❝യൂറോ കപ്പിൽ ഇത്തവണ കിരീടത്തിനായി പുതിയ അവകാശികൾ എത്തുമോ ?❞
യൂറോ കപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കമാവുകയാണ്. വമ്പൻ അട്ടിമറികൾ കണ്ട പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കിരീട പ്രതീക്ഷയുമായി എത്തിയ പല വമ്പന്മാരും പുറത്തായിരുന്നു. എന്നാൽ അപ്രതീക്ഷിത പ്രകടനവുമായി പല രാജ്യങ്ങളും ക്വാർട്ടറിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. പാരമ്പര്യ ഫുട്ബോൾ ശക്തികളായ സ്പെയിൻ ,ഇംഗ്ലണ്ട് , ഇറ്റലി എന്നിവക്ക് പുറമെ സ്വിറ്റ്‌സർലൻഡ് ,യുക്രൈൻ, ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്ക് ,ബെൽജിയവും അവസാന എട്ടിൽ സ്ഥാന പിടിച്ചു. ക്വാർട്ടറിൽ എത്തിയ എട്ടു ടീമുകളിൽ അഞ്ചു ടീമുകൾക്ക് ഇതുവരെ യൂറോ കിരീടം നേടാൻ സാധിച്ചിട്ടില്ല. സ്പെയിൻ മൂന്നും , ഇറ്റലിയും ഡെന്മാർക്കും ഓരോ കിരീടം നേടിയപ്പോൾ ഇംഗ്ലണ്ടും ബെൽജിയവും അടക്കമുള്ള ബാക്കി അഞ്ചു ടീമുകളും ആദ്യ കിരീടത്തിനായുള്ള പോരാട്ടത്തിലാണ്.
മൂന്നു തവണ കിരീടം നേടിയ സ്പെയിനാണ് ക്വാർട്ടറിൽ എത്തിയ ടീമുകളിൽ ഏറ്റവും മികച്ച റെക്കോർഡുള്ളത്. 1964 ൽ റഷ്യയെ തോൽപ്പിച്ച് ചാമ്പ്യന്മാരായ സ്പെയിൻ 2008 ൽ ജർമനിയെയും 2012 ൽ ഇറ്റലിയെയും പരാജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ടു. 1984 ൽ ഫൈനലിൽ എത്തിയെങ്കിലും മിഷേൽ പ്ലാറ്റീനിയുടെ ഫ്രാൻസിനോട് പരാജയപെട്ടു. കഴിഞ്ഞ തവണ ഗ്രൂപ് ഘട്ടത്തിൽ പുറത്തായ സ്പെയിൻ ഇത്തവണ കിരീടം നേടാൻ ഉറച്ചു തന്നെയാണ് എത്തിയിരിക്കുന്നത്.
ക്വാർട്ടറിൽ എത്തിയ ടീമുകളിൽ സ്പെയിൻ കഴിഞ്ഞ ഏറ്റവും മികച്ച റെക്കോർഡുള്ളത് ഇറ്റലിക്കാണ്. 1968 ൽ കിരീടം നേടിയ ഇറ്റലി 2000 ൽ ഫ്രാൻസിനോടും 2012 ൽ സ്പെയിനോടും ഫൈനലിൽ പരാജയപെട്ടു. 2016 ൽ ജര്മനിയോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ ക്വാർട്ടറിൽ ഇറ്റലി പുറത്താവുകയും ചെയ്തു. 1992 ൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് യൂറോ കിരീടം നേടിയ ടീമാണ് ഡെന്മാർക്ക്. 2016 ലെ യൂറോയിൽ യോഗ്യത നേടാൻ സാധിക്കാത്ത ഡെൻമാർക്ക് ഇത്തവണ മികച്ച പ്രകടനത്തിന്റെ അകമ്പടിയോടെയാണ് ക്വാർട്ടറിൽ സ്ഥാനം പിടിച്ചത്.
ഫുട്ബോൾ ലോകത്തെ വലിയ ശക്തി ആയിരുന്നിട്ടും ഒരിക്കൽ പോലും യൂറോകപ്പിന്റെ ഫൈനലിൽ പോലും എത്താൻ സാധികാത്ത രാജ്യമാണ് ഇംഗ്ലണ്ട്. 1996 ലെയും 1968 ലെയും സെമി പ്രവേശനമാണ് അവരുടെ മികച്ച പ്രകടനങ്ങൾ. 2016 ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇംഗ്ലണ്ട് ഇത്തവണ കിരീടം ഉറപ്പിച്ചു തന്നെയാണ് ഇറങ്ങുന്നത്. ഈ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കല്പിക്കപെടുന്ന ടീമുകളിൽ ഒന്നായ ബെൽജിയത്തിന്റെ ഏറ്റവും മികച്ച പ്രകടനം 1980 ൽ ഫൈനലിൽ എത്തിയതാണ്.
ചെക്കോ സ്ലോവാക്യ എന്ന പേരിൽ 1976 ചാമ്പ്യന്മാരും 1980 റണ്ണേഴ്‌സ് അപ്പുമായിരുന്ന അവർ ചെക്ക് റിപ്പബ്ലിക്ക് ആയതിനു ശേഷം 1996 ൽ ഫൈനലിൽ എത്തുകയും 2004 ൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. മൂന്നമത്തെ മാത്രാ യൂറോ കപ്പ് കളിക്കുന്ന ടീമാണ് യുക്രൈൻ . അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് ഈ യൂറോ കപ്പിലേത്. കഴിഞ്ഞ യൂറോയിൽ ഗ്രൂപ് ഘട്ടത്തിൽ പുറത്തായ സ്വിറ്റ്‌സർലൻഡ് അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് ഈ യൂറോയിൽ പുറത്തെടുത്തത്.
2021 ജൂലൈ 2 വെള്ളിയാഴ്ച:
ക്വാർട്ടർ ഫൈനൽ 1: സ്വിറ്റ്സർലൻഡ് vs സ്പെയിൻ; 9:30 PM റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ക്രെസ്റ്റോവ്സ്കി സ്റ്റേഡിയം.
ക്വാർട്ടർ-ഫൈനൽ 2: ബെൽജിയം vs ഇറ്റലി- 12:30 AM ജർമ്മനിയിലെ മ്യൂണിക്കിലെ അലയൻസ് അരീന.
2021 ജൂലൈ 3 ശനിയാഴ്ച:
ക്വാർട്ടർ-ഫൈനൽ 3: ചെക്ക് റിപ്പബ്ലിക് vs ഡെൻമാർക്ക്- രാത്രി 9:30 ന് അസർബൈജാനിലെ ബാകു ഒളിമ്പിക് സ്റ്റേഡിയം.
ക്വാർട്ടർ-ഫൈനൽ 4: ഉക്രെയ്ൻ vs ഇംഗ്ലണ്ട്- 12:30 AM ഇറ്റലിയിലെ റോമിലെ സ്റ്റേഡിയോ ഒളിംപിക് സ്റ്റേഡിയം .