ബയേണിനു കിരീടം നൽകാൻ അർഹിച്ച പെനാൽറ്റി നൽകാതെ റഫറി, വിവാദം കത്തുന്നു
ബൊറൂസിയ ഡോർട്മുണ്ടും ബൊഷുമും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ ഉണ്ടായ സംഭവത്തിന്റെ പേരിൽ വിവാദം പുകയുന്നു. മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി റഫറി അനുവദിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. രണ്ടു ടീമുകളും ഓരോ ഗോൾ നേടിയ ലീഗ് പോരാട്ടം സമനിലയിലാണ് അവസാനിച്ചത്.
മത്സരം ഒരു മണിക്കൂറോളം പിന്നിട്ടപ്പോൾ രണ്ടു ടീമുകളും ഓരോ ഗോളടിച്ച് നിൽക്കുകയായിരുന്നു. ഈ സമയത്താണ് ബൊറൂസിയ ഡോർട്മുണ്ട് താരം കരിം അദെയാമിയെ ബൊഷും താരം ബോക്‌സിൽ വീഴ്ത്തിയത്. എന്നാൽ മെയിൻ റഫറി അതനുവദിക്കാൻ തയ്യാറായില്ല. വീഡിയോ അസിസ്റ്റന്റ് റഫറിയോട് നിർദ്ദേശം ചോദിക്കാനും റഫറി തയ്യാറായില്ലെന്നതാണ് വിചിത്രമായ കാര്യം.
സംഭവം നടന്നപ്പോൾ തന്നെ ഡോർട്ട്മുണ്ട് ബെഞ്ചിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ചിലർക്ക് റഫറി മഞ്ഞക്കാർഡ് നൽകുകയും ചെയ്‌തു. മത്സരത്തിന് ശേഷം റഫറി തന്റെ പിഴവ് സമ്മതിച്ച് രംഗത്തു വന്നിരുന്നു. ജർമൻ ലീഗിലെ റഫറിയിങ് കമ്മിറ്റിയും അതൊരു പെനാൽറ്റിയാണെന്നും അത് അനുവദിക്കാതിരുന്നത് പിഴവാണെന്നും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തമാക്കിയിരുന്നു.
🚨🚨| BREAKING: The DFB referee committee on the foul yesterday from a Bochum player on Adeyemi:
— CentreGoals. (@centregoals) April 29, 2023
“That is a foul and therefore a penalty kick, as the TV pictures also prove."
This decision may end up costing Dortmund the title… pic.twitter.com/B21yHtDgAP
മത്സരത്തിന് ശേഷം ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകനും ചില താരങ്ങളും റഫറിക്കെതിരെ രൂക്ഷമായാണ് വിമർശനം നടത്തിയത്. ജർമൻ ലീഗിൽ കടുത്ത പോരാട്ടം നടന്നുകൊണ്ടിരിക്കെ ഇത്തരമൊരു പിഴവ് കാണിച്ച റഫറിയെ ഭീരുവെന്നാണ് സ്പോർട്ടിങ് ഡയറക്റ്റർ സെബാസ്റ്റ്യൻ കെഹ്ൽ വിളിച്ചത്. എന്തായാലും വിലപ്പെട്ട രണ്ടു പോയിന്റാണ് അതോടെ ഡോർട്ട്മുണ്ടിന് നഷ്ടമായത്.
How is this not a penalty for dortmund. Ref never even checked the monitor 🫣 pic.twitter.com/rq3ZuPbWnt
— Div 🇬🇧 (@DavidT1872) April 28, 2023
മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും മുപ്പതു മത്സരങ്ങളിൽ നിന്നും 61 പോയിന്റുമായി ഡോർട്ട്മുണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ട്. എന്നാൽ ഇരുപത്തിയൊമ്പതു മത്സരങ്ങളിൽ 59 പോയിന്റുള്ള ബയേൺ മ്യൂണിക്കിന് ഡോർട്ട്മുണ്ടിനെ മറികടക്കാൻ അവസരമുണ്ട്. 2012നു ശേഷം ആദ്യത്തെ കിരീടം സ്വന്തമാക്കാൻ ബൊറൂസിയ ഡോർട്ട്മുണ്ടിന് കഴിഞ്ഞില്ലെങ്കിൽ അതിനു കാരണം ഈ തീരുമാനം കൂടിയാകുമെന്നതിൽ സംശയമില്ല.