“കോപ്പ ഡൽ റെ , റയൽ മാഡ്രിഡ് അകത്ത് ബാഴ്സലോണ പുറത്ത് ; ആഴ്സണലിനെ കീഴടക്കി ലിവർപൂൾ കരബാവോ കപ്പ് ഫൈനലിൽ”
കോപ്പ ഡെൽ റേ പ്രീ ക്വാർട്ടറിൽ ബാഴ്‌സലോണയ്ക്ക് പരാജയം . ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ബിൽബാവോയാണ് ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്. നിശ്ചിതസമയം രണ്ടു ഗോളുകൾ വീതം നേടി സമനിലയായതിനെ തുടർന്ന് അധിക സമയത്തായിരുന്നു ബിൽബാവോയുടെ വിജയം. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ അത്ലറ്റികോ ബിൽബാവോ ലീഡ് നേടി.നിക്കോ വില്യംസ് നൽകിയ ക്രോസ്സ് മനോഹരമായി നിയന്ത്രിച്ച് ഇക്കർ മുനിയയിൻ എടുത്ത ഷോട്ട് ബാഴ്സ വലയിൽ കയറി.
മുൻ മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് താരം ഫെറാൻ ടോറസ്, ഏരിയയുടെ അരികിൽ നിന്ന് ഉജ്ജ്വലമായ വലംകാൽ സ്‌ട്രൈക്കിലൂടെ ബാഴ്‌സയ്‌ക്ക് സമനില നേടിക്കൊടുത്തു, ക്ലബ്ബിനായുള്ള ടോറസിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്.86 മിനിറ്റുകൾക്ക് ശേഷം ഇനിഗോ മാർട്ടിനെസ് അത്‌ലറ്റിക്കിനെ വീണ്ടും മുന്നിലെത്തിച്ചു .എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ബാഴ്സലോണ 86 ആം മിനുട്ടിൽ ഡാനി ആൽവ്സിന്റെ ബിൽഡ് അപ് പ്ലേയിൽ നിന്നും ഉജ്ജ്വലമായ ഷോട്ടിലൂടെ ഗോൾ കീപ്പർ ജുലെൻ അഗിറെസാബാലയെ കീഴടക്കി മത്സരം സമനിലയിലാക്കി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ നേടിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ 105 ആം മിനുട്ടിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച് മുനിയൻ അത്ലറ്റികോയെ വിജയത്തിലെത്തിച്ചു.
Highlights | #AthleticBarça pic.twitter.com/vAatch6bMi
— FC Barcelona (@FCBarcelona) January 21, 2022
റയൽ മാഡ്രിഡ്, റയൽ സോസിഡാഡ്, വലൻസിയ, റയൽ ബെറ്റിസ്, റയോ വല്ലക്കാനോ, മല്ലോർക്ക, കാഡിസ് എന്നിവർക്കൊപ്പമാണ് അത്‌ലറ്റിക് ക്വാർട്ടർ ഫൈനലിൽ എത്തിയത്. വെള്ളിയാഴ്ച നറുക്കെടുപ്പ് നടക്കും.ബാഴ്‌സലോണയുടെ നിരാശാജനകമായ കാമ്പെയ്‌ൻ തന്നെയായാണ് ഇത്. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി, കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ ആവർത്തനത്തിൽ അവർ ബിൽബാവോയോട് പരാജയപ്പെട്ടു.
മറ്റൊരു പ്രീ ക്വാർട്ടറിൽ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ എൽചെയെ കീഴടക്കി റയൽ മാഡ്രിഡ് ക്വാർട്ടറിൽ സ്ഥാനം പിടിച്ചു.കളിയുടെ ആദ്യ പകുതിയിൽ തന്നെ എൽചെയുടെ താരങ്ങൾ റയൽ മാഡ്രിഡ് പ്രതിരോധത്തിന് വിള്ളൽ വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. വിനീഷ്യസ് ജൂനിയർ നയിച്ച റയൽ മാഡ്രിഡ് അറ്റാക്കിനും ഗോൾ കണ്ടെത്താനായില്ല. നിശ്ചിത സമയത്തും ഗോൾ കണ്ടെത്താൻ സാധിക്കാത്തതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.കളിയുടെ എക്സ്ട്രാ ടൈമിലാണ് മൂന്ന് ഗോളുകളും പിറന്നത്.
102 ആം മിനുട്ടിൽ മാഴ്‌സെലോ ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെ റയൽ പത്തു പേരായി ചുരുങ്ങി തൊട്ടടുത്ത മിനുട്ടിൽ അവർ ഗോൾ വഴങ്ങുകയും ചെയ്തു.ഗോൺസാലോ വെർദു ആണ് എൽച്ചെയുടെ ഗോൾ നേടിയത്. അഞ്ചു മിനുട്ടിനു ശേഷം ഇസ്കോയിലൂടെ റയൽ മാഡ്രിഡ് സമനില പിടിച്ചു. 115 ആം മിനുട്ടിൽ ഹസാഡിലൂടെ വിജയവും നേടി.
ഇംഗ്ലീഷ് കരബാവോ കപ്പിന്റെ രണ്ടാം പാദ സെമിഫൈനലിൽ ആഴ്‌സനലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ലിവർപൂൾ ഫൈനലിൽ പ്രവേശിച്ചു. പോർച്ചുഗീസ് താരം ഡിയോഗോ ജോട്ടയുടെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു ലിവർപൂളിന്റെ ജയം.ഫെബ്രുവരി 27 ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലിൽ ലിവർപൂൾ ചെൽസിയെ നേരിടും.ആദ്യ പാദത്തിൽ ഇരുടീമുകളും ആൻഫീൽഡിൽ 0-0 ന് സമനിലയിൽ പിരിഞ്ഞിരുന്നു.ക്ലോപ്പ് നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ലിവർപൂളിനെതിരായ 16 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ ആണ് ആഴ്‌സണൽ വഴങ്ങിയത്. 19 ആം മിനുട്ടിലാണ് ജോട്ട ലിവർപൂളിന് വേണ്ടി ആദ്യ ഗോൾ നേടിയത്. 77 മിനിറ്റിൽ റാംസ്‌ഡെയ്‌ലിന് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് ഗോളാക്കി മാറ്റി ജോട്ട ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു. 90 ആം മിനുട്ടിൽ ആഴ്‌സണൽ താരം തോമസ് പാർട്ടിക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.