെ ബ്രാഗയിൽ നടന്ന യുവേഫ നേഷൻസ് ലീഗിലെ നിർണായക പോരാട്ടത്തിൽ സ്പെയിനിനെതിരെ ആതിഥേയർ ഇറങ്ങുമ്പോൾ അവസാന നാലിലേക്ക് മുന്നേറാൻ ഒരു സമനില മാത്രം മതിയായിരുന്നു. എന്നാൽ മത്സരത്തിൽ വിജയം നേടിയാൽ മാത്രമേ സ്പെയിനിന് മുന്നോട്ട് പോവാൻ സാധിക്കുകയിരുന്നുള്ളു . 87 ആം മിനുട്ട് വരെ പോർച്ചുഗലിന് അനുകൂലമായി ഗോൾരഹിതമായാണ് മത്സരം പോയികൊണ്ടിരുന്നത്.
എന്നാൽ 88 ആം മിനുട്ടിൽ പോർച്ചുഗലിന്റെ പ്രതീക്ഷകൾ തകർത്ത് കൊണ്ട് സ്ട്രൈക്കർ അൽവാരോ മൊറാറ്റയുടെ ഗോൾ സ്പെയിനിനെ സെമിയിലേക്കെത്തിച്ചു. ആറ് കളികളിൽ നിന്ന് 11 പോയിന്റുമായി സ്പെയിൻ ലീഗ് എ-ഗ്രൂപ്പ് 2-ൽ ഒന്നാമതെത്തി, രണ്ടാം സ്ഥാനക്കാരായ പോർച്ചുഗലിനെക്കാൾ ഒരു പോയിന്റ് മുകളിൽ ആണ് സ്ഥാനം.അടുത്ത വർഷത്തെ ഫൈനൽ ടൂർണമെന്റിൽ ക്രൊയേഷ്യ, ഇറ്റലി, നെതർലൻഡ്സ് എന്നിവർക്കൊപ്പം സ്പെയിനും സ്ഥാനം പിടിച്ചു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് ഈ തോൽവി കനത്ത പ്രഹരമായിരുന്നു. മത്സരത്തിൽ നിരവധി അവസരങ്ങൾ സൃഷിടിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.
ഇതുവരെ കളിച്ച മിക്ക കളികളിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സെമി ഫൈനലിൽ ഫൈനലിൽ ഇടം നേടുന്നതിന് വളരെ അടുത്തെത്തുകയും അവർ ചെയ്തു. മത്സരത്തിന്റെ 32-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ലോംഗ് പാസ് സ്വീകരിച്ച് ഡിയോഗോ ജോറ്റ തൊടുത്ത ഗോളെന്നുറച്ച ഷോട്ട് ഗോൾകീപ്പർ തടഞ്ഞു.അഞ്ച് മിനിറ്റിന് ശേഷം ഫെർണാണ്ടസിന്റെ മികച്ചൊരു ഷോട്ട് സൈഡ് നെറ്റിൽ അടിച്ചു.ശനിയാഴ്ച സ്വിറ്റ്സർലൻഡിനെതിരെ സ്വന്തം തട്ടകത്തിൽ 2-1 ന് തോറ്റതിന് ശേഷം സ്പെയിൻ നടത്തിയ തിരിച്ചു വരവ് തന്നെയായിരുന്നു ഈ വിജയം.
ബാഴ്സലോണയുടെ സെർജിയോ ബുസ്ക്വെറ്റ്സ്, ഗവി, പെഡ്രി, ജോർഡി ആൽബ എന്നിവരെ ബെഞ്ചിലിരുത്തി സ്പെയിൻ മാനേജർ ലൂയിസ് എൻറിക് തന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഏഴ് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്.രണ്ടാം പകുതിയിൽ നാല് സബ്സ്റ്റിറ്റിയൂഷനുകൾ നടത്തിയതിന് ശേഷമാണ് സ്പെയിൻ ഉണർന്ന് 70 മിനിറ്റിന് ശേഷം മൊറാട്ടയിലൂടെ ആദ്യ ഷോട്ട് ഗോൾ ലക്ഷ്യമാക്കി അടിച്ചത്.
76-ാം മിനിറ്റിൽ അത്ലറ്റിക്കോ മാഡ്രിഡ് ഫോർവേഡ് ഏതാണ്ട് ഗോൾ നേടുന്നതിന്റെ അടുത്തെത്തി. എന്നാൽ ഡിയോഗോ കോസ്റ്റയുടെ സമർത്ഥമായ ഇടപെടൽ അത് നിഷേധിച്ചു. റൊണാൾഡോ സ്കോർ ചെയ്യാൻ കഠിനമായി ശ്രമിച്ചുവെങ്കിലും ഒന്നും ഫലപ്രദമായില്ല. തന്റെ പ്രതിഭയോട് നീതി പുലർത്തുന്ന ഒരു പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.