റൊണാൾഡൊ ചെയ്തത് ഇഷ്ടമായില്ലെന്ന് പോർച്ചുഗൽ പരിശീലകൻ, താരം ആദ്യ ഇലവനിൽ നിന്നും പുറത്താകുമോ |Qatar 2022
സൗത്ത് കൊറിയക്കെതിരെ നടന്ന ഗ്രൂപ്പിലെ അവസാനത്തെ മത്സരത്തിൽ പകരക്കാരനെ ഇറക്കിയപ്പോൾ റൊണാൾഡോ നടത്തിയ പ്രതികരണം ഇഷ്ടമായില്ലെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. പോർച്ചുഗൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവി നേരിട്ട മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ചത്. ആന്ദ്രേ സിൽവ താരത്തിന് പകരക്കാരനായി ഇറങ്ങുകയും ചെയ്തു. മത്സരത്തിൽ ഒരു സുവർണാവസരം നഷ്ടമാക്കുകയും സൗത്ത് കൊറിയയുടെ ഒരു ഗോളിന് കാരണമാവുകയും ചെയ്ത റൊണാൾഡോ മോശം പ്രകടനമാണ് നടത്തിയത്.
ഈ ലോകകപ്പിൽ പെനാൽറ്റിയിലൂടെ ഒരു ഗോൾ മാത്രം നേടിയ റൊണാൾഡോ ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ല. സൗത്ത് കൊറിയക്കെതിരെ പിൻവലിച്ചതിൽ താരം അസ്വസ്ഥനായത് അതിന്റെ ഭാഗമായി കൂടിയാണ്. അതിനു ശേഷം മൈതാനത്തു നിന്നും വേഗം കയറിപ്പോകാൻ ഒരു സൗത്ത് കൊറിയൻ താരം പറഞ്ഞതിനെ തുടർന്ന് വായടച്ച് മിണ്ടാതിരിക്കാനുള്ള ആംഗ്യം റൊണാൾഡോ കാണിക്കുകയും ചെയ്തു. താരം പോർച്ചുഗീസ് പരിശീലകനു നേരെ വിമർശനം നടത്തിയെന്ന വാദങ്ങൾ പോർചുഗലിലെ മാധ്യമങ്ങൾ തന്നെ നടത്തിയെങ്കിലും സാന്റോസുമായി പ്രശ്നങ്ങളില്ലെന്നാണ് റൊണാൾഡോ പറഞ്ഞത്.
പകരക്കാരനെ ഇറക്കിയപ്പോൾ റൊണാൾഡോ നടത്തിയ പ്രതികരണം തനിക്ക് ഇഷ്ടമായില്ലെന്നു തന്നെയാണ് സാന്റോസ് പറഞ്ഞത്. താര ദൂരെയാണ് നിന്നിരുന്നത് എന്നതിനാൽ ഒരു സൗത്ത് കൊറിയൻ താരവുമായി തർക്കിക്കുന്നത് മാത്രമേ കേട്ടുള്ളൂവെന്നും തനിക്കെതിരെ എന്തെങ്കിലും പറഞ്ഞോയെന്ന കാര്യം അറിയില്ലെന്നും സാന്റോസ് പറഞ്ഞു. ആ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടോയെന്ന ചോദ്യത്തിന് കണ്ടുവെന്നു മറുപടി നൽകിയ പോർച്ചുഗീസ് പരിശീലകൻ റൊണാൾഡോ നടത്തിയ പ്രതികരണം തനിക്ക് ഇഷ്ടമായില്ലെന്നും അത്തരം കാര്യങ്ങൾ ടീമിനുള്ളിൽ തന്നെ പരിഹരിക്കുമെന്നും വ്യക്തമാക്കി.
Fernando Santos was deeply unimpressed with Cristiano Ronaldo’s behaviour as the forward left the pitch against South Korea and refused to guarantee that the 37-year-old would captain Portugal in the last-16 tie against Switzerland.
— Guardian sport (@guardian_sport) December 5, 2022
By @benfisherj https://t.co/iGkYZAvKZ4
റൊണാൾഡോയെക്കുറിച്ച് ഇത്തരമൊരു പരാമർശം പരിശീലകൻ നടത്തിയതോടെ താരം സ്വിറ്റ്സർലണ്ടിനെതിരെ നടക്കുന്ന പ്രീ ക്വാർട്ടറിൽ ആദ്യ ഇലവനിൽ ഉണ്ടാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. പോർച്ചുഗലിൽ നടന്ന ഒരു സർവേയിൽ എഴുപതു ശതമാനം ആളുകളും അടുത്ത മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കരുതെന്നാണ് ആവശ്യപ്പെട്ടത്. താരം ടീമിലില്ലാത്തപ്പോൾ കൂടുതൽ തീവ്രതയോടെ കളിക്കാൻ പോർച്ചുഗലിന് കഴിയുന്നുണ്ട്. എന്നാൽ നിർണായകമായ ഒരു മത്സരത്തിൽ റൊണാൾഡോയെ പുറത്തിരുത്തി വിവാദങ്ങൾ സൃഷ്ടിക്കാൻ സാന്റോസ് തയ്യാറാകുമോയെന്ന് ഉറപ്പില്ല.