“കൊമ്പന്മാർ ഇടഞ്ഞു തന്നെ , ഹൈദരാബാദിനെ തകർത്ത് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്”

ഇന്ത്യൻ സൂപ്പർ ലീഗിൽ പത്താം അംഗത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം . ഗോവയിലെ തിലക് മൈതാനത്ത് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ സ്‌ട്രൈക്കർ വാസ്‌ക്കസ് നേടിയ ഗോളിൽ ഹൈദെരാബാദിനെയാണ് ബ്ലാസ്റ്റേഴ്‌സ് കീഴ്പെടുത്തിയത്. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 10 മത്സരങ്ങളിൽ നിന്നും 17 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.മുംബൈ സിറ്റിക്കും 17 പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ ഡിഫറൻസ് ബ്ലാസ്റ്റേഴ്സിനെ ഒന്നാമത് നിർത്തുന്നു. 16 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. അവസാന 9 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി അറിഞ്ഞിട്ടില്ല.

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചല്ല കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടാനെത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇരു ടീമുകളും ആക്രമണ ഫുട്ബോൾ ആണ് കാഴ്ചവെച്ചത്.ആദ്യ ഗോളവസരം ലഭിച്ചത് ഹൈദരാബാദിനായിരുന്നു . എസ്സ്ഹം മിനുട്ടിൽ ടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നത് 23ആം മിനുട്ടിൽ ആണ് വന്നത്. വലതു വിങ്ങിൽ നിന്ന് ഹോർമിപാം നൽകിയ ക്രോസ് ഡിയസ് ഒരു ഡൈവിങ് ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. പക്ഷെ കട്ടിമണിയുടെ ലോക നിലവാരമുള്ള സേവ് ഹൈദരബാദിനെ രക്ഷിച്ചു.തൊട്ടുപിന്നാലെ വാസ്ക്വസിന്‍റെ മുന്നേറ്റവും ഹൈദരാബാദ് പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായി.

37 ആം മിനുട്ടിൽ ആദ്യ ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചു.ലൂണയുടെ ക്രോസ് മനോഹരമായി സഹൽ നിയന്ത്രിച്ചു എങ്കിലും സഹൽ നൽകിയ പാസ് പൂടിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അവസാനം 43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു.സഹലിന്റെ ഹെഡ്ഡർ ക്രോസിൽ നിന്നും സ്‌ട്രൈക്കർ മികച്ചൊരു ഷോട്ടിലൂടെ ഹൈദരാബാദ് വല കുലുക്കി.ആദ്യ പകുതിയുടെ അവസാന മിനുട്ടിൽ ഹൈദരാബിദിന് ഒഗ്‌ബെച്ചെയിലൂടെ സമനില നേടാൻ അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

ഹൈദരാബാദ് മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത് . 49 ആം മിനുട്ടിൽ ഹൈദരാബാദ് ബോക്സിലേക്ക് വന്ന ക്രോസ്സ് ഗാർസിയയും ഒഗ്‌ബെച്ചെക്കും കണക്ട് ചെയ്യാൻ സാധിച്ചില്ല. 52 ആം മിനുട്ടിൽ വാസ്ക്വസ് എടുത്ത ഫ്രീകിക്ക് പുറത്തേക്ക് പോയി. ആദ്യ പകുതിയിൽ കണ്ട ഹൈദെരാബാദിനെയല്ല റാൻഡം പകുതിയിൽ കാണാൻ സാധിച്ചത്. വേഗതയിൽ ആക്രമിച്ചു കളിക്കുന്ന ഹൈദരാബാദ് സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. 65 ആം മിനുട്ടിൽ അൽവാരോ വാസ്‌ക്വസ് ഇടത് വശത്ത് ബുദ്ധിമുട്ടുള്ള ആംഗിളിൽ നിന്ന് തൊടുത്ത ഷോട്ട് പുറത്തേക്ക് പോയി.

79ആം മിനുട്ടിൽ സിവെറിയോയുടെ ഷോട്ട് ക്യാപ്റ്റൻ ജെസ്സൽ ഗോൾ ലൈനിൽ നിന്നാണ് ക്ലിയർ ചെയ്തത്. അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലേക്ക് ഊന്നി. കളി പരുക്കനാകുന്നതും കൂടുതൽ മഞ്ഞ കാർഡുകൾ പിറക്കുന്നതും കളിയുടെ അവസാന നിമിഷങ്ങളിൽ കണ്ടു. 97ആം മിനുട്ടിൽ വാസ്കസിന്റെ ഫ്രീകിക്ക് കട്ടിമണി കഷ്ടപ്പെട്ട് തടഞ്ഞത് കൊണ്ട് കേരളത്തിന് ലീഡ് ഇരട്ടിയാക്കാൻ ആയില്ല. എങ്കിലും അവസാനം വരെ പൊരുതി വിജയം ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയി.

Rate this post