ഇറ്റാലിയൻ ലീഗിൽ ഗോളുകളുമായി മിന്നിത്തിളങ്ങി അർജന്റീന താരങ്ങൾ, ഡിബാലക്ക് ഇരട്ടഗോളുകൾ

ഇറ്റാലിയൻ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മിന്നുന്ന പ്രകടനവുമായി അർജന്റീന താരങ്ങൾ. അർജന്റീനയിലെ മൂന്നു പ്രധാന താരങ്ങൾ ഗോൾ കണ്ടെത്തിയപ്പോൾ അവർ കളിച്ച രണ്ടു ടീമുകളും മത്സരത്തിൽ വിജയം നേടി. റോമ താരമായ പൗളോ ഡിബാല, ഇന്റർ മിലാൻ താരങ്ങളായ ജൊവാക്വിൻ കൊറേയ, ലൗടാരോ മാർട്ടിനസ് എന്നിവരാണ് ഇന്നലെ നടന്ന മത്സരങ്ങളിൽ ഗോളുകൾ കണ്ടെത്തിയത്. യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായ റോമയിലേക്ക് ചേക്കേറിയ ഡിബാല ഇരട്ടഗോളുകൾ നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

സീരി എയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തിയ ടീമായ മോൺസാക്കെതിരെയാണ് ഡിബാല ഇരട്ടഗോളുകൾ നേടിയത്. പതിനെട്ടാം മിനുട്ടിൽ ടാമി അബ്രഹാം നൽകിയ അസിസ്റ്റിൽ ആദ്യത്തെ ഗോൾ നേടിയ ഡിബാല അതിനു ശേഷം മുപ്പത്തിരണ്ടാം മിനുട്ടിൽ ഒരിക്കൽ കൂടി വലകുലുക്കി. റോമയിലെത്തിയതിനു ശേഷം ദിബാല ആദ്യമായാണ് ലീഗിൽ ഗോൾ കണ്ടെത്തുന്നത്. റോജർ ഇബനീസ് കൂടി ഗോൾ നേടിയതോടെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയവും റോമ സ്വന്തമാക്കി. മത്സരം വിജയിച്ച മൗറീന്യോയുടെ ടീം ലീഗിൽ ഒന്നാം സ്ഥാനത്താണ്.

അതേസമയം ക്രേമോൺസിനെതിരെയായിരുന്നു ഇന്റർ മിലൻറെ മത്സരം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്റർ മിലാൻ വിജയം നേടിയ മത്സരത്തിൽ ടീമിനെ മുന്നിലെത്തിച്ച ഹോവാക്വിൻ കൊറേയയാണ്. മത്സരത്തിന്റെ പന്ത്രണ്ടാം മിനുട്ടിലായിരുന്നു അർജന്റീന താരത്തിന്റെ ഗോൾ പിറന്നത്. അതിനു ശേഷം മുപ്പത്തിയെട്ടാം മിനുട്ടിൽ നിക്കോളോ ബാരെല്ല ഇന്ററിനെ വീണ്ടും മുന്നിലെത്തിച്ചു. എഴുപത്തിയാറാം മിനുട്ടിലാണ് ലൗറ്റാരോയുടെ ഗോൾ പിറക്കുന്നത്. രണ്ടാം ഗോൾ നേടിയ നിക്കോളോ ബാരെല്ലയാണ് മാർട്ടിനസിന്റെ ഗോളിന് അസിസ്റ്റ് നൽകിയത്. ഡേവിഡ് ഒകേറിക്കെ ക്രേമോൺസിന്റെ ആശ്വാസഗോൾ കണ്ടെത്തി.

സീരി എയിൽ അർജന്റീന താരങ്ങൾ നടത്തുന്ന മികച്ച പ്രകടനം ലോകകപ്പ് ആരംഭിക്കാൻ മൂന്നു മാസത്തോളം മാത്രം ശേഷിക്കെ അർജന്റീന ഫാൻസിനു വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ കോപ്പ അമേരിക്ക നേടിയതിനു പുറമെ രണ്ടു വർഷത്തിൽ അധികമായി ഒരു മത്സരം പോലും തോൽക്കാതെ മുന്നോട്ടു കുതിക്കുന്ന അർജന്റീനയുടെ താരങ്ങളെല്ലാം യൂറോപ്പിലെ വിവിധ ലീഗുകളിലെ ക്ലബുകളുടെ പ്രധാന കളിക്കാരായി മാറിക്കഴിഞ്ഞു. താരങ്ങളുടെ ഫോം ഇതുപോലെ തുടരുകയാണെങ്കിൽ ലോകകിരീടത്തിനായി അവസാനം വരെ പൊരുതാൻ അർജന്റീനക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

Rate this post